24 November, 2016 05:11:52 PM


ഇനി ബാങ്കില്‍ പോയാലും നോട്ട് മാറ്റിക്കിട്ടില്ല ; നിക്ഷേപമായി മാത്രം സ്വീകരിക്കും



ദില്ലി: പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധത്തിനിടയിലും നോട്ടു പിന്‍വലിക്കല്‍ തീരുമാനം കൂടുതല്‍ കര്‍ശനമായി നടപ്പാക്കുന്ന നടപടികളുമായി കേന്ദ്രം മുന്നോട്ടു പോകുന്നു. പിന്‍വലിക്കപ്പെട്ട 500, 1000 നോട്ടുകള്‍ ബാങ്ക് കൗണ്ടറിലൂടെ മാറാനുള്ള സൗകര്യം ശനിയാഴ്ച മുതല്‍ ലഭ്യമായിരിക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അതേ സമയം കറണ്ട്, വെള്ളം തുടങ്ങിയ അടിസ്ഥാന യൂട്ടിലിറ്റി ബില്ലുകള്‍ ഡിസംബര്‍ 15 വരെ പഴയ നോട്ടുകളില്‍ തന്നെ സ്വീകരിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.



ഡിസംബര്‍ രണ്ടു വരെ ടോള്‍ ബൂത്തുകളില്‍ പണം നല്‍കേണ്ടതില്ല. അതേ സമയം ഡിസംബര്‍ മൂന്നു മുതല്‍ പതിനഞ്ച് വരെ പഴയ നോട്ടുകളില്‍ തന്നെ പണം അടയ്ക്കാനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കാന്‍ പക്ഷേ ആയിരത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കാന്‍ പറ്റില്ല. അഞ്ഞൂറ് രൂപ നോട്ടുകള്‍ മാത്രമേ ഇതിനും പറ്റുകയുള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍ ആയിരം രൂപ നോട്ടുകള്‍ ഇനി എവിടേയും ഉപയോഗിക്കാന്‍ പറ്റില്ല. ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ മാത്രമേ പറ്റൂ.



നേരത്തെ ഡിസംബര്‍ 30 വരെ ആണ് നോട്ടുകള്‍ മാറാന്‍ സമയം അനവദിച്ചിരുന്നത്. ആദ്യം 4,000 രൂപ മാറ്റി നല്‍കിയിരുന്നു. അത് പിന്നീട് 4,500 രൂപയാക്കി. ഒടുവില്‍ അത് 2,000 രൂപയായി കുറയ്ക്കുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ ഒരു മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചിരിക്കുന്നത്. നവംബര്‍ 24 ന് അര്‍ദ്ധരാത്രിയ്ക്ക് ശേഷം പണം മാറ്റി നല്‍കില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K