24 January, 2020 09:26:16 PM


ആദ്യ പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം നേടി; പിന്നാലെ ഇന്ത്യന്‍ താരം മനീഷ് പാണ്ഡെയുടെ 'വ്യാജ ഫീല്‍ഡിങ്'



ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം നേടിയതിന് പിന്നാലെ ഇന്ത്യന്‍ താരം മനീഷ് പാണ്ഡെയുടെ 'വ്യാജ ഫീല്‍ഡിങ്' (Fake Fielding) ദൃശ്യങ്ങള്‍ പുറത്ത്. കയ്യില്‍ പന്തില്ലാതിരിക്കെ പന്തെറിയുന്നതുപോലെ മനീഷ് പാണ്ഡെ അഭിനയിക്കുകയായിരുന്നു. ന്യൂസീലന്‍ഡ് ഇന്നിങ്‌സിലെ 20-ാം ഓവറിലാണ് സംഭവം.


ഐസിസി നിയമമനുസരിച്ച് വ്യാജ ഫീല്‍ഡിങ് നിയമവിരുദ്ധമാണ്. ശ്രദ്ധയില്‍പ്പെട്ടാല്‍ ശിക്ഷയെന്ന നിലയില്‍ എതിര്‍ ടീമിന് അഞ്ചു റണ്‍സ് അനുവദിക്കണമെന്നാണ് ചട്ടം. എന്നാല്‍ പാണ്ഡെയുടെ നീക്കം അംപയര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടാതിരുന്നതിനാല്‍ ഇന്ത്യയ്ക്ക് അഞ്ച് റണ്‍സ് നഷ്ടമായില്ല. ജസ്പ്രീത് ബുമ്ര എറിഞ്ഞ 20-ാം ഓവറില്‍ റോസ് ടെയ്‌ലറും മിച്ചല്‍ സാന്റ്‌നറുമായിരുന്നു ക്രീസില്‍. ബുമ്രയെറിഞ്ഞ ഒരു പന്ത് റോസ് ടെയ്‌ലര്‍ പുള്‍ ചെയ്തു. മനീഷ് പാണ്ഡെ ഡീപ് മിഡ് വിക്കറ്റില്‍നിന്ന് ഓടിയെത്തിയെങ്കിലും പന്ത് കയ്യിലൊതുക്കാനായില്ല. ബാറ്റ്‌സ്മാന്‍മാര്‍ അടുത്ത റണ്ണിനു ശ്രമിക്കാതിരിക്കാന്‍ പന്തെറിയുന്നതുപോലെ അഭിനയിക്കുകയായിരുന്നു പാണ്ഡെ.


സമൂഹമാധ്യമങ്ങളിലൂടെയാണ് ഇപ്പോള്‍ ഈ വിഡിയോ പ്രചരിക്കുന്നത്. ഇത് ഐസിസിയുടെ ഫീല്‍ഡിങ് നിയമത്തിന് വിരുദ്ധമാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ആറ് വിക്കറ്റിനാണ് ന്യൂസിലന്‍ഡിനെതിരായ ആദ്യ മല്‍സരം ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ ഒരോവര്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ശ്രേയസ് അയ്യരുടെ ഉജ്ജ്വല ബാറ്റിങാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ശ്രേയസ് 29 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം 58 റണ്‍സെടുത്തു. വിജയത്തിലേക്ക് കടക്കുമ്‌ബോള്‍ ശ്രേയസിനൊപ്പം മനീഷ് പാണ്ഡെ 14 റണ്‍സുമായി ഒപ്പമുണ്ടായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K