05 December, 2019 06:37:54 PM


ഭൂഗര്‍ഭ മിസൈല്‍ നഗരങ്ങളിലെ ആസൂത്രിത നീക്കത്തിലൂടെ പശ്ചിമേഷ്യയില്‍ പ്രബലന്മാരായി മാറാന്‍ ഇറാന്‍റെ ഒരുക്കം



വാഷിങ്ടന്‍ : പശ്ചിമേഷ്യയില്‍ പ്രബല ശക്തിയായി മാറാന്‍ ഇറാന്‍ ഒരുക്കം നടത്തുന്നു. ഇതിനായി ഇറാനിലെ ഭൂഗര്‍ഭ മിസൈല്‍ നഗരങ്ങളില്‍ ഒളിപ്പോരിന് ആയുധങ്ങള്‍ സജ്ജമാക്കിയിരിക്കുകയാണെന്ന് യു.എസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്.
പശ്ചിമേഷ്യയില്‍ ആധിപത്യം സ്ഥാപിക്കാനും യുഎസ് സൈനിക വിന്യാസത്തിനു തടയിടാനും രഹസ്യ ആക്രമണത്തിന് ഇറാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടു ചെയ്യുന്നു. ഇറാഖില്‍ യുഎസ് സൈനികര്‍ വ്യാപകമായി തമ്പടിച്ചിരിക്കുന്ന മേഖലകളെ ലക്ഷ്യമാക്കി ബാലസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക ആയുധങ്ങള്‍ ഇറാന്‍ വിന്യസിക്കാന്‍ ആരംഭിച്ചതായി യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇറാന്‍റെ ഭൂഗര്‍ഭ 'മിസൈല്‍ നഗരങ്ങള്‍' അമേരിക്ക, ഇസ്രയേല്‍ ഉള്‍പ്പടെയുള്ള ശത്രു രാജ്യങ്ങള്‍ക്ക് എന്നും ഭീഷണിയാണ്. അത്യാധുനിക ശേഷിയുള്ള മിസൈലുകള്‍ വലിയ കോണ്‍ക്രീറ്റ് പാളികള്‍ ഉപയോഗിച്ച്‌ ഭൂമിക്കടിയില്‍ മറച്ചിരിക്കുകയാണ്. ആയുധങ്ങളുടെ വലിയൊരു ശേഖരം ഇറാന്റെ മണ്ണില്‍ ചിതറിക്കിടക്കുകയാണ്.

ശത്രുക്കള്‍ ആക്രമിച്ചാല്‍ പ്രത്യാക്രമണം നടത്താന്‍ സജ്ജമായിട്ടാണ് ഇതെല്ലാം വിന്യസിച്ചിരിക്കുന്നത്. രഹസ്യാക്രമണത്തിനായി സജ്ജമാക്കിയിരിക്കുന്ന ഇത്തരത്തിലുള്ള അത്യാധുനിക ശേഷിയുള്ള മിസൈലുകള്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതായി പെന്‍റഗണ്‍ അവകാശപ്പെട്ടു.

സൗദിയിലെ അരാംകോ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതിനും അടുത്തിടെ ഗള്‍ഫിലുണ്ടായ ദുരൂഹ ആക്രമങ്ങള്‍ക്കു പിന്നിലും ഇറാനാണെന്നു ചൂണ്ടിക്കാട്ടി പശ്ചിമേഷ്യയില്‍ സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ യുഎസ് തീരുമാനിച്ചതിനു പിന്നാലെയാണ് ഇറാന്‍റെ ഒളിപ്പോരെന്ന് യുഎസ് പറയുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K