16 December, 2022 08:26:34 PM


'ഹോട്ട്' ആണ് ഈ വനസുന്ദരി: സരസിൽ അട്ടപ്പാടിയുടെ രുചിയൊരുക്കി സ്റ്റാൾ



കോട്ടയം: പച്ചക്കുരുമുളകിൽ കാന്താരിയും കറിവേപ്പിലയും പുതിനയിലയും മല്ലിയിലയും ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും അരച്ചുചേർത്ത് മെയ്യിൽ തേച്ചുപിടിക്കുമ്പോഴേ ചിക്കൻ 'ഹോട്ടാണ്'. അതിനുമേൽ അട്ടപ്പാടിക്കാരുടെ സ്വന്തം കോഴിജീരകംകൂടി അരച്ചുചേർത്ത് അൽപം പോലും എണ്ണചേർക്കാതെ ചുട്ടെടുക്കുമ്പോൾ 'വനസുന്ദരി' നാവിൽ പൊട്ടിത്തെറിക്കും. നാഗമ്പടം മൈതാനത്ത് നടക്കുന്ന കുടുംബശ്രീ ദേശീയ 'സരസ് ' മേളയിലെ പ്രധാനതാരമാണ് അട്ടപ്പാടിയിലെ ഈ 'വനസുന്ദരി' ചിക്കൻ വിഭവം.

കോട്ടയത്തിന് വനമേഖലയിലെ രുചിക്കൂട്ടുകൾ ആസ്വദിക്കാനുള്ള വേദിയായി മാറുകയാണ് സരസ് മേളയിലെ അട്ടപ്പാടിയിൽ നിന്നുള്ള ഈ സ്റ്റാൾ. അട്ടപ്പാടി വനമേഖലയിൽനിന്ന് ലഭിക്കുന്ന കോഴിജീരകത്തിന്റെ ഇലയാണ് കൂട്ടിലെ രഹസ്യചേരുവ. ഇലകളും കുരുമുളകും കാന്താരിയും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തരച്ച കൂട്ടിലേക്ക് രണ്ട് മണിക്കൂർ കോഴിയിറച്ച് ഇട്ട് വയ്ക്കുകയാണ് വനസുന്ദരിയുടെ ആദ്യപടി. അതിന് ശേഷം എണ്ണയില്ലാതെ തവയിൽ മൊരിച്ചെടുത്ത് ചിക്കിയെടുത്താണ് ഈ സുന്ദരി തീൻമേശയിലെത്തുന്നത്. ഒപ്പം രണ്ട് ദോശയും ചമ്മന്തിയും സാലഡും ചേർത്താണ് വിളമ്പുന്നത്. 160 രൂപയാണ് ഒരു പ്ലേറ്റിന്റെ വില.

അട്ടപ്പാടിയിൽനിന്നുള്ള സിന്ദൂരം, ലക്ഷ്മി, ശിവശക്തി കൃഷ്ണ, ശ്രീദേവി എന്നീ കുടുംബശ്രീകളിലെ കമല അഭയകുമാർ, ഗ്രേസി, വിധികി മുരുകൻ, കരിമി സേർളി, സെല്ലി രാമൻ എന്നിവരാണ് സരസ് മേളയിൽ അട്ടപ്പാടിയുടെ വിഭവങ്ങൾ പരിചയപ്പെടുത്താൻ എത്തിയിട്ടുള്ളത്.

പുട്ടു പോലെ അകത്താക്കാം; ചെമ്മീനും ചിക്കനും ബീഫും 


കോട്ടയം: പുട്ടിന് പീരപോലെ എന്നു പറഞ്ഞാൽ തേങ്ങയായിരുന്നത് പഴങ്കഥയാണ്. ഇപ്പോൾ ചിക്കനും ബീഫും ചെമ്മീനും അടക്കം 'നോൺ' പീരയാണ് പുട്ടിന് പ്രിയം. സരസ് ദേശീയ മേളയിലെത്തുന്നവർക്ക് 'വെറൈറ്റി' പുട്ടുകളുടെ വിരുന്നൊരുക്കുകയാണ് എറണാകുളം ജില്ലാ കുടുംബശ്രീ മിഷന് കീഴിലുള്ള പ്രിയദർശിനി, ആരാധന എന്നീ കുടുംബശ്രീകൾ ചേർന്നൊരുക്കുന്ന സ്റ്റാൾ.

ചിക്കൻ പുട്ടിനൊപ്പം ചിക്കൻ കറിയും പപ്പടവും ബീഫ് പുട്ടിനൊപ്പം ബീഫും പപ്പടവും ചെമ്മീൻ പുട്ടിനൊപ്പം  പപ്പടവും ലഭിക്കും. 'എക്‌സ്ട്രാ ഫിറ്റിങ്‌സ്' ഉള്ള പുട്ട് വേണ്ടെങ്കിൽ സാദാ പുട്ടും വെജിറ്റബിൾ കറിയും പപ്പടവും സ്റ്റാളിൽ കിട്ടും. ചിക്കൻപുട്ട്, ബീഫ് പുട്ട്, ചെമ്മീൻ പുട്ട്, 150, 180, 150 എന്നിങ്ങനെയാണ് വില. മസാല രുചിയുള്ള പുട്ടുകൾ മാത്രമല്ല കള്ളപ്പവും ബീഫും പാൽക്കപ്പയും മീൻ കറിയും സ്റ്റാളിൽ കിട്ടും. തേങ്ങാപ്പാലിൽ തയാറാക്കുന്ന കപ്പയ്ക്ക് കൂട്ട് കേരമീൻ കറിയാണ്.

ചൂടൻ വിഭവങ്ങൾ നാവിനെ എരിപൊരി കൊളളിച്ചാൽ മധുരം പകരാൻ പായസവുമുണ്ട് ഇവിടെ. പാലട പായസത്തിനൊപ്പം വ്യത്യസ്തമായ പഞ്ചനക്ഷത്ര പായസവുമുണ്ട്. പഴങ്ങൾ, പഞ്ചസാര, ശർക്കര എന്നിവ ചേർത്താണ് പഞ്ചനക്ഷത്രം സ്റ്റാർ പ്രദർശിപ്പിച്ചത്. വടക്കൻ പറവൂരിലെ പ്രിയദർശിനി, ആരാധന കുടുംബശ്രീകളിലെ സൗമ്യ രാജേഷ്, സിൻഷ മെന്റർമാരായ വനിത, ജി.കെ വിഷ്ണു എന്നിവരാണ് എറണാകുളം സ്റ്റാളിന് ചുക്കാൻ പിടിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K