17 September, 2025 06:46:00 PM


സ്ത്രീപക്ഷ നവകേരളം പരിപാടിക്ക് നാളെ തുടക്കം

 

കോട്ടയം: ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി  വനിതാ ശിശു വികസന വകുപ്പുമായി ചേർന്ന് സ്ത്രീപക്ഷ നവകേരളം എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി നാളെ (സെപ്റ്റംബർ 18, വ്യാഴം) കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ആരംഭിക്കും. ലിംഗസമത്വ കാഴ്ച്ചപ്പാടിൽ അധിഷ്ഠിതമായ  നവകേരള സൃഷ്ടി ലക്ഷ്യമിടുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണിതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാനൽ ചർച്ചകൾ, കലാപരിപാടികൾ, വിവിധ വിഷയങ്ങളിൽ ക്ലാസുകൾ,ചർച്ചകൾ, സിനിമാ പ്രദർശനം തുടങ്ങിയവ 20 വരെയുള്ള ദിവസങ്ങളിൽ നടക്കും. ഇന്ന്(വ്യാഴം) രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പരിപാടി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് മുഖ്യപ്രഭാഷണം നടത്തും. സാമൂഹ്യ പ്രവർത്തക നിഷ ജോസ് കെ. മാണി വിശിഷ്ടാതിഥിയായി പങ്കെടുക്കും.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാർ, അംഗങ്ങൾ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ജനാധിപത്യ പ്രക്രിയയിൽ സ്ത്രീകളുടെ പങ്കാളിത്തം എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ മുൻ എംഎൽഎ ഇ.എസ് ബിജിമോൾ, കേരള വനം വികസന കോർപ്പറേഷൻ ചെയർ പേഴ്‌സൺ ലതിക സുഭാഷ്, കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ, ഡോ. പി.എം. ആരതി,  പ്രഫ. റോണി കെ. ബേബി,  എന്നിവർ സംസാരിക്കും. ബസേലിയോസ് കോളജ് വൈസ് പ്രിൻസിപ്പൽ പ്രഫ. പി. ജ്യോതിമോൾ മോഡറേറ്ററാകും.

ഉച്ചകഴിഞ്ഞ് രണ്ടിന് ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി32 മുതൽ 44 വരെ എന്ന സിനിമ പ്രദർശിപ്പിക്കും. തുടർന്നു നടക്കുന്ന പാനൽ ചർച്ചയിൽ ശീതൾ ശ്യാം, ഡോ. എ.കെ. അർച്ചന, അജീഷ് തോമസ് എന്നിവർ സംസാരിക്കും. മഴവില്ല് വനിതാ ഫിലിം സൊസൈറ്റി വൈസ് പ്രസിഡൻറ് ഏലിയാമ്മ കോര മോഡറേറ്ററാകും.  

നാളെ (സെപ്റ്റംബർ 19) രാവിലെ നടക്കുന്ന സമ്മേളനത്തിൽ സാമൂഹ്യ പ്രവർത്തക ദയാബായി മുഖ്യാതിഥിയായി പങ്കെടുക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ചേതൻകുമാർ മീണ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് സെക്രട്ടി പി.എസ്. ഷിനോ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. മാത്യു എന്നിവർ പങ്കെടുക്കും. ഗാർഹിക പീഡന അതിജീവിതകൾ അനുഭവം പങ്കുവയ്ക്കും. സന്നദ്ധ സംഘടനകളുടെ പ്രതിനിധികളായ മേഴ്‌സി അലക്‌സാണ്ടർ,  അഡ്വ. കെ.ജി. ധന്യ, അഡ്വ. എം.ജി. ജെയ്‌നിമോൾ, സിസ്റ്റർ ആൻ ജോസ്, എസ്. ജയലക്ഷ്മി എന്നിവർ പങ്കെടുക്കും. ജില്ലാ വനിതാ സംരക്ഷണ ഓഫീസർ വി.എസ്. ലൈജു മോഡറേറ്ററാകും.

ഉച്ചകഴിഞ്ഞ് രണ്ടിന് ഡിജിറ്റൽ മാർക്കറ്റിംഗിനെക്കുറിച്ച് രശ്മി ആർ. നാഥ് ക്ലാസെടുക്കും. തുടർന്ന് മാതംഗി സത്യമൂർത്തിയുടെ കർണാടക സംഗീത പരിപാടി.

ശനിയാഴ്ച്ച രാവിലെ പത്തിന് യോഗ ക്ലാസും ഡെമോൺസ്ട്രേഷനും നടക്കും. ജില്ലാ ആയൂർവേദ ആശുപത്രിയിലെ യോഗ പ്രോജക്ട് മെഡിക്കൽ ഓഫീസർ ഡോ. ടി.ആർ. ചാന്ദ്നി  നേതൃത്വം നൽകും. സ്ത്രീയും മാനസിക ആരോഗ്യവും എന്ന വിഷയത്തിലുള്ള ക്ലാസും ചർച്ചയും ഡോ. എം.കെ. അരുഷ്മ നയിക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം  ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം ചെയ്യും. മുൻ പ്രസിഡന്റ്്  കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, സ്ഥിരം സമിതി അധ്യക്ഷൻമാർ, അംഗങ്ങൾ തുടങ്ങിയവർ ആശംസയർപ്പിക്കും.
ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ വിതരണോദ്ഘാടനവും ചടങ്ങിൽ നടക്കും. സമാപന സമ്മേളനത്തിനുശേഷം കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, പി.എം. മാത്യു, ജില്ലാ വനിതാ-ശിശു വികസന ഓഫീസർ ടിജു റേച്ചൽ തോമസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 298