25 March, 2021 08:44:56 PM


ഏറ്റുമാനൂര്‍ സീറ്റ് കോണ്‍ഗ്രസ് കൈവിട്ടതെന്തിന്? - ലതികാ സുഭാഷ് തുറന്നു പറയുന്നു

- പി എസ് റംഷാദ്''ഹൃദയം വിങ്ങിയാണെങ്കിലും ചങ്കുറപ്പോടെയാണ് ഇന്ദിരാഭവനു മുമ്പില്‍ വച്ച് മുടി മുറിച്ച് തല മുണ്ഡനം ചെയ്തത്. പകരം എന്‍റെ നാട്ടുകാര്‍ എനിക്ക് സ്‌നേഹത്തിന്റെയും പിന്തുണയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും കിരീടം വച്ചുതന്നിരിക്കുകയാണ്; ഇതില്‍പ്പരമൊരു സൗഭാഗ്യം ഒരു പൊതുപ്രവര്‍ത്തകയ്ക്കു കിട്ടാനില്ല: അവരില്‍ വിശ്വാസമുള്ളതുകൊണ്ടാണ് ഒരു പാര്‍ട്ടിയുടെയും മുന്നണിയുടെയും സ്ഥാനാര്‍ത്ഥിയായിട്ടല്ലാതെ മല്‍സരിക്കാന്‍ തീരുമാനിച്ചത്. ഇനി എന്നെ ജയിപ്പിക്കണോ തോല്‍പ്പിക്കണോ എന്നത് അവരുടെ തീരുമാനത്തിനാണു വിട്ടിരിക്കുത്''.


സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പദവിയും കോണ്‍ഗ്രസ് അംഗത്വവും രാജിവച്ച് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ലതികാ സുഭാഷിന്‍റെ വാക്കുകള്‍ ഇങ്ങനെ.


ഏപ്രില്‍ 6നു നടക്കു നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും ശ്രദ്ധേയ മണ്ഡലവും സ്ഥാനാര്‍ത്ഥിയുമായി ഏറ്റുമാനൂരും ലതികയും മാറിയിരിക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്ന മാര്‍ച്ച് 14നു വൈകുന്നേരമാണ് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തിനു മുന്നില്‍ ലതിക രാജി പ്രഖ്യാപിച്ചതും കേരളത്തെ ഞെട്ടിച്ച് തല മുണ്ഡനം ചെയ്തതും. പിറ്റേന്ന് ഏറ്റുമാനൂരില്‍ അവരെ പിന്തുണയ്ക്കുന്ന നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചു.


''കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകളും സ്ത്രീകളെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുവരാണ്. എന്നാല്‍ ജനസംഖ്യയിലെ സ്ത്രീഭൂരിപക്ഷത്തിന്‍റെ പ്രതിനിധികള്‍ക്ക് എല്ലാ പാര്‍ട്ടികളിലും മുണികളിലും നിന്നു ലഭിക്കുന്നത് അവഗണന. അതുകൊണ്ടുതന്നെ ഈ കടുത്ത പ്രതിഷേധരീതിയും മല്‍സരവും വ്യക്തിപരമല്ല; സ്ത്രീസമൂഹത്തിനു മുഴുവന്‍ വേണ്ടിയാണ്''. ആര്‍ക്കും ഏതുവിധവും തട്ടിക്കളിക്കാവുന്ന പാവകളോ നിസ്സാരമായി ചവിട്ടിത്തേയ്ക്കാവുന്ന പുഴുക്കളോ അല്ല സ്ത്രീകളെന്നും അവര്‍ വ്യക്തമാക്കുന്നു. ചോ: കോണ്‍ഗ്രസിന്‍റെ അച്ചടക്കമുള്ള പ്രവര്‍ത്തക എന്നു പറയുന്നതില്‍ എപ്പോഴും അഭിമാനിച്ചിരുന്ന നിലയില്‍ നിന്ന് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി എന്നു ചില നേതാക്കള്‍ പറയുന്ന സ്ഥിയിലേക്കുള്ള മാറ്റത്തെക്കുറിച്ച് എങ്ങനെയാണു വിശദീകരിക്കുക?


ഉ: ഞാനായിട്ട് പാര്‍ട്ടിക്ക് ഒരു നാണക്കേടുമുണ്ടാക്കിയിട്ടില്ല. നാണക്കേടുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്തത് ആരാണെന്നും എന്താണെന്നും എല്ലാവരും സ്വയമൊന്നു പരിശോധിക്കുന്നതാണു നല്ലത്. ഞാന്‍ എന്നും കോഗ്രസ്സിനെ സ്‌നേഹിക്കുകയും തികഞ്ഞ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുകയുമാണ് ചെയ്തിട്ടുള്ളത്. അനാവശ്യമായ ഒരു വാക്കുപോലും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകാതെ സൂക്ഷിച്ചാണ് ഏതു സാഹചര്യത്തിലും പ്രതികരിക്കുക പോലും ചെയ്യുന്നത്. എന്റെ അഛന്റെ വീട് പുതുപ്പള്ളി നിയോജമണ്ഡലത്തില്‍പ്പെട്ട ആറുമാനൂരാണ്. എനിക്ക് ആറു വയസ്സുള്ളപ്പോഴാണ് ഉമ്മന്‍ ചാണ്ടി സാര്‍ ആദ്യം എംഎല്‍എ ആകുന്നത്. അന്നു മുതല്‍ കാണുന്നതും കേള്‍ക്കുന്നതും കോണ്‍ഗ്രസിനെയാണ്. ഉമ്മന്‍ ചാണ്ടി സാറുള്‍പ്പെടെയുള്ള നേതാക്കളെയാണ്. ഉമ്മന്‍ ചാണ്ടിയെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ തുടങ്ങിയ മുദ്രാവാക്യങ്ങളൊക്കെയാണ് മനസ്സില്‍ പതിഞ്ഞത്. അക്കാലത്ത് വേറൊരു രാഷ്ട്രീയം കണ്ടിട്ടുമില്ല, ഇഷ്ടവുമായിരുന്നില്ല. കോഗ്രസ്സിനോടുള്ള ആ ഇഷ്ടം എല്ലാക്കാലത്തും പറയുന്നതിലും പ്രതികരിക്കുന്നതിലും സൂക്ഷ്മത പാലിക്കാന്‍ എന്നെ പ്രാപ്തയാക്കിയിട്ടുണ്ട്. പലപ്പോഴും അവഗണന ഉണ്ടായിട്ടുള്ളപ്പോഴൊക്കെ, പ്രതികരിക്കാനുള്ള സമയമല്ല ഇത് എന്നും എന്റെ പാര്‍ട്ടിക്കും മുന്നണിക്കും ഞാന്‍ കാരണം ക്ഷീണം വരാന്‍ പാടില്ല എന്നുമാണ് ചിന്തിച്ചത്.


