20 December, 2022 05:32:50 AM


സരസിലെ അനുഭവങ്ങൾ പങ്കുവെച്ച് ട്രാൻസ്ജെൻഡർ സംരംഭക അമൃതയും സുഹൃത്തുക്കളും



കോട്ടയം: കുടുംബശ്രീ ദേശീയ സരസ് മേളയുടെ ഭാഗമാകാൻ പറ്റിയതിന്റെ സന്തോഷവും അനുഭവങ്ങളും പങ്കു വെക്കുകയാണ് ട്രാൻസ്‌ജെൻഡർ യുവതിയായ എറണാകുളം കോതമംഗലം സ്വദേശി അമൃത. കുടുംബശ്രീ സംരംഭമായ 'ലക്ഷ്യ' എന്ന ജ്യൂസ് കടയുമായാണ് അമൃതയും സുഹൃത്തുക്കളായ അനാമികയും, മിഥുനും സരസ് മേളയ്ക്ക് എത്തിയത്. മുമ്പ്് ജ്യൂസ് കടയിൽ ജോലി ചെയ്തിട്ടുണ്ടെങ്കിലും 2017ൽ എറണാകുളം ജില്ലയിൽനിന്നും ലക്ഷ്യ എന്ന കുടുംബശ്രീ യൂണിറ്റിന്റെ ഭാഗമായതോടെയാണ് അമൃത സംരംഭക എന്ന നിലയിലേക്ക് ഉയർന്നത്.

എറണാകുളം കളക്‌ട്രേറ്റിലാണ് സംരംഭം ആദ്യം അവതരിപ്പിച്ചത്. പിന്നീട് മേളകൾ കേന്ദ്രീകരിച്ച് ബിസിനസ് മുന്നോട്ട് കൊണ്ടുപോയി. കൂടുതലും കുടുംബശ്രീ മേളകളിലാണ് അമൃത തന്റെ സംരംഭം അവതരിപ്പിച്ചിട്ടുള്ളത്. ഡൽഹി, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലും കുടുംബശ്രീയുടെ ഭാഗമായുള്ള മേളകളിലെ നിറസാന്നിധ്യമായിരുന്നു അമൃതയും കൂട്ടരും. അമൃത ഭാഗമാകുന്ന സരസിന്റെ ആറാമത്തെ മേളയാണ് നാഗമ്പടത്തേത്.

തണ്ണിമത്തൻ, ഓറഞ്ച്, പൈനാപ്പിൾ, മുന്തിരി, ക്യാരറ്റ്, പപ്പായ, മുസംബി, പി ത്രീ, എബിസി, ഒഎംജി തുടങ്ങിയ വ്യത്യസ്തജ്യൂസുകളും ഫ്രെഷ് ലൈം, കുലുക്കി സർബത്ത്, സോഡ സർബത്ത്, നന്നാറി സർബത്ത് തുടങ്ങിയ സർബത്തുകളും, ഷാർജ, മിൽക്ക്, മിന്നൽ, ചോക്ലേറ്റ് ഓറിയോ തുടങ്ങിയ പതിനൊന്നോളം വ്യത്യസ്തമായ ഷെയ്ക്കുകളും അമൃതയുടെ സ്റ്റാളിലുണ്ട്. തിരുവനന്തപുരത്തുനിന്ന്  കസ്റ്റമേഴ്സ് ഡീലിങ് ട്രെയിനിങ്ങും അമൃത നേടിയിട്ടുണ്ട്. ലിംഗവേർതിരിവുകളില്ലാതെ എല്ലാവരും ഒരു കുടക്കീഴിലാണെന്നതാണ് മേളയിലെ കച്ചവടത്തേക്കാൾ ഇഷ്ടപ്പെടുന്ന കാര്യമെന്നും അമൃത പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K