09 May, 2020 11:15:41 PM


കൊറോണ പശ്ചാത്തലത്തില്‍ മലയാളികളുടെ കാതില്‍ പറന്നെത്തുന്നത് 'ടിന്‍റുമോളു'ടെ ശബ്ദം

- സുനില്‍ പാലാ



പാലാ: "കൊറോണാ വൈറസിനോട് ഇന്ന് ലോകമെങ്ങും പോരാടുകയാണ്... എന്നാൽ നമ്മുടെ പോരാട്ടം രോഗത്തോടാണ്, രോഗികളോടല്ല ...".

ലോക് ഡൗൺ കാലത്ത്  നേരിട്ട് കാണാൻ കഴിയാത്ത കാമുകിയെ ഒന്നുവിളിക്കാൻ വെമ്പി നിൽക്കുന്ന കാമുകനാകട്ടെ, അല്ലെങ്കിൽ സുഹൃത്തുക്കളെയോ ബന്ധുക്കളെയൊ മൊബൈലിൽ ഒന്നു വിളിക്കാൻ ശ്രമിച്ചവരാകട്ടെ എല്ലാവരുടെയും കാതുകളില്‍ പൊതുജനതാൽപര്യാർത്ഥം ഭാരത സർക്കാരിന്‍റെ വ്യത്യസ്ത സന്ദേശങ്ങളുമായി ടിന്‍റുമോളെത്തും. ''ടിൻറു മോളുടെ" സന്ദേശം കേട്ടിട്ടേ ആരോടായാലും വർത്തമാനം തുടങ്ങാൻ പറ്റുകയുള്ളൂ.


കഴിഞ്ഞ രണ്ടു മാസമായി കേരളത്തിൽ ആരെ വിളിച്ചാലും നമ്മൾ ആദ്യം കേൾക്കുന്ന ശബ്ദം  ഇപ്പോൾ ദില്ലിയിൽ സ്ഥിരതാമസമാക്കിയ ഈ പാലാക്കാരിയുടേതാണ്. മനോഹരമായ ശബ്ദത്തിൽ ഉച്ചാരണ ശുദ്ധിയോടെ പറക്കുന്ന ഈ സന്ദേശങ്ങൾക്കു പിന്നിൽ ഒരു പാലാക്കാരിയാണെന്ന കാര്യം രണ്ടു - മൂന്നു ദിവസങ്ങളേ ആയിട്ടുള്ളൂ പലരും അറിഞ്ഞു തുടങ്ങിയിട്ട്. ടിന്‍റുമോളുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍നിന്ന്.


ഹലോ.... ടിന്‍റുമോൾ ഇപ്പോൾ എവിടെയാണ്? പാലായിൽ എവിടെയാണു വീട്?


ഞാനിപ്പോൾ ദില്ലിയിൽ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലാണ്. ഇൻറർനാഷണൽ റിലേഷൻസിൽ പി.ജി. കഴിഞ്ഞ ശേഷം ഡാൻസ്, കളരിപ്പയറ്റ്, നാടകം എന്നിവയിൽ ഗവേഷണ താൽപ്പര്യത്തോടെ പ്രവർത്തിക്കുന്നു. പാലായിൽ മുണ്ടുപാലം തറപ്പേൽ കുടുംബാംഗമാണ്.അച്ഛൻ ടി.വി. ജോസഫ്, അമ്മ മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം കവലയ്ക്കടുത്ത് പൂവത്തുങ്കൽ ആലീസ്. ഒരു സഹോദരനുണ്ട്. ടിബിൻ ജോസഫ്. മസ്ക്കറ്റിലാണ്. എന്‍റെ വളരെ അടുത്ത ബന്ധു ജിജി ജോണി ഇപ്പോൾ പാലാ നഗരസഭാ കൗൺസിലറാണ്. 


അഞ്ചാം ക്ലാസ്സ് വരെ കണ്ണൂർ ഇരിട്ടിയിലും കേളകത്തുമായാണ് പഠിച്ചത്. പിന്നീട് കുടുംബം കർണ്ണാടകയിലെ സുള്ള്യയിലേക്ക് പോയി. തുടർന്നുള്ള പഠനം കർണ്ണാടകത്തിലായിരുന്നു. ചെറുപ്പത്തിൽ ഡാൻസിനും, അഭിനയത്തിനും പ്രസംഗത്തിനുമൊക്കെ ഒട്ടേറെ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. സിവിൽ സർവ്വീസ് മോഹവുമായാണ് ജെ.എൻ. യു. വിലേക്ക് വണ്ടി കയറിയത്. ദൗർഭാഗ്യവശാൽ സിവിൽ സർവ്വീസിലേക്ക് പോകാൻ കഴിഞ്ഞില്ല. 


