18 December, 2022 08:13:33 PM


സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം: കുടുംബശ്രീയുടെ പ്രവർത്തനം മാതൃക - ഡോ.എൻ. ജയരാജ്



കോട്ടയം: സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാക്കിക്കൊടുക്കാൻ കുടുംബശ്രീ നടത്തിയ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് . കുടുംബശ്രീ സരസ് മേളയുടെ ഭാഗമായി നടത്തിയ പട്ടികവർഗ ആനിമേറ്റർമാരുടെ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  കുടുംബശ്രീ ആനിമേറ്റർമാർ സ്വന്തം സമൂഹത്തിന് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളെ ചീഫ് വിപ്പ് പ്രശംസിച്ചു. ആനിമേറ്റർമാരുടെ വിവിധ ആവശ്യങ്ങൾ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുടുംബശ്രീ ജില്ലാ കോ- ഓർഡിനേറ്റർ അഭിലാഷ് ദിവാകർ, സ്റ്റേറ്റ് ട്രൈബൽ പ്രോഗ്രാം മാനേജർ പ്രഭാകരൻ മേലത്ത്, കുടുംബശ്രീ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ പ്രകാശ് പി.നായർ, അരുൺ പ്രഭാകർ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി പട്ടിക വർഗ്ഗക്കാർക്കായുള്ള ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാൻ അതത് വിഭാഗങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടവരാണ് പട്ടിക വർഗആനിമേറ്റർമാർ. കേരളത്തിലുടനീളമുള്ള 300 ആനിമേറ്റർമാർ സംഗമത്തിൽ പങ്കെടുത്തു. തുടർന്ന് മറയൂർ മലപുലയ സംഘത്തിന്റെ മലപ്പുലയാട്ടും അരങ്ങേറി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K