19 December, 2025 04:20:08 PM


ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കും- ഭാഗ്യലക്ഷ്മിക്ക് ഭീഷണി



തിരുവനന്തപുരം: ഇനിയും ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന ഭീഷണി കോൾ ലഭിച്ചുവെന്ന് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. വിളിച്ച ആളുടെ മൊബൈൽ നമ്പർ സഹിതം നടി പോലീസിൽ പരാതി നൽകി. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷമുള്ള ശക്തമായ നിലപാടുകളുടെ പേരിലാണ് ഭീഷണിയെന്ന് പരാതിയിൽ പറയുന്നു.

ഇനിയും നീ ദിലീപിനെതിരെ പറഞ്ഞാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നായിരുന്നു ഭീഷണി. കേട്ടാൽ അറയ്ക്കുന്ന അസഭ്യം വിളിച്ചെന്നും ഭാഗ്യലക്ഷ്മി പരാതിയിൽ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ തന്നെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ഭാഗ്യലക്ഷ്മി. ദിലിപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വന്നതിന് പിന്നാലെയും തന്റെ വിമര്‍ശനം ശക്തമായ ഭാഷയില്‍ തന്നെ അവര്‍ രേഖപ്പെടുത്തി. 'വിധിയില്‍ ഒട്ടും ഞെട്ടലില്ല. ഇത് മുന്‍പേ എഴുതിവെച്ച വിധിയാണെന്ന് താന്‍ നാല് വര്‍ഷം മുന്‍പ് പറഞ്ഞിട്ടുണ്ട്' എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

ദിലീപിനെ തിരിച്ചെടുക്കാൻ ഒരുങ്ങുന്നുവെന്ന് ആരോപിച്ച് ഫെഫ്കയിൽ നിന്നും ഭാഗ്യലക്ഷ്മി രാജിവെച്ചിരുന്നു. ഫെഫ്കയുടെ രൂപീകരണ കാലം മുതല്‍ സംഘടയനയുടെ നേതൃനിരയിലുണ്ടായിരുന്ന ഭാഗ്യലക്ഷ്മി നിലവില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്. കോടതി വിധി വന്നതിന് പിന്നാലെയായിരുന്നു ദിലീപിനെ സംഘടനയിലേക്ക് തിരികെ കൊണ്ടുവരുമെന്ന നിലപാട് നേതൃത്വം വ്യക്തമാക്കിയത്.

''അതിജീവിതയുടെ പുതിയ സിനിമയുടെ പോസ്റ്റര്‍ ഇട്ടിട്ട് ഈ സിനിമ കാണാന്‍ ആരൊക്കെ പോകും എന്നൊരു പോസ്റ്റ് കണ്ടു. അതില്‍കൂടി റീച്ച് ഉണ്ടാക്കാന്‍ ഒരു ശ്രമം. ഇങ്ങനെയും ചിലര്‍. ഒരു കാര്യം നിങ്ങള്‍ മനസിലാക്കണം. ഇവിടെ അവളോടൊപ്പം നില്‍ക്കുന്നവര്‍ അവളൊരു നടി ആയതുകൊണ്ടല്ല ഒപ്പം നില്‍ക്കുന്നത്. ഒരു സ്ത്രീ ആയതുകൊണ്ടാണ്. അവള്‍ക്ക് സംഭവിച്ചത് പോലെ മറ്റൊരു പെണ്‍കുട്ടിക്കും എവിടെയും സംഭവിക്കാതിരിക്കാനാണ്. ഈ 8 വര്‍ഷത്തില്‍ അവളുടെ ചില സിനിമകളും ഇറങ്ങിയിരുന്നു. യാതൊരു പിആര്‍ വര്‍ക്കും ഇല്ലാതെ ഫാന്‍സിന്റെ ആദരവില്ലാതെ.'' ഭാഗ്യലക്ഷ്മി പറയുന്നു.

'''അവര്‍ എല്ലാവരും കൂടി ശ്രമിച്ചിച്ചിട്ടും, എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ? എടോ അവള്‍ക്ക് പിആര്‍ വര്‍ക്ക് ഇല്ല, ഫാന്‍സ് ഇല്ല, കാരണം അവളൊരു സാധാരണ പെണ്‍കുട്ടിയാണ്. എങ്കിലും അവള്‍ പോരാടും അവള്‍ പോരാടുന്നത് നിങ്ങളുടെ കൂടി പെങ്ങള്‍ക്ക് വേണ്ടിയാണ്. അവളുടെ പോരാട്ടം ഒരു കരുത്താണ്. ഈ നാട്ടിലെ സ്ത്രീകള്‍ക്ക്, പെണ്‍മക്കളുടെ അച്ഛന്മാര്‍ക്ക് സഹോദരന്മാര്‍ക്ക് അത് ആദ്യം മനസിലാക്കുക. എന്നും എന്നും അവളോടൊപ്പം.'' എന്നും ഭാഗ്യലക്ഷ്മി പറയുന്നു.

''ഇനി ഇതിന് താഴെ വന്ന് തെറി വിളിക്കുന്നവരോട്. നിങ്ങളുടെ വീട്ടിലെ അമ്മയും പെങ്ങളും അവളോടൊപ്പം തന്നെയാണ്. അവളെയും അവളോടൊപ്പം നില്‍ക്കുന്നവരെയും തെറി വിളിക്കുന്നവരുടെ ഒക്കെ ഉള്ളില്‍ ഒരു കൊട്ടേഷന്‍ മനുഷ്യന്‍ ഉണ്ട്. പള്‍സര്‍ സുനിയും കൂട്ടാളികളും ഉണ്ട് എന്ന് സ്വയം തിരിച്ചറിയുക.'' എന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ചില വീഡിയോസ്, കമെന്റ് ഒക്കെ കണ്ടിട്ട്, ചേച്ചി ഇതിനൊരു മറുപടി കൊടുക്കു എന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. വീഡിയോ യില്‍ കൂടെയും കമെന്റ് കളില്‍ കൂടെയും ആരൊക്കെ തെറി വിളിച്ചാലും അതിനൊന്നും ഞങ്ങള്‍ ആരും മറുപടി പറയില്ല. അത് നിങ്ങള്‍ അര്‍ഹിക്കുന്നുമില്ല. ഞങ്ങള്‍ പോരാടുന്നത് നീതിക്ക് വേണ്ടിയാണ്, അല്ലാതെ കൊട്ടേഷന്‍ കൊടുക്കാന്‍ വേണ്ടിയല്ല. എന്റെ മറുപടിയില്‍ കൂടി അങ്ങനെ വൈറല്‍ ആവണ്ട ഏട്ടന്റെ അനിയന്മരെന്നും ഭാഗ്യലക്ഷ്മി പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944