എങ്ങനെയാണ് കോവിഡ് - 19  സന്ദേശത്തിന് ശബ്ദം കൊടുക്കാൻ ഇടയായത്..?


ദില്ലിയിൽ പഠനം തുടരവേ ചില അധ്യാപകർ മുഖേനയാണ് ആദ്യം പരസ്യങ്ങൾക്കായി ശബ്ദം കൊടുത്തു തുടങ്ങിയത്. ആദ്യമൊക്കെ ഒരു രസത്തിനു വേണ്ടി ചെയ്തു. ഇതൊരു വരുമാന മാർഗ്ഗമാണെന്നു തിരിച്ചറിഞ്ഞതോടെ കഴിഞ്ഞ രണ്ടര വർഷമായി പരസ്യശബ്ദ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു .


ദൂരദർശനിലെ പ്രധാനമന്ത്രി ഗ്രാമീൺ ആവാസ് യോജന പരിപാടിക്ക് ശബ്ദം കൊടുത്തത് വഴിത്തിരിവായി. പിന്നീട് കേന്ദ്ര സർക്കാരിന്‍റെ ഒട്ടേറെ മന്ത്രാലയങ്ങളുടെ പരസ്യങ്ങൾ ... കേരളത്തിലെ പൾസ് പോളിയോ അറിയിപ്പ്, സർവ്വ ശിക്ഷ അഭിയാൻ, തപാൽ ഇൻഷുറൻസ്, ജൻധൻ യോജന, ശുചിത്വ ഭാരത പദ്ധതി ... പ്രമുഖ കമ്പനികളുടെ  ഉൽപ്പന്നങ്ങൾക്കായുള്ള വാണിജ്യ പരസ്യങ്ങൾ ... ഇങ്ങനെ കളം നിറഞ്ഞ് നിൽക്കുമ്പോഴാണ് കോവിഡ് ബോധവൽക്കരണ സന്ദേശ ശബ്ദത്തിനായി വിളിക്കുന്നത്. ആകെ 22 ഭാഷകളിൽ എടുത്ത കോവിഡ് സന്ദേശത്തിന്  മലയാളത്തിൽ മൂന്നു വ്യത്യസ്ത ഭാഗങ്ങളിലായി ശബ്ദം കൊടുക്കേണ്ട ചുമതലയാണ് എനിക്ക് ലഭിച്ചത്.


ആളുകൾ ഏറ്റവും കൂടുതലായി ശ്രദ്ധിച്ചത് ടിന്‍റുമോളുടെ ഈ സന്ദേശശബ്ദമാകുമല്ലേ ?


തീർച്ചയായും, എന്നെ മലയാളികളായ ഒരു പാട് പേർ തിരിച്ചറിഞ്ഞത് ഈ സന്ദേശ ശബ്ദത്തിലൂടെയാണ്. റേഡിയോയ്ക്കോ ദൂരദർശനോ വേണ്ടിയാവും ഈ ശബ്ദം ഉപയോഗിക്കുക എന്നാണ് ഞാൻ ആദ്യം കരുതിയത്. ഒരു ദിവസം പാലായിലെ ഒരു ബന്ധുവിനെ വിളിച്ചപ്പോൾ കാതിൽ മുഴങ്ങിയത് എന്‍റെ ശബ്ദം. ശരിയ്ക്കും അത്ഭുതപ്പെട്ടു പോയി. എന്തായാലും രാജ്യത്തിനു വേണ്ടി എന്‍റെ ജന്മനാടിനു  വേണ്ടി ഇങ്ങനെയൊരു ശബ്ദ സന്ദേശം കൊടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ടിന്‍റുമോൾ പറഞ്ഞു നിർത്തി. 


കോവിഡ് 19 പടർന്നതിനേക്കാൾ അപ്പുറം വേഗത്തിൽ ഈ പാലാക്കാരിയുടെ ശബ്ദ സന്ദേശമാണ് കേരളീയരുടെ കാതുകൾ തോറും പരന്നത്. ഇപ്പോൾ കോവിഡിനെ നമ്മൾ ഒത്തു ചേർന്ന് ഒരു വിധം പിടിച്ചുകെട്ടിയെങ്കിലും ടിന്‍റുമോളുടെ ശബ്ദം ഇപ്പോഴും കാതോടു കാതോരം പറന്നു നടക്കുകയാണ്. എല്ലാവരിലും അറിവിന്‍റെ സന്ദേശവുമായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K