2000ല്‍ ഞാന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ശേഷം കഴിഞ്ഞ 20 വര്‍ഷമായി ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോട്ടയം ജില്ലയില്‍ എന്റെ പേരും കോഗ്രസ്സിന്റെ പരിഗണനാ പട്ടികയില്‍ വരുന്നുണ്ട്. പക്ഷേ, പ്രഖ്യാപനം വരുമ്പോള്‍ വേറെ ആരെങ്കിലുമായിരിക്കും സ്ഥാനാര്‍ത്ഥി. വളരെ പക്വതയുള്ള നേതാക്കളെപ്പോലെ വഴക്കുണ്ടാക്കാതെ സ്ഥാനാര്‍ത്ഥിക്കു വേണ്ടി സന്തോഷത്തോടെ പ്രവര്‍ത്തിക്കുകയാണു ചെയ്തുപോരുന്നത്. പക്ഷേ, ഇത്തവണ അങ്ങനെയല്ല. അതിനു പല കാരണങ്ങളുണ്ട്. ഞാന്‍ ജനിച്ചു വളര്‍ന്ന ഏറ്റുമാനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാന്‍ അനുകൂലമായ എല്ലാ സാഹചര്യങ്ങളും ഉണ്ടായതാണ്. പക്ഷേ, ചിലര്‍ ചേര്‍ന്ന് ഈ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു താലത്തില്‍ വച്ചു കൊടുത്തു. അതിന് ഉമ്മന്‍ ചാണ്ടി സാറും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൂട്ടുനിന്നു. കാലങ്ങളായി യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസ്സ് മാണി വിഭാഗത്തിനാണ് ഏറ്റുമാനൂര്‍ കൊടുക്കുന്നത്. പക്ഷേ, 2011ലെയും 2016ലെയും തെരഞ്ഞെടുപ്പില്‍ തോറ്റു; വിജയിച്ചത് എല്‍ഡിഎഫാണ്.


മാണി സാറിന്‍റെ വിയോഗത്തിനു ശേഷം ആ പാര്‍ട്ടി എല്‍ഡിഎഫില്‍ പോയതോടെ സീറ്റ് ഒഴിവുവന്നു. ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുക്കുകയും കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിക്കുകയും വേണം എത് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ആഗ്രഹവും ആവശ്യവുമാണ്. ഏറ്റുമാനൂര്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് പലവട്ടം  കോണ്‍ഗ്രസ് കമ്മിറ്റികളില്‍ പ്രമേയം വരെ വന്നിട്ടുണ്ട്. ഇത്തവണ അത് നേതൃത്വം അംഗീകരിക്കുമെന്നും സ്വാഭാവികമായും ഞാന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും പ്രതീക്ഷിച്ചു. ഏറ്റുമാനൂരില്‍ മല്‍സരിക്കാന്‍ ആഗ്രഹിച്ച മറ്റു ചില നേതാക്കളുമുണ്ട്. അതു സത്യമാണ്. എങ്കിലും ലതികാ സുഭാഷ് മല്‍സരിക്കട്ടെ എന്ന പൊതുധാരണ രൂപപ്പെട്ടു വന്നിരുന്നു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ എന്നതുകൂടി കണക്കിലെടുത്തായിരുന്നു അത്. ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മഹിളാ കോഗ്രസ്സിന് 20 ശതമാനം സംവരണം വേണമെന്ന് കെപിസിസി നേതൃത്വത്തോട് ഞങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചോ: പിന്നീട് എപ്പോഴാണ് അട്ടിമറി നടന്നത്?


ഉ: ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിന്റെ ഒരു ഭാഗത്തും കാര്യമായ ശേഷിയില്ലാത്ത കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ ആദ്യത്തെ അവകാശവാദങ്ങളില്‍ ഈ സീറ്റ് ഉണ്ടായിരുന്നില്ല. പിന്നീടാണ് ഇതും കിട്ടിയേ തീരൂ എന്ന് അവര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയത്. കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കുകയും ഞാന്‍ മല്‍സരിക്കുകയും ചെയ്താല്‍  എല്‍ഡിഎഫ് തോല്‍ക്കുമെന്ന് അറിയാവുന്ന കോണ്‍ഗ്രസ്സിലെ ചില നേതാക്കളുടെ പ്രേരണയിലാണ് ജോസഫ് ഏറ്റുമാനൂരിനു വേണ്ടി വാദമുന്നയിക്കാന്‍ തുടങ്ങിയത് എന്ന് വ്യക്തമായ വിവരമുണ്ട് ഇപ്പോള്‍. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ എന്നെ മന്ത്രിയാക്കേണ്ടി വരുമെന്നും അത് ജില്ലയില്‍ നിന്നു സ്ഥിരം മന്ത്രിയാകുന്നവരുടെ സാധ്യതയ്ക്ക് തടസ്സമാകുമെന്നുമൊക്കെ കരുതിയാകും ആ കുതികാല്‍വെട്ടല്‍ നടത്തിയതെന്നും പറയുന്നുണ്ട്. പക്ഷേ, കാണുമ്പോഴും ഫോണില്‍ സംസാരിക്കുമ്പോഴും ആ നേതാക്കളൊക്ക സഹോദരീ എന്നു വിളിക്കുകയും സ്‌നേഹത്തോടെ പെരുമാറുകയും ചെയ്ത് കപടമുഖം മറച്ചുപിടിച്ചു. 


