18 December, 2022 08:10:49 PM


തടിയിലും പഞ്ഞിയിലുമുള്ള പാവകളുടെ ലോകം തീർത്ത് സരസ് മേള



കോട്ടയം : തടിയിലും പഞ്ഞിയിലുമുള്ള കുഞ്ഞി കളിപ്പാട്ടങ്ങളുടെയും പാവകളുടെയും ലോകം തീർക്കുകയാണ് നാഗമ്പടം മൈതാനിയിലെ കുടുംബശ്രീ ദേശീയ സരസ് മേള. ആന്ധ്രാ പ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതാ സംരംഭക യൂണിറ്റുകൾ നിർമ്മിച്ച തടി പാവകളും പഞ്ഞി പാവകളും മിതമായ നിരക്കിൽ കുട്ടികൾക്ക് വാങ്ങി നൽകാം.

ആന്ധ്രാ പ്രദേശ് വെസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നും നൂറോളം വനിതകൾ ചേർന്നുള്ള സായിദുർഗാ വനിതാ ഗ്രൂപ്പിൽ നിന്നും പഞ്ഞി പാവകൾക്ക് കുട്ടികളുടെ പ്രിയം നേടിയെടുക്കാനായി. 50 മുതൽ 600 രൂപ വിവിധ നിരക്കുകളിൽ ലോഹ, തടി, പഞ്ഞി പാവകൾ ഇവിടെ ലഭിക്കും . കർണാടക ചെന്ന പട്ടണം നീലസാന്ദ്രയിൽ നിന്നും തടിയിൽ തീർത്ത പരമ്പരാഗത കളിപ്പാട്ടങ്ങൾ  കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ആകർഷിക്കുന്നുണ്ട്.

തടിയിൽ തീർത്ത പമ്പരം, കാറുകൾ, പാവകൾ എന്നിവ മുതൽ തടി കൊണ്ടുള്ള കാർ ഗെയിം , ബോൾ ഗെയിം എന്നിവ വരെ ലഭ്യമാണ്. 20 രൂപയുടെ തടി സ്പൂണുകളും ലോക്കറ്റുകളും മുതൽ 400 രൂപയുടെ കാർ ഗെയിമും , ബോൾ ഗെയിമും വരെ ലഭ്യമാണ്. പമ്പരം 30 രൂപയ്ക്കും 100 രൂപയ്ക്കും ലഭിക്കും.  സ്മൈലി കാർ 100 രൂപയ്ക്കും കൂടുതൽ വലിപ്പമുള്ള വിന്റേജ് ലുക്ക് കാറുകൾ 250 രൂപയ്ക്കും 350 രൂപയ്ക്കും ലഭിക്കും. രംഗോലി വരയ്ക്കാൻ വിവിധ ഡിസൈനിലുള്ള രംഗോലി പ്ലേറ്റ് 30 രൂപയ്ക്കും  രംഗോലി ബോക്സ് 15 രൂപയ്ക്കും ലഭിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K