16 July, 2020 09:54:47 PM


മൂന്ന് തവണ നീട്ടി വച്ചു; ഒടുവില്‍ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി വിവാഹിതയായി



കോപ്പന്‍ഹേഗന്‍ : ഈ വര്‍ഷം പല കാരണങ്ങളാല്‍ മൂന്ന് തവണ വിവാഹം മാറ്റിവയ്ക്കേണ്ടി വന്ന ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണും പങ്കാളി ബോ ടെന്‍ഗ്ബെര്‍ഗും വിവാഹിതരായി. ബുധനാഴ്ച ഡാനിഷ് ദ്വീപായ സീലാന്‍ഡിലെ ഒരു പള്ളിയില്‍ വച്ചായിരുന്നു വിവാഹം. വളരെ ലളിതമായ രീതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. 55 കാരനായ ബോ ടെന്‍ഗ്ബെര്‍ഗ് ചലച്ചിത്ര സംവിധായകനാണ്. 90 ഓളം പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.


2019ലാണ് ഇവരുടെ വിവാഹ തീയതി ആദ്യമായി മാറ്റി വച്ചത്. അന്ന് രാജ്യത്തെ പൊതു തിരഞ്ഞെടുപ്പാണ് തടസമായത്. പിന്നീട് കൊവിഡ് കടന്നു വന്നതോടെ വീണ്ടും തീയതി മാറ്റി. ഒടുവില്‍ ജൂലായ് 18ലേക്ക് മാറ്റി. എന്നാല്‍ മൂന്നാം തവണയും തീയതി മാറ്റേണ്ടി വന്നു. കൊവിഡ് 19 സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കരകയറുന്നതിനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്ന സുപ്രധാനമായ യൂറോപ്യന്‍ കൗണ്‍സില്‍ മീറ്റിംഗ് ജൂലായ് 17, 18 തീയതികളിലാണ് നടക്കുന്നത്. കൊറോണ ലോക്ക്ഡൗണുകള്‍ പ്രഖ്യാപിച്ചതിന് ശേഷം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കുന്ന ആദ്യത്തെ യോഗമാണ് ഇത്. കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങള്‍ക്കുള്ള ധനസഹായ പദ്ധതികള്‍ ആവിഷ്കരിക്കാനാണ് യോഗം.


അങ്ങനെ യൂറോപ്യന്‍ കൗണ്‍സില്‍ മീറ്റിംഗില്‍ പങ്കെടുക്കുന്നതിനായി മൂന്നാം തവണയും വിവാഹം മാറ്റി വയ്ക്കേണ്ടി വന്നു ഇരുവര്‍ക്കും. രാജ്യത്തിന്റെ കാര്യങ്ങള്‍ക്കാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും വിവാഹത്തിനായി ക്ഷമയോടെ കാത്തിരിക്കാന്‍ തങ്ങള്‍ തയാറാണെന്നും മെറ്റെ പറഞ്ഞിരുന്നു. മാറ്റി വച്ച വിവാഹം ഉടന്‍ തന്നെ ഉണ്ടാകുമെന്നും മെറ്റെ അറിയിച്ചിരുന്നു. വിവാഹ ചിത്രങ്ങള്‍ മെറ്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. 


യൂറോപ്പില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയ ആദ്യത്തെ രാജ്യങ്ങളില്‍ ഒന്നാണ് ഡെന്‍മാര്‍ക്ക്. ഏപ്രില്‍ മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഡെന്‍മാക്കില്‍ പ്രാബല്യത്തില്‍ വന്നു. നിലവില്‍ 13,124 പേര്‍ക്കാണ് ഡെന്‍മാര്‍ക്കില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 610 പേര്‍ മരിച്ചു. കൊറോണ വൈറസിനെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിച്ച രാജ്യങ്ങളില്‍ ഒന്നാണ് ഡെന്‍മാര്‍ക്ക്. സോഷ്യല്‍ ഡെമോക്രാറ്റ്സ് പാര്‍ട്ടി നേതാവായ മെറ്റെ കഴിഞ്ഞ വര്‍ഷം ജൂണില്‍ 41ാം വയസിലാണ് ഡെന്‍മാര്‍ക്കിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഡെന്‍മാര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് മെറ്റെ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K