ഏറ്റുമാനൂര്‍ സീറ്റില്‍ മല്‍സരിക്കാനുള്ള ആഗ്രഹം ഉമ്മന്‍ ചാണ്ടിസാറിനോടും കെപിസിസി അധ്യക്ഷനോടും പ്രതിപക്ഷ നേതാവിനോടും മാത്രമല്ല എ കെ ആന്‍റണിയോടും പറഞ്ഞിരുന്നു. പക്ഷേ, ഒടുവില്‍ സീറ്റ് കേരളാ കോഗ്രസ്സിനു കൊടുക്കുന്നു എന്നറിഞ്ഞു. അതിനേക്കുറിച്ച് വളരെ സങ്കടത്തോടെ ഈ നേതാക്കളെ വിളിച്ച് അന്വേഷിച്ചു. കോഗ്രസ്സിനു തന്നെ മണ്ഡലം കിട്ടാന്‍ ശ്രമിക്കുകയാണെന്ന് ആവര്‍ത്തിക്കുകയാണ് അവസാന നിമിഷം വരെ അവര്‍ ചെയ്തത്. ഉറപ്പായും കേരളാ കോണ്‍ഗ്രസ്സിനു കൊടുക്കേണ്ടി വരുമെന്നും ലതികയ്ക്കു മറ്റൊരു സീറ്റ് തരാമെന്നും ഒരു ഘട്ടത്തില്‍പ്പോലും ഇവര്‍ പറഞ്ഞില്ല. കോട്ടയം ജില്ലയില്‍ കേരള കോഗ്രസിന്‍റെ ഏതെങ്കിലുമൊരു സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നുണ്ടെങ്കില്‍ അത് ഏറ്റുമാനൂര്‍ ആയിരിക്കുമെന്ന് കോണ്‍ഗ്രസില്‍ ധാരണയുണ്ടായിരുന്നു.

 

ഏറ്റവുമൊടുവില്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുതിന്റെ തലേന്ന് ഡല്‍ഹിയില്‍ നിന്ന് ദേശീയ മഹിളാ കോണ്‍ഗ്രസ് നേതൃത്വം വിളിച്ചിട്ട് മറ്റൊരു സീറ്റു നിര്‍ദേശിക്കാന്‍ പറഞ്ഞു. ഏറ്റുമാനൂരില്‍ ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയുടെ പേര് അപ്പോഴേക്കും പ്രചരിച്ചിരുന്നു. ഇനി പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നും മനസ്സിലായി. അപ്പോഴും എന്റെ നേതാക്കളാരും എന്നോടൊന്നും വിട്ടു പറയുകയോ ഒരു സമാശ്വാസ വാക്കു പറയുകയോ ചെയ്തില്ല. പ്രതിപക്ഷ നേതാവ് ഫോണെടുക്കാതെയായി. കെപിസിസി അധ്യക്ഷന്‍ തിരിച്ചുവിളിക്കാമെന്നു പറഞ്ഞിട്ടു വിളിച്ചില്ല. ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്കു ശേഷം തിരിച്ചെത്തിയ ഉമ്മന്‍ ചാണ്ടി സാറിനെ ഞാന്‍ പുതുപ്പള്ളിയിലെ വീട്ടില്‍ പോയി കണ്ടു. അദ്ദേഹത്തെ നേമത്തേക്കു വിടില്ല എന്നു പറഞ്ഞ് ആളുകള്‍ വികാരപ്രകടനം നടത്തുന്ന ദൃശ്യങ്ങളായിരുന്നു അവിടെ. എന്‍റെയും കണ്ണൊക്കെ നിറഞ്ഞു. ഉമ്മന്‍ ചാണ്ടി സാറില്ലാത്ത പുതുപ്പള്ളിയെയും പുതുപ്പള്ളി എംഎല്‍എ അല്ലാത്ത ഉമ്മന്‍ ചാണ്ടി സാറിനെയും കുറിച്ചു ചിന്തിക്കാന്‍ കഴിയില്ല എന്ന് അവിടുത്ത പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ഞാനും തല കുലുക്കി സമ്മതിച്ചു. തിരക്കിനിടയില്‍ എന്‍റെ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം മരണവീട്ടില്‍ എത്തിയതുപോലെ കുറച്ചുനേരം നിശ്ശബ്ദനായി നിന്നു. എന്നിട്ട് ഇങ്ങോട്ടൊരു ചോദ്യം: 'ഇനി ഇപ്പം എന്നാ ചെയ്യും?' ഞാന്‍ സത്യത്തില്‍ ഇല്ലാതെയായതു പോലെ തോന്നി. എന്തു ചെയ്യണം എന്നു ചോദിക്കാനും എനിക്കൊരു സീറ്റ് കിട്ടാനും എന്‍റെ നേതാവിനെ കാണാന്‍ പോയ എന്നോട് അദ്ദേഹം തിരിച്ചു ചോദിക്കുന്നു, ഇനിയിപ്പോള്‍ എന്തു ചെയ്യുമെന്ന്.


ചോ: വൈപ്പിന്‍ നിയോജക മണ്ഡലത്തിലേക്കു പേരു വന്നതും അതും നിഷേധിച്ചതും പ്രതിഷേധം രൂപപ്പെട്ടതും എങ്ങനെയാണ്?


ഉ: ദേശീയ മഹിളാ കോഗ്രസ് നേതൃത്വം ആവശ്യപ്പെട്ടപ്പോള്‍ എറണാകുളം ജില്ലയിലെ വൈപ്പിന്‍ ആണ് ഞാന്‍ പറഞ്ഞ പേര്. അത് എന്‍റെ ഭര്‍ത്താവിന്റെ നാടായ ചെറായി ഉള്‍പ്പെടുന്ന പ്രദേശമാണ്. 2016ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹമായിരുന്നു അവിടെ സ്ഥാനാര്‍ത്ഥി. എനിക്ക് സുപചിരിതമായ മണ്ഡലമാണ്. മാത്രമല്ല, സിറ്റിംഗ് എംഎല്‍എ സിപിഎമ്മിലെ എസ്. ശര്‍മ ഇത്തവണ സ്ഥാനാര്‍ത്ഥിയല്ലാത്തതുകൊണ്ട് അവിടെ യുഡിഎഫിന് ജയസാധ്യത കൂടുതലാണെന്ന് പറഞ്ഞ് എറണാകുളത്തെ പ്രമുഖ നേതാവും മുന്‍ മന്ത്രിയുമായ ഡൊമിനിക് പ്രസന്‍റേഷനും വിളിച്ചു. കഴിഞ്ഞ തവണ സുഭാഷ് ചേട്ടനെ തോല്‍പ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ഗ്രൂപ്പ് മാനേജര്‍മാര്‍ ഇത്തവണ ഞാനാണെങ്കില്‍ അങ്ങനെ ചെയ്യില്ല എന്നും എറണാകുളം ജില്ലയിലെ ചില സഹപ്രവര്‍ത്തകര്‍ പറഞ്ഞു. അതെല്ലാം മനസ്സില്‍ വച്ചുകൊണ്ടാണ് ഏറ്റുമാനൂര്‍ ഇല്ലെങ്കില്‍ വൈപ്പിന്‍ എന്ന നിലപാടിലേക്കു മാറാന്‍ തയ്യാറായത്. പക്ഷേ, ഇവരെന്നെ പറഞ്ഞു പറ്റിക്കും എന്ന ഒരു തോന്നല്‍ ഉളളില്‍ ശക്തമായി.


