13 April, 2020 05:35:47 PM


ഈസ്റ്റര്‍ ആഘോഷം: കിഴക്കേ കൂടല്ലൂരില്‍ തലയ്ക്കടിയേറ്റ യുവാവ് മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍



പാലാ : ഈസ്റ്റര്‍ ദിനത്തില്‍ മദ്യലഹരിയില്‍ തലയ്ക്കടിയേറ്റ യുവാവ് മരിച്ചു. കിഴക്കേ കൂടല്ലൂര്‍ വെള്ളാപ്പള്ളില്‍ ലൂയിസിന്‍റെ മകന്‍ ലിജോ (39) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് കിഴക്കേ കൂടല്ലൂര്‍ ചിലമ്പാട്ടുകുന്നേല്‍ ആന്‍ബിന്‍ തോമസിനെ (25) പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച രാത്രി 10 മണിയോടെ പഴയകൂടല്ലൂര്‍ ചന്തക്ക് സമീപമാണ് സംഭവം നടന്നത്.


ലിജോയും സുഹൃത്ത് ഗിരീഷും ഈസ്റ്റര്‍ ദിനത്തില്‍ ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിന് ശേഷം 10 മണിയോടെ ലിജോ തന്‍റെ ബൈക്കില്‍ ഗിരീഷിനെ വീട്ടില്‍ കൊണ്ടുപോയി വിട്ടു. ഗിരീഷിന്‍റെ വീടിന് മുന്നിലാണ് പ്രതി ആല്‍ബിന്‍റെ വീട്. ആല്‍ബിനും ലിജോയും തമ്മില്‍ മുമ്പ് തന്നെ വഴക്കും വൈരാഗ്യവുമുണ്ടായിരുന്നു. വീടിന് മുന്നിലെത്തിയ ലിജോ അങ്ങോട്ടുനോക്കി അസഭ്യം പറഞ്ഞു. ഇതിനെ ചോദ്യം ചെയ്ത് ആല്‍ബിന്‍റെ പിതാവ് വീടിന് പുറത്തേക്ക് വന്നതോടെ ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നു. ബഹളം കേട്ട് വീടിനകത്തു നിന്നും ആല്‍ബിനും പുറത്തേക്ക് വന്നു.



പ്രശ്‌നത്തില്‍ ഇടപെട്ട ആല്‍ബിനും ലിജോയും തമ്മില്‍ അസഭ്യവര്‍ഷവും തടര്‍ന്ന് കയ്യേറ്റവും നടന്നു. ഇതിനിടെ മുറ്റത്തുകിടന്ന വിറക് കമ്പിന് ആല്‍ബിന്‍ ലിജോയുടെ തലക്കടിച്ചു. അടിയേറ്റ് നിലത്തുവീണ ലിജോ കുറച്ചുനേരം ഇവിടെ കിടന്നു. അതിന് ശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ ലിജോ മദ്യലഹരിയില്‍ കിടന്നുറങ്ങുകയും ചെയ്തു. ഇതിനിടെ വാക്കേറ്റമുണ്ടായെന്നും അക്രമം നടത്തിയെന്നും കാണിച്ച് ആല്‍ബിന്‍റെ പിതാവ് ലിജോക്കെതിരെ കിടങ്ങൂര്‍ പോലീസില്‍ പരാതിപ്പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചു.


ഇതിന്‍റെ ഭാഗമായി ആല്‍ബിന്‍റെ വീട്ടിലും ലിജോയുടെ വീട്ടിലും പരിശോധനക്കെത്തിയതായി പറയുന്നു. രാവിലെ സ്റ്റേഷനില്‍ എത്തണമെന്ന് പോലീസ് പറഞ്ഞ വിവരം അറിയിക്കുന്നതിനായി ലിജോയെ ഭാര്യ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു. അനക്കമില്ലാതെ കിടന്ന ലിജോയെ ഉടനെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. ലിജോയുടെ ശരീരത്ത് മറ്റ് പരിക്കുകള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാക്കാനാവു എന്ന് പോലീസ് പറയുന്നു.


ലിജോയുടെ സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ കൂടല്ലൂര്‍ സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളിയില്‍. മാതാവ്‌: ലീല കൂടല്ലൂര്‍ നടുവിലേക്കരോട്ട്‌ കുടുംബാംഗം. ഭാര്യ: സോഫി പുന്നത്തുറ മത്തലക്കാട്ടില്‍ കുടുംബാംഗം. മക്കള്‍: എയ്‌ഞ്ചല്‍, ആന്‍ലിയ, അല്‍ന മരിയ. സഹോദരങ്ങള്‍: ലിജി, ലീന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K