08 March, 2023 10:22:39 PM
തൊഴിൽ പരിശീലനത്തിലൂടെ സ്ത്രീ ശാക്തീകരണവുമായി ഏറ്റുമാനൂര്‍ നഗരസഭ

ഏറ്റുമാനൂർ: ജില്ലയിൽ ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ജോലിയുറപ്പുള്ള എന്‍എസ്ഡിസി സർട്ടിഫിക്കറ്റോടു കൂടിയ തൊഴിൽ പരിശീലനത്തിന് അന്താരാഷ്ട്ര വനിത ദിനത്തിൽ തുടക്കം. ഏറ്റുമാനൂർ നഗരസഭയിലെ 16 യുവതികൾക്കായുള്ള 3 മാസത്തെ ബ്യൂട്ടീഷ്യൻ പരിശീലനം ഏറ്റുമാനൂർ എസ്എംഎസ് കോളേജിൽ ആരംഭിച്ചു.
പരിശീലനത്തിന്‍റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ് പടികര നിർവ്വഹിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മുഖ്യലക്ഷ്യമായ സംരംഭ വികസനത്തിനും തൊഴിൽ സൃഷ്ഠിക്കും ഉത്തമ ഉദാഹരണമാണ് ഈ കോഴ്സെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു മുഖ്യപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.
സാമ്പത്തിക സ്വാതന്ത്ര്യമുള്ള ചിത്രശലഭങ്ങളായി വിദ്യാർത്ഥിനികൾ മാറട്ടെയന്ന് സംരംഭക കൂടിയായ എസ്എംഎസ് കോളേജ് പ്രിൻസിപ്പാള്‍ സൂര്യ പ്രദോഷ് ആശംസിച്ചു. കൗൺസിൽ അംഗങ്ങളായ അജിത ഷാജി, പ്രിയ സജീവ്, രാധിക രമേശ്, വി എസ് വിശ്വനാഥൻ, ടോമി കുരുവിള, തങ്കച്ചൻ കോണിക്കൽ, നഗരസഭ പ്ലാൻ കോ-ഓർഡിനേറ്റർ എബിൻ, എം ജി എൻ ഫെല്ലൊ വിഷ്ണു ഭാസ്കർ, ശ്രീജിത്ത്. കെ, കുടുംബശ്രീ ചെയർ പേഴ്സൺ അമ്പിളി ബേബി എന്നിവർ പ്രസംഗിച്ചു.




