27 August, 2019 01:13:30 PM


'വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നല്‍കുകയോ ഇല്ല' എന്ന അറിയിപ്പ് അനുവദിക്കില്ല




കൊച്ചി : വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വിറ്റുപോയ സാധനം തിരിച്ചെടുക്കുകയോ മാറ്റി നല്‍കുകയോ ചെയ്യില്ല, എന്ന അറിയിപ്പ് ഉപഭോക്തൃ വിരുദ്ധമെന്ന് ഹൈക്കോടതി. ഇത്തരം അറിയിപ്പുകള്‍ക്ക് എതിരെയുള്ള ഗവ.ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഹൈക്കോടതി തള്ളി. ഇടുക്കി ജില്ലാ കണ്‍സ്യൂമര്‍ വിജിലന്‍സ് ഫോറം പ്രസിഡന്റ് എം.എന്‍.മനോഹര്‍, സെക്രട്ടറി സെബാസ്റ്റിയന്‍ എബ്രഹാം എന്നിവര്‍ നടത്തിയ ഏഴുവര്‍ഷത്തെ നിയമപോരാട്ടമാണ് ഒടുവില്‍ വിജയം കണ്ടത്.


'വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നല്‍കുകയോ ചെയ്യില്ല' എന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കാന്റീനില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ക്കുള്ള ബില്ലില്‍ രേഖപ്പെടുത്തിയിരുന്നു. ഇത് ഗുണമേന്മയില്ലാത്ത ഉത്പന്നം മാറ്റി വാങ്ങാനുള്ള ഉപഭോക്താവിന്റെ അവകാശം ലംഘിക്കുന്നതാണെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ ഉപഭോക്തൃ വിജിലന്‍സ് ഫോറം എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഹര്‍ജി നല്‍കിയിരുന്നു.


കേസ് നടത്തിപ്പിനായി പരാതിക്കാരന് ചെലവായ 5000 രൂപ നല്‍കണമെന്ന വിജിലന്‍സ് ഫോറത്തിന്റെ വാദവും പരാതി പരിശോധിച്ച എറണാകുളം ഫോറം അംഗീകരിച്ചു. സിയാല്‍ ഇതിനെതിരെ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍, സംസ്ഥാന കമ്മീഷന്‍ അപ്പീല്‍ തള്ളുകയും കേസ് നടത്തിപ്പ് ചെലവ് പതിനായിരം രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സിയാല്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. ഈ റിട്ട് ഹര്‍ജിയും തള്ളിപ്പോയി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K