പലരും പറയുന്നതുപോലെ തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ചത് അപ്പോഴുണ്ടായ വൈകാരിക പ്രകടനമല്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയും കോണ്‍ഗ്രസിന്‍റെ സ്ത്രീ വിരുദ്ധ സമീപനത്തിനെതിരേയുമായാണ് തല മുണ്ഡനം ചെയ്തത്. സ്വഭാവികമായും ഇപ്പോഴത്തെ സാഹചര്യത്തില്‍ സീറ്റു നിഷേധത്തിലെ സ്ത്രീവിരുദ്ധത മാത്രമാണ് ഹൈലൈറ്റ് ചെയ്യപ്പെട്ടത്. ഇത്തവണ വഞ്ചിച്ചാല്‍ ഞാന്‍ ഇന്ദിരാ ഭവനു മുില്‍ വച്ച് തല മുണ്ഡനം  ചെയ്തു പ്രതിഷേധിക്കുമെന്ന് എ കെ ആന്‍റണിയെയും കെപിസിസി അധ്യക്ഷനെയും ഞാന്‍ അറിയിച്ചിരുന്നു. ഞാന്‍ ഒന്നുകൂടി അവരോടൊക്കെ സംസാരിക്കാമെന്ന് എ കെ ആന്‍റണി പറഞ്ഞു. അദ്ദേഹം ആരോടെങ്കിലും സംസാരിച്ചോ എന്നറിയില്ല. ഏയ്, അങ്ങനെയൊന്നും ചെയ്യരുത് എന്ന് മുല്ലപ്പള്ളി പറഞ്ഞു. ഇതൊക്കെക്കൊണ്ടാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപന ദിവസം രാവിലെതന്നെ ഞാന്‍ ഇന്ദിരാഭവനില്‍ എത്തിയത്. വൈകുന്നേരമായല്ലോ പ്രഖ്യാപനം. ടി വി ചാനലില്‍ മുല്ലപ്പ്ള്ളി ഓരോ പേരും നിര്‍ത്തി നിര്‍ത്തി വായിക്കുമ്പോള്‍ ഞാനും എന്‍റെ ചില സഹപ്രവര്‍ത്തകരും ആകാംക്ഷയോടെ നോക്കിയിരുന്നു. വൈപ്പിന്‍ എന്നു പറഞ്ഞിട്ട് അദ്ദേഹം മറ്റൊരു പേര് പ്രഖ്യാപിച്ചപ്പോള്‍ സത്യത്തില്‍ ആദ്യം ഒന്നും തോന്നിയില്ല. മനസ്സിലൊരു കരുതലുണ്ടായിരുന്നതുകൊണ്ടാകാം. സീറ്റില്ല എന്നുറപ്പായിട്ടും മുഴുവന്‍ പേരുകളും വായിക്കുന്നതു വരെ കേട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും കെ എസ് യു അധ്യക്ഷനും ആ പട്ടികയിലുണ്ട്. പക്ഷേ, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെ പരിഗണിച്ചു എന്നു വരുത്താന്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. നെഞ്ചുപൊട്ടിയാണ് പിന്നെ ഞാനവിടെ നിന്നത്. മാധ്യമങ്ങളോടു സംസാരിക്കുമ്പോഴും രാജി പ്രഖ്യാപിക്കുമ്പോഴും ആ വിങ്ങല്‍ അടക്കാനാകുന്നുണ്ടായിരുന്നില്ല. പക്ഷേ, നേരത്തേ തീരുമാനിച്ചതുപോലെ തല മുണ്ഡനം ചെയ്യാന്‍ ഇരിക്കുമ്പോള്‍ ഞാനെന്‍റെ കരുത്തും ഊര്‍ജ്ജവും ഇഛാശക്തിയും മുഴുവന്‍ ഉള്ളില്‍ നിറച്ചു. കരയരുത്, ചെറുതാകരുത്, അപമാനിതയാകരുത് എന്ന് ഞാന്‍ എാന്നോടുതന്നെ പറഞ്ഞു. ആ ദൃശ്യങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്കതു മനസ്സിലാകും. മുടി മുഴുവന്‍ താഴെ വീണു കഴിഞ്ഞ് എന്‍റെ സഹോദരിമാര്‍, മഹിളാ കോഗ്രസ് പ്രവര്‍ത്തകര്‍ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍പ്പോലും പൊട്ടിക്കരയാതിരിക്കാന്‍ ഞാന്‍ പാടുപെടുകയായിരുന്നു. 


ചോ:  മഹിളാ കോണ്‍ഗ്രസിനോടും അധ്യക്ഷയോടും ഇത്ര വിരോധം തോന്നാന്‍ കാരണമെന്താണ്?


ഉ: വിരോധമുണ്ടോ എന്നെനിക്കറിയില്ല. കാലം ഇനിയും പലതും പുറത്തുകൊണ്ടുവരുമായിരിക്കും. മഹിളാ കോഗ്രസ്സിന് 20 ശതമാനം സീറ്റുകള്‍ വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ ഒരു ജില്ലയില്‍ ഒരാള്‍ എന്ന നിലയില്‍ 14 പേരെങ്കിലും പട്ടികയില്‍ ഉണ്ടാകും എന്നു പ്രതീക്ഷിച്ചിരുന്നു. ഏതാനും സ്ത്രീകളെ ഉള്‍പ്പെടുത്തി. അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു. അവരെല്ലാം ഞങ്ങളുടെ സഹോദരിമാരും സഹപ്രവര്‍ത്തകരുമാണ്. പക്ഷേ, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയ്ക്കു മാത്രമല്ല മഹിളാ കോണ്‍ഗ്രസിന്റേതായി ഒരാള്‍ക്കുപോലും സീറ്റു തന്നില്ല. തിരുവനന്തപുരത്തെ മുതിര്‍ന്ന നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മികച്ച സംഘാടകയുമായ രമണി പി നായര്‍, സംസ്ഥാന ഉപാധ്യക്ഷ മലപ്പുറത്തെ ഫാത്തിമാ റോഷ്‌ന തുടങ്ങി അര്‍ഹരായ നിരവധി പേരുള്‍പ്പെട്ട പട്ടികയാണ് കൊടുത്തത്. ഒരു ബന്ധവുമില്ലാത്തവരുടെ പേരുകളല്ല കൊടുത്തത്. സജീവമായി പ്രവര്‍ത്തനത്തിലുള്ളവരുടെ പേരുകള്‍ മാത്രം. പതിറ്റാണ്ടുകളായി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുവര്‍. അവരൊക്കെ പാര്‍ട്ടിയിലും മഹിളാ കോണ്‍ഗ്രസിലും എന്നിലും പ്രതീക്ഷ അര്‍പ്പിച്ചിട്ടുണ്ടാകും. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയ്ക്കു പോലും സീറ്റു കിട്ടാതെ വരുമ്പോള്‍ എന്തിന്‍റെ പേരിലാണ് ഞാനവരെ ചേര്‍ത്തുനിര്‍ത്തുക. എന്തു സന്ദേശമാണ് അവര്‍ക്കു കൊടുക്കാന്‍ കഴിയുക. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അംഗീകാരവും അവസരങ്ങളും വേണം. പ്രത്യേകിച്ചും ഒരുപാട് റിസ്‌കെടുത്താണ് വിശ്വസിക്കുന്ന ആശയാദര്‍ശങ്ങള്‍ക്കു വേണ്ടി സ്ത്രീകള്‍ പൊതുരംഗത്തു നില്‍ക്കുന്നത്. അവര്‍ക്ക് അംഗീകാരവും സ്ഥാനമാനങ്ങളും കിട്ടുകതന്നെ വേണം. വലിയ അവഗണനയാണ് മഹിളാ കോണ്‍ഗ്രസിനോട് പാര്‍ട്ടി ചെയ്തത്.


ചോ:  രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയിലെ സ്ഥിരാംഗമായിരുല്ലോ. അതിലും അവഗണന ഉണ്ടായോ?


ഉ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു കഴിഞ്ഞ് ജനുവരി 16 മുതല്‍ 23 വരെ 14 ജില്ലകളിലും ഏഴു ദിവസം കൊണ്ട് ഞാനൊരു യാത്ര നടത്തിയിരുന്നു. ആ തെരഞ്ഞെടുപ്പില്‍ ജയിച്ചവരെ അഭിനന്ദിക്കാന്‍ മാത്രല്ല സീറ്റ് കിട്ടാത്ത മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരെയും സീറ്റു കിട്ടിയിട്ടും ജയിക്കാന്‍ കഴിയാതിരുന്നവരെയും ആശ്വസിപ്പിക്കാന്‍ കൂടിയായിരുന്നു ആ യാത്ര. മാത്രമല്ല, പുതുമുഖങ്ങളായി വന്ന് ജയിച്ചവരെയും തോറ്റവരെയും മഹിളാ കോഗ്രസ്സിലേക്കും പാര്‍ട്ടിയിലേക്കും ക്ഷണിക്കുകയും ചെയ്തു. പിന്നീട് പ്രതിപക്ഷ നേതാവ് നടത്തിയ ഐശ്വര്യ കേരളയാത്രയില്‍ സ്ഥിരാംഗമായി 24 ദിവസം പൂര്‍ണമായി പങ്കെടുത്തു. ആദ്യം സ്ഥിരാംഗങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്നില്ല. പിന്നീട് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയില്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് അത് അറിയിച്ച ശേഷവും യാത്രയുടെ ഏകോപന ചുമതലയുണ്ടായിരുന്ന വി ഡി സതീശന്‍ എന്തോ അനിഷ്ടം പോലെ പെരുമാറി. മാധ്യമങ്ങളില്‍ വന്ന പേരുകളില്‍ ഞാനില്ലെന്നു കണ്ട് സതീശനെ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, എന്നോടാരും പറഞ്ഞിട്ടില്ല എന്നാണ്. പല വേദികളിലും എനിക്കു കസേര പോലും കിട്ടിയില്ല എന്ന് കൊച്ചി മുന്‍ മേയര്‍ സൗമിനി ജയിന്‍ പറഞ്ഞതായി കണ്ടു. ഞാനതിനേക്കുറിച്ച് ഒന്നും പറയുന്നില്ല. നമ്മള്‍ സഹിച്ച അവഹേളനങ്ങള്‍ പിന്നീട് വിളിച്ചു പറഞ്ഞിട്ടെന്തു ഫലം. 


മാന്നാനം കെ ഇ കോളജിലെ സ്റ്റുഡന്‍റ് റെപ്രസെന്റീറ്റാവായി പൊതുപ്രവര്‍ത്തനം തുടങ്ങിയതാണ്. പിന്നീട് കോട്ടയം ബിസിഎം കോളജില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, 1991ല്‍ ജില്ലാ കൗണ്‍സില്‍ അംഗം, ജില്ലാ പഞ്ചായത്ത് അംഗം, പ്രസിഡന്റ് എന്നീ പദവികളൊക്കെ പാര്‍ട്ടി എനിക്കു തന്നിട്ടുണ്ട്. 2000ല്‍ ആണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. പിന്നീട് 20 വര്‍ഷമായി ജില്ലയ്ക്കു പുറത്തേക്കു പ്രവര്‍ത്തനമേഖല വ്യാപിപ്പിച്ചു. കെപിസിസി സെക്രട്ടറിയും ജനറല്‍ സെക്രട്ടറിയുമായി. അപ്പോഴൊക്കെ എന്നേക്കാള്‍ പ്രായവും പ്രവര്‍ത്തന പരിചയവും കുറഞ്ഞ മറ്റു പലരും പാര്‍ലമെന്ററി രംഗത്ത് എന്നെ കടന്നുപോകുന്നത് നോക്കി നിന്നിട്ടുണ്ട്, അവര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുമുണ്ട്. മലമ്പുഴയില്‍ വി എസ് അച്യുതാനന്ദനെതിരേ മല്‍സരിക്കാന്‍ നിയോഗിച്ചപ്പോള്‍ സന്തോഷത്തോടെ മല്‍സരിച്ചത് ജയിക്കില്ല എറിഞ്ഞിട്ടാണല്ലോ. 


ചോ:  ഏറ്റുമാനൂരില്‍ ജയിച്ചില്ലെങ്കില്‍ എന്താണു ഭാവി പ്രവര്‍ത്തനങ്ങള്‍?


ഉ: ജയിക്കും; മറിച്ചൊരു ആശങ്കയുമില്ല. ഇവിടെ ജനിച്ചുവളര്‍ന്ന എന്നെ ശരിയായി അറിയുന്നവരാണ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ ജനങ്ങള്‍. പരസ്പരം അറിയാവുന്നവരാണ് ഞാനും അവരും. ഈ നാടിന്‍റെ മുഴുവന്‍ മുക്കും മൂലകളും ആളുകളും എനിക്ക് കൈവെള്ളയിലെതുപോലെ പരിചിതമാണ്. പിന്നെ കോഗ്രസ് നേതൃത്വം എന്നോടും മൊത്തത്തില്‍ സ്ത്രീസമൂഹത്തോടും സാധാരണ പ്രവര്‍ത്തകരോടും കാണിച്ച അനീതിയില്‍ പ്രതിഷേധമുള്ള എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ, ജോസ് കെ മാണി കേരള കോഗ്രസിനെ ഇടതുപക്ഷത്തിനൊപ്പം കൊണ്ടുക്കെട്ടിയതില്‍ എതിര്‍പ്പുള്ള കേരള കോണ്‍ഗ്രസ്സുകാരുടെ പിന്തുണ എന്നിവയിലൊക്കെ പ്രതീക്ഷയുണ്ട്. എല്‍ഡിഎഫിനും യുഡിഎഫിനും എതിരേ സ്വന്തം സഹോദരിയെ ജയിപ്പിച്ചു നിയമസഭയിലേക്ക് അയക്കാന്‍ ഈ മണ്ഡലത്തിലെ ജനങ്ങള്‍ തയ്യാറാകും എന്ന ഉറച്ച പ്രതീക്ഷയാണുള്ളത്. ഇനി വരുംദിവസങ്ങളില്‍ എന്‍റെ പ്രിയപ്പെട്ട നാടിന്റെ ഈ മനസ്സ് കൂടുതല്‍ പ്രകടമാകാന്‍ പോവുകയാണ്. 


മറ്റൊന്ന്, ഭാവി പ്രവര്‍ത്തനങ്ങളുടെ കാര്യമാണ്. നിയമസഭാംഗം എന്ന നിലയിലായാലും അല്ലെങ്കിലും ജനങ്ങള്‍ക്കൊപ്പമുള്ള പ്രവര്‍ത്തനങ്ങള്‍, പ്രത്യേകിച്ചും സ്ത്രീകളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും. സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യലക്ഷ്യമാക്കി സംസ്ഥാനതലത്തില്‍ ഒരു കൂട്ടായ്മ രൂപീകരിക്കാന്‍ മുന്‍കയെടുക്കും. ഇത്തരമൊരു സ്ത്രീകൂട്ടായ്മയുടെ പ്രസക്തി കേരളത്തില്‍ ഇന്ന് വളരെക്കൂടുതലാണ്. ഞാന്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് തലമുണ്ഡനം ചെയ്തശേഷം കേരളത്തിലെമ്പാടും നിന്ന് വിളിച്ചവരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. അവരില്‍ തീരെ സാധാരണക്കാര്‍ മുതല്‍ ഉന്നത പദവികളിലിരിക്കുവരും വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുവരുമൊക്കെയുണ്ട്. കൃത്യമായ സാമൂഹിക വീക്ഷണവും സ്ത്രീകളോടു പ്രതിബദ്ധതയുമുള്ള ഒരു കൂട്ടായ്മയേക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. ഓരോ  സ്ത്രീയും നേരിടുന്ന പ്രശ്‌നങ്ങള്‍ വ്യത്യസ്ഥമാണ്. അതു പരിഹരിക്കാന്‍ നടത്തേണ്ട ഇടപെടലുകളേക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുന്ന രീതിയും വ്യത്യസ്ഥമാണ്. പക്ഷേ, ഒന്നിച്ചു നില്‍ക്കണം എന്നതില്‍ ആര്‍ക്കും സംശയമില്ല. അത്തരമൊരു കൂട്ടായ്മ കേരളത്തിലെ രാ്ഷ്ട്രീയ പാര്‍ട്ടികളെയും മുന്നണികളെയും വിറപ്പിക്കുകതന്നെ ചെയ്യും. വിവിധ പാര്‍ട്ടികളില്‍ സ്ത്രീകള്‍ നേരിടുന്ന അവഗണനയ്ക്ക് സമീപകാലത്തുതന്നെ എത്രയോ ഉദാഹരണങ്ങളുണ്ട്. എല്ലാ പാര്‍ട്ടികളിലുമുള്ള സ്ത്രീകള്‍ പാര്‍ട്ടികള്‍ക്കതീതമായി സംഘടിക്കേണ്ട കാലമായി. ചോ:  സ്ത്രീകള്‍ക്ക് എല്ലാ പാര്‍ട്ടികളിലും വിവേചനവും അടിച്ചമര്‍ത്തലും അനുഭവിക്കേണ്ടി വരുന്നു എന്നു തുറന്നു പറയാന്‍ ഇപ്പോഴും പരിമിതികള്‍ അനുഭവിക്കുന്ന നിരവധി സ്ത്രീനേതാക്കളുണ്ട്. അവരുടെ എണ്ണം കോണ്‍ഗ്രസിലല്ലേ കൂടുതല്‍?ഉ: പ്രവര്‍ത്തിക്കു പാര്‍ട്ടിയോടും പ്രതിനിധാനം ചെയ്യുന്ന നിലപാടുകളോടുമുള്ള ആത്മാര്‍ത്ഥതയുടെ പേരില്‍ വളരെ ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കുന്ന സ്ത്രീ നേതാക്കളും പ്രവര്ത്തകരും എല്ലാ പാര്‍ട്ടികളിലുമുണ്ട്. അവരില്‍ നിരവധിപ്പേര്‍ അവഗണനയും വിവേചനവും അനുഭവിക്കുന്നുമുണ്ട്. 50 ശതമാനം സ്ത്രീസംവരണം നിയമപരമായി നിര്‍ബന്ധമാക്കിയതുകൊണ്ടാണല്ലോ നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ കരുത്തും കഴിവും പ്രകടമാകുന്നത്. അഴിമതിയില്ലാത്തവരും നാടിന്‍റെ വികസനത്തോടു കൂടുതല്‍ പ്രതിബദ്ധതയുള്ളവരും ആളുകളുടെ പ്രശ്‌നങ്ങളോട് കൂടുതല്‍ അനുഭാവത്തോടെ പ്രതികരിക്കാന്‍ കഴിയുന്നവരും സ്ത്രീജനപ്രതിനിധികളാണ് എന്നതു തെളിയിക്കപ്പെട്ട കാര്യമാണ്. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും അതിന്  കേരളമാകെ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും എടുത്തു കാണിക്കാന്‍ സാധിക്കും. സ്വന്തം കുടുംബകാര്യങ്ങള്‍, മക്കളുടെയും ഭര്‍ത്താവിന്റെയും പ്രായമായ മാതാപിതാക്കളുടെയും കാര്യങ്ങള്‍ ഇതൊക്കെ വിശ്രമമില്ലാതെ നിര്‍വഹിച്ചിട്ടാണ് വനിതാ പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും ഔദ്യോഗിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നത്. അവിടെയും അവര്‍ ഒരുതരത്തിലുള്ള വീഴ്ചയും വരുത്തുന്നില്ല. സ്വന്തം അഭിമാനവും അന്തസ്സും കളങ്കമേല്‍ക്കാതെ സൂക്ഷിക്കുക എന്ന പരമപ്രധാന കാര്യവും ഇതിനൊക്കെയൊപ്പമുണ്ട്. സ്വയമെരിഞ്ഞ് മെഴുകുതിരി പോലെ വെളിച്ചം വിതറുന്ന സ്ത്രീക്ക് അര്‍ഹമായ അംഗീകാരം നല്‍കാന്‍, നിയമനിര്‍മാണസഭകളില്‍ മെച്ചപ്പെട്ട പ്രാതിനിധ്യം നല്‍കാന്‍ എല്ലാ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ട്. പക്ഷേ, അത് കിട്ടാതെ വരുമ്പോള്‍ തുറന്നു പറയാന്‍ സ്ത്രീകള്‍ മിക്കപ്പോഴും മടിക്കുത് ഭയംകൊണ്ടല്ല. പാര്‍ട്ടിയോടുള്ള കൂറുകൊണ്ടാണ്. മുമ്പോട്ടുപോകുമ്പോള്‍  തങ്ങള്‍ അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷകൊണ്ടാണ്; അക്കാര്യത്തില്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ കൂടുതലോ കുറവോ ഉണ്ടെന്നു കരുതുന്നില്ല. ചോ:  കോണ്‍ഗ്രസിലെ ഗ്രൂപ്പു വീതംവയ്പുമായി ഈ അവഗണനയ്ക്ക് ബന്ധമുണ്ടോ? ആരോപണവിധേയരായ നേതാക്കള്‍ക്കു പോലും ഗ്രൂപ്പിന്‍റെ പേരില്‍ സീറ്റു കിട്ടി. ലതിക എ ഗ്രൂപ്പിന്‍റെ ഭാഗമായതുകൊണ്ടായിരിക്കുമോ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും താല്‍പര്യം കാണിക്കാതിരുത്? 


ഉ: ഗ്രൂപ്പ് എന്നത് കോണ്‍ഗ്രസിലെ ഒരു യാഥാര്‍ത്ഥ്യമാണ്. പക്ഷേ, നിര്‍ണായകഘട്ടങ്ങളില്‍ ഗ്രൂപ്പിനേക്കാളും സ്വന്തം വ്യക്തിതാല്‍പര്യങ്ങളേക്കാളും പാര്‍ട്ടിയുടെയും നാടിന്റെയും താല്‍പര്യത്തിന് നേതാക്കള്‍ മുന്‍ഗണന നല്‍കുന്നതാണ് മുന്‍കാലങ്ങളിലൊക്കെ കണ്ടിട്ടുള്ളത്. മാധ്യമ പ്രവര്‍ത്തക എന്ന നിലയിലും പിന്നീട് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തക എ നിലയിലും മുതിര്‍ന്ന നേതാക്കളുമായി വിശദമായി സംസാരിക്കാനും അടുത്തിടപഴകാനും കഴിഞ്ഞപ്പോഴൊക്കെ മനസ്സിലായിട്ടുള്ളതാണ് ഈ മനോഭാവം. ലീഡര്‍ കെ കരുണാകരനും എ കെ ആന്റണിയുമൊക്കെ അതിശക്തമായി ഗ്രൂപ്പുകളിക്കുമ്പോഴും പാര്‍ട്ടി ദുര്‍ബലമാകാതിരി്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സ്ത്രീകളോടും ദളിത്, പിന്നോക്ക വിഭാഗങ്ങളോടും ന്യൂനപക്ഷങ്ങളോടുമൊക്കെ കോണ്‍ഗ്രസ് നീതി പുലര്‍ത്തിയിട്ടുമുണ്ട്. പിന്നീട് അവരുടെ പിന്നാലെ വന്നവരാണ് ഗ്രൂപ്പുകളെ പാര്‍ട്ടിക്കു മുകളില്‍ പ്രതിഷ്ഠിച്ചത്. ഞാന്‍ എ ഗ്രൂപ്പിന്‍റെ ഭാഗമായിരിക്കുമ്പോഴും എല്ലാ ഗ്രൂപ്പുകളിലുമുള്ള നേതാക്കളും പ്രിയ സഹോദരിയുടെ പരിഗണന തന്നിട്ടുണ്ട്. സഹോദരിക്ക് ഇത്രയൊക്കെ മതി എന്ന് അവര്‍ ചിന്തിച്ചിട്ടുണ്ടാകാം. അതായിരിക്കും എത്ര അവഗണിച്ചാലും ലതിക ക്ഷമിക്കുമെുന്നും പ്രതികരിക്കില്ലെുന്നും അവര്‍ കരുതിയത്. എല്ലാ ഗ്രൂപ്പുകളിലും സ്ത്രീകള്‍ക്ക് അവഗണനതന്നെയാണ്. എന്റെ സഹോദരി ബിന്ദുകൃഷ്ണ കൊല്ലം ഡിസിസി അധ്യക്ഷയാണല്ലോ. അവര്‍ക്ക് അര്‍ഹമായ സീറ്റു കിട്ടാതെ വന്നപ്പോള്‍ പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ച വികാരവും ആ സ്‌നേഹത്തിനു മുന്നില്‍ ബിന്ദു കരഞ്ഞുപോയതും കേരളം കണ്ടതാണ്. അതിനു ശേഷമാണ് അവര്‍ക്ക് കൊല്ലം സീറ്റു കൊടുക്കാന്‍ തീരുമാനിച്ചത്. എന്‍റെ പ്രിയ കൂട്ടുകാരിയും സഹോദരിയുമാണ് ഷാനിമോള്‍ ഉസ്മാന്‍. എത്ര കാലത്തെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിനു ശേഷമാണ് ഒടുവില്‍ അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജയിക്കാനായത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റിലും യുഡിഎഫ് ജയിച്ചപ്പോള്‍ ആലപ്പുഴയില്‍ ഷാനിമോള്‍ മാത്രം തോറ്റു.


അതിനെതിരേ അവര്‍ ചില നേതാക്കളുടെ പേരുകള്‍ കൃത്യമായി ചൂണ്ടിക്കാട്ടി കെപിസിസിക്ക് പരാതി കൊടുത്തതായി മാധ്യമങ്ങളില്‍ വന്നതാണല്ലോ. എന്തെങ്കിലും നടപടിയുണ്ടായോ? മനസ്സുമടുത്ത് കോണ്‍ഗ്രസ് വിട്ട ഷാഹിദ കമാല്‍ എന്നെ വിളിച്ചു കരഞ്ഞു. കെ സി റോസക്കുട്ടി ടീച്ചറെപ്പോലുള്ള മുതിര്‍ന്ന നേതാവിന് അര്‍ഹമായ അംഗീകാരം ലഭിച്ചിട്ടുണ്ടോ? അവരുടെ പ്രായവും പ്രവര്‍ത്തനപാരമ്പര്യവുമുള്ള പുരുഷനേതാക്കളുമായി അവര്‍ക്ക് ലഭിച്ച പരിഗണനകള്‍ താരതമ്യം ചെയ്തു നോക്കണം. എത്ര തുഛമാണവയെന്ന് അപ്പോഴാണ് മനസ്സിലാകുക. പക്ഷേ, സ്ത്രീകള്‍ പ്രതികരിച്ചാല്‍ സംഗതി മാറും. അവര്‍ക്ക് ഞങ്ങള്‍ എന്തൊക്കെ അംഗീകാരം കൊടുത്തിട്ടും മതിയാകുന്നില്ല എന്ന് പറയും. ഇവരുടെ ഔദാര്യമല്ല സ്ത്രീകള്‍ക്കു നല്‍കുന്ന അംഗീകാരങ്ങള്‍. നിങ്ങളുടെ ഭാര്യയോടോ സഹോദരിയോടെ മക്കളോടോ ആണെങ്കില്‍ ഇങ്ങനെ അനീതി ചെയ്യുമോ എന്ന് ഞാന്‍ പ്രതിപക്ഷ നേതാവിനോട് ചോദിച്ചു. മുമ്പൊരിക്കല്‍ പഠനമികവിന് അംഗീകാരം ലഭിച്ച പെകുട്ടിയെ അനുമോദിക്കുന്ന ചടങ്ങില്‍ അദ്ദേഹം ആ കുട്ടിയോട് പറഞ്ഞു, പാര്‍ട്ടിയില്‍ വരണം, എംഎല്‍എ ആകണം എന്നൊക്കെ.


ഇതേ കാര്യങ്ങള്‍ 1989ല്‍ ഈ ആന്‍റിയോടും പറഞ്ഞു പറ്റിച്ചതാണു മോളേ എന്ന് അതു കേട്ടുകൊണ്ടിരുന്ന ഞാന്‍ പകുതി തമാശയായി പറഞ്ഞു. അതൊക്കെ മനസ്സില്‍ കിടപ്പുണ്ടാകാം. അദ്ദേഹം 1989ല്‍ ആദ്യമായി കോട്ടയത്തു നിന്ന് ലോക്‌സഭയിലേക്കു മല്‍സരിക്കുമ്പോള്‍ മുതല്‍ പരിചയമുണ്ട്. അന്നു മുതല്‍ ഇക്കഴിഞ്ഞ ഐശ്വര്യ കേരളയാത്ര വരെ എത്രയോ വേദികള്‍ പങ്കിട്ടു. അപ്രിയ സത്യങ്ങള്‍ പല നേതാക്കളുടെയും മുഖത്തു നോക്കി പലപ്പോഴും പറഞ്ഞിട്ടുണ്ട്. കിട്ടുന്ന അവസരത്തില്‍ അവര്‍ തിരിച്ചു തരുന്നതാണ് ഇത്തരം ചവിട്ടിത്തേക്കല്‍. ഇനി അതു സഹിക്കാന്‍ തയ്യാറല്ല എന്നു പ്രഖ്യാപിക്കുമ്പോള്‍ അവരുടെ പ്രതികരണം എത്ര രൂക്ഷമാണ്; എത്ര മോശമാണ് അപ്പോഴത്തെ അവരുടെ ശരീരഭാഷ. സഹോദരി എന്ന് ഇതുവരെ വിളിച്ചവര്‍ ഇപ്പോള്‍ ഏതോ നികൃഷ്ട ജീവിയോടെന്നപോലെ പ്രതികരിക്കുന്നു. ജനം ഇതൊക്കെ കാണുന്നുണ്ട് എന്നതാണ് ആശ്വാസം. അവര്‍ അതനുസരിച്ചു തീരുമാനവുമെടുക്കും.


(സമകാലികമലയാളം വാരിക പ്രസിദ്ധീകരിച്ച അഭിമുഖം)


