01 February, 2023 02:56:32 PM


റയിൽവെയ്ക്ക് 2.4 ലക്ഷം കോടി: കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ; ഗതാഗതമേഖലയ്ക്ക് 75000 കോടി



ന്യുഡൽഹി:  റെയിൽവെയ്ക്ക് ഏക്കാലത്തെയും ഉയർന്ന വിഹിതം മാറ്റി വച്ച് 2023-24 ലെ സമ്പൂർണ കേന്ദ്ര ബജറ്റ്. 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി നിര്‍മ്മലാ സീതരാമന്‍ ബജറ്റിൽ വ്യക്തമാക്കി. വകയിരുത്തിയത് 2013-14 ലേക്കാൾ പത്തിരട്ടി തുക. രാജ്യത്ത് കൂടുതൽ വന്ദേഭാരത് ട്രെയിനുകളും അനുവദിച്ചത‍ായി ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കി. ഗതാഗത മേഖലയ്ക്ക് 75000 കോടിയും നഗരവികസനത്തിന് 10,000 കോടി രൂപയും ബജറ്റിൽ അനുവദിച്ചു. 


മത്സ്യ രംഗത്തെ വികസനത്തിന് 6000 കോടി


മത്സ്യ രംഗത്തെ വികസനത്തിന് 6000 കോടി രൂപ നീക്കിവെക്കുമെന്ന് ധനമന്ത്രി. സഹകരണ സ്ഥാനങ്ങൾക്കായി ഡാറ്റാ ബേസ് സ്ഥാപിക്കും, 6000 കോടി രൂപയുടെ അനുബന്ധ പദ്ധതികൾ നടപ്പിലാക്കും. ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് 3 വർഷത്തേക്ക് 10,000 കോടി രൂപ മാറ്റി വയ്ക്കും. മൂന്ന് വർഷത്തിനുള്ളിൽ‌ ഈ പദ്ധതികൾ നടപ്പിലാക്കുമെന്നും  ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. 


157 നഴ്സിങ്ങ് കോളജുകൾ സ്ഥാപിക്കും


ആരോഗ്യമേഖലയുടെ വികസനത്തിന്‍റെ ഭാഗമായി നിലവിലെ 157 മെഡിക്കൽ കോളെജുകൾക്ക് അനുബന്ധമായി 157 നഴ്സിങ്ങ് കോളജുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ. 2047 ഓടെ പൂർണമായും അരിവാൾ രോഗം നിർമ്മാർജനം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി. പി.എം ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷം കൂടി തുടരുമെന്ന് ധനമന്തി നിർമല സീതാരാമന്‍. എല്ലാ അന്ത്യാദയ ഗുണഭോക്താക്കൾക്കും പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. ഇതിനായി വരുന്ന 2 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ വഹിക്കുമെന്നും നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. 


വനിതകൾക്കും പെൺകുട്ടികൾക്കും നിക്ഷേപ പദ്ധതി


വനിതകൾക്കും പെൺകുട്ടികൾക്കും പുതിയ നിക്ഷേപ പദ്ധതി ധനമന്ത്രി ബജറ്റിൽ അവതരിപ്പിച്ചു. ഇവർക്ക് സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റുവഴി 2 ലക്ഷം രൂപയുടെ നിക്ഷേപം വരെ നടത്താം. ഇതിന് 2 വർഷത്തേക്ക് 7.5% പലിശ ലഭിക്കുമെന്നും ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കി. 


ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് 900 കോടി


ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് 900 കോടി അനുവദിക്കും,ചെറുകിട സ്ഥാപനങ്ങൾക്ക് 1 % പലിശയാക്കി കുറയ്ക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു. കോസ്റ്റൽ ഷിപ്പിങ്ങ് പ്രോത്സാഹിപ്പിക്കും. സംസ്ഥാനങ്ങളുടെ പഴയ വാഹനങ്ങൾ മാറുന്നതിനും ആബുലൻസ് മാറ്റുന്നതിനും സഹായം അനുവദിക്കുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി. 


യുവാക്കള്‍ക്കും കുട്ടികള്‍ക്കുമായി നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. വിവിധ വിഷയങ്ങളിലായുള്ള പുസ്തകങ്ങളുടെ വിപുലമായ ശേഖം ഈ ലൈബ്രറിയിലൂടെ ലഭ്യമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K