27 May, 2020 06:39:20 PM


'രാത്രിയാകുന്നു; ആപ്പ് എവിടെ?' - അക്ഷമരായി മലയാളികള്‍; എട്ട് മണിക്ക് എത്തുമെന്ന് കമ്പനി



കോട്ടയം: ഏഴ് മണിയായിട്ടും ബേവ്ക്യൂ ആപ് പ്ലേ സ്റ്റോറിലില്ല. മദ്യ വിൽപനക്കുള്ള ടോക്കൺ ലഭ്യമാക്കാൻ തയാറാക്കിയ ആപ്ലിക്കേഷൻ അഞ്ച് മണിക്കെത്തുമെന്നായിരുന്നു നിർമാതാക്കളുടെ അറിയിപ്പ്. ആപ്ലിക്കേഷന്‍റെ പ്രവർത്തനത്തെക്കുറിച്ച് വൈകുന്നേരം 6.30 മുതൽ അറിയാമെന്നും കമ്പനി പറഞ്ഞിരുന്നു. അൽപസമയത്തിനുള്ളിൽ ബെവ്ക്യൂ ആപ്പ് പ്രവർത്തന സജ്ജമാകുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു. 


ബവ്ക്യൂ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള പ്ലേ സ്റ്റോർ ലിങ്ക് ഇന്നു രാത്രി എട്ടുമണിക്കുള്ളിൽ ലഭ്യമാകുമെന്ന് ഫെയർകോഡ് ടെക്നോളജീസ് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. സർക്കാരിൽ നിന്നുള്ള നിർദേശപ്രകാരം നാളെ രാവിലെ ആറുമണിക്കുള്ളിൽ ആപ് ജനങ്ങൾക്ക് ലഭ്യമാക്കിയാൽ മതിയാകും. എന്നിരുന്നാലും അവസാന വിലയിരുത്തലുകൾക്കു ശേഷം ഉടൻ തന്നെ ആപ് പ്ലേസ്റ്റോറിൽ ലഭ്യമാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.


നാളെ രാവിലെ ഒൻപത് മണി മുതൽ മദ്യം ലഭിച്ച് തുടങ്ങും. വൈകിട്ട് അഞ്ച് മണി വരെയാണ് വിൽപന. ഒരു സമയം അഞ്ച് പേർക്കായിരിക്കും മദ്യം നൽകുക. ആരോഗ്യവകുപ്പിന്‍റെ നിർദേശങ്ങൾ പാലിച്ചായിരിക്കണം മദ്യം വാങ്ങാൻ എത്തേണ്ടത്. മദ്യം വിതരണം ചെയ്യുന്നവർക്ക് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കും. ഔട്ട്ലെറ്റുകൾക്ക് മുന്നിൽ സോപ്പും വെള്ളവും ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.


ഔട്ട്ലെറ്റുകളിൽ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആപ്പ് വികസിപ്പിച്ചത്. കഴിയാവുന്ന വേഗത്തിൽ നടപ്പാക്കാനാണ് ശ്രമിച്ചത്. ആപ്പിന് വേണ്ടി ഐടി മിഷൻ, സിഡിറ്റ്, സ്റ്റാർട്ടഫ് മിഷൻ അംഗങ്ങൾ ഒരുമിച്ചു. കേരളത്തിലെ സ്റ്റാർട്ട് അപ്പ് മിഷനെ പരമാവധി പ്രോത്സാഹിപ്പിക്കാനാണ് ശ്രമിച്ചത്. വിദഗ്ധ സമിതിയാണ് ഫെയർകോഡിനെ തെരഞ്ഞെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K