16 December, 2022 03:37:44 AM


സ്ത്രീകളെ അടുക്കളയിൽ നിന്ന് അരങ്ങത്ത് എത്തിച്ച മുന്നേറ്റം കുടുംബശ്രീ: മന്ത്രി എം.ബി. രാജേഷ്

കുടുംബശ്രീ ഉൽപന്നങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം സജ്ജമാക്കും; ദേശീയ സരസ് മേളയ്ക്കു തുടക്കം




കോട്ടയം: പുതിയ കാലഘട്ടത്തിന് അനുസരിച്ച് കുടുംബശ്രീ നവീകരിക്കപ്പെടണമെന്നും സ്ത്രീകളെ അടുക്കളയിൽനിന്ന് അരങ്ങിലേക്ക് എത്തിച്ച യഥാർഥ മുന്നേറ്റം കുടുംബശ്രീയാണെന്നും മന്ത്രി എം.ബി. രാജേഷ്. കോട്ടയം നാഗമ്പടം മൈതാനത്ത് കുടുംബശ്രീ ദേശീയ സരസ് മേള ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. 

കുടുംബശ്രീ ഉൽപന്നങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം സജ്ജമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. കാൽ നൂറ്റാണ്ടുകാലത്തെ പ്രവർത്തനത്തിലൂടെ ആർക്കും അവഗണിക്കാനാവാത്ത മാതൃകയായി കുടുംബശ്രീ മാറിയെന്നും മന്ത്രി പറഞ്ഞു. 46 ലക്ഷം അംഗങ്ങളുള്ള മറ്റൊരു സ്ത്രീകൂട്ടായ്മ എവിടെയെങ്കിലുമുണ്ടോ എന്നത് സംശയമാണ്. വിദ്യാസമ്പന്നരായ യുവാക്കൾ കൂടി കുടുംബശ്രീ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതോടെ വൈജ്ഞാനധിഷ്ഠിത സാമ്പത്തിക മേഖലയിലേക്കും കടക്കാൻ കുടുംബശ്രീക്ക് ആകും.

കുടുംബശ്രീ കെട്ടിപ്പടുത്ത ഏറ്റവും വലിയ ബ്രാൻഡ് വിശ്വസ്യതയാണ്. ബാങ്കുകൾ വായ്പ നൽകുന്നതു മുതൽ കുടുംബശ്രീ കഫേകളിൽ ആളുകൾ വിശ്വസിച്ചു ഭക്ഷണം കഴിക്കുന്നതുവരെ അതിന്റെ ഉദാഹരണമാണ്. കോഴിക്കോട് വിമാനത്താവളത്തിലും കൊച്ചി മെട്രോയിലും കുടുംബശ്രീയുടെ വിൽപനശാലകൾ തുറന്നു. കാൽനൂറ്റാണ്ടുകൊണ്ട് കുടുംബശ്രീക്ക് പറന്നുയരാൻ ചിറകുകൾ ലഭിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. കോട്ടയത്ത് മിനി ഇന്ത്യ ദർശിക്കാൻ സരസ് മേളയിലൂടെ സാധിക്കുമെന്നും ദേശീയതയെ ഉയർത്തിപ്പിടിക്കുന്ന മഹാസംരംഭമാണ് സരസ് മേളയെന്നും മന്ത്രി വാസവൻ പറഞ്ഞു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ വിഷയാവതരണം നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി,  കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, സബ് കളക്ടർ സഫ്ന നസറുദീൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ കോട്ടയം നഗരസഭാംഗം സിൻസി പാറേൽ, കുടുംബശ്രീ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, കോട്ടയം നഗരസഭ സിഡിഎസ് ചെയർപേഴ്സൺമാരായ അജിത ഗോപകുമാർ, പി.ജി ജ്യോതിമോൾ എന്നിവർ പ്രസംഗിച്ചു.

കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും നാഗമ്പടം മൈതാനത്തേക്കുള്ള വർണാഭമായ ഘോഷയാത്രയോടെയാണ് മേളയ്ക്കു തുടക്കം കുറിച്ചത്. തൃപൂർണ്ണ എറണാകുളം നയിച്ച തീം മ്യൂസിക് ആൻഡ് ഡാൻസ് പെർഫോമൻസ്, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്‌കൂൾ വിദ്യാർത്ഥിനി അർച്ചന അശോകൻ അവതരിപ്പിച്ച നൃത്തം, തൃശൂർ ആട്ടം കലാസമിതി നയിച്ച ഇൻസ്ട്രമെന്റൽ ഫ്യൂഷൻ സംഗീത വിരുന്ന് എന്നിവ അരങ്ങേറി.



ദേശീയ സരസ് മേള; ഘോഷയാത്രയിൽ 
വർണാഭമായി അക്ഷര നഗരി 

കോട്ടയം: കുടുംബശ്രീ ദേശീയ സരസ് മേളയോടനുബന്ധിച്ച് പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും നാഗമ്പടത്തേക്ക് സംഘടിപ്പിച്ച ഘോഷയാത്ര വർണാഭമായി. ശിങ്കാരിമേളം, പഞ്ചവാദ്യം, നാസിക് ഡോൾ, ബാന്റ്മേളം എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്രയ്ക്ക്  തെയ്യം, മയിലാട്ടം, ഗരുഡൻ, കൊട്ടക്കാവടി, ആട്ടക്കാവടി, തുടങ്ങിയ വർണപകിട്ടേറിയ കലാരൂപങ്ങൾ മാറ്റുകൂട്ടി.

ഘോഷയാത്രയിൽ പതിനായിരങ്ങൾ അണിനിരന്നു. ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ വിവിധ ബ്ലോക്കുകളിൽ നിന്നുള്ള സി.ഡി.എസ്, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ഘോഷയാത്രയുടെ ഭാഗമായി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതാ സംരംഭകരുടെയും സ്വയം സഹായ സംഘങ്ങളുടെയും ഉത്പന്നങ്ങളുടെ പ്രദർശന, വിപണനമാണ് മേള ലക്ഷ്യമിടുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷണ വൈവിധ്യങ്ങൾ, പ്രാദേശിക കരകൗശല വസ്ത്ര, ആഭരണ, ഉത്പന്നങ്ങൾക്കൊപ്പം പ്രമുഖ കലാകാരന്മാർ നയിക്കുന്ന കലാ സാംസ്‌കാരിക പരിപാടികളും, കാലിക പ്രസക്തമായ സെമിനാറുകളും മേളക്ക് പകിട്ടേകും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K