28 February, 2017 03:52:13 AM


ചൊവ്വാഴ്ച ബാങ്ക് ജീവനക്കാര്‍ പണിമുടക്കും




ദില്ലി: ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. യൂണിയന്‍ ഫോറം ഓഫ് ബാങ്ക് യൂണിയന് കീഴിലുള്ള പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും. 



ബാങ്ക് യൂണിയനുകളും ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും തമ്മിലുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ വന്ന സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ടു പോകുവാന്‍ തീരുമാനിച്ചതെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് അധികം ചെയ്ത ജോലികള്‍ക്ക് പ്രതിഫലം നല്‍കുക എന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്. കൂടുതല്‍ ജീവനക്കാരെയും ഓഫീസര്‍മാരെയും നിയമിക്കുക, ശമ്ബളപെന്‍ഷന്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുക, ബാങ്കിന്റെ പ്രവൃത്തി ദിവസം 5 ദിവസമാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളും സംഘടനകള്‍ ഉന്നയിച്ചിട്ടുണ്ട്.


ചൊവ്വാഴ്ച ജീവനക്കാര്‍ പണിമുടക്കുന്നതിനാല്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകള്‍ ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്. ചെക്ക് ക്ലിയറന്‍സില്‍ മാത്രം താമസമുണ്ടാകുമെന്ന് കരുതുന്ന സ്വകാര്യ മേഖലാ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, കൊടാക് മഹീന്ദ്ര എച്ച്‌ഡിഎഫ്സി, ആക്സിസ് ബാങ്കുകള്‍ സ്വാഭാവികമായി പ്രവര്‍ത്തിയ്ക്കുമെന്നാണ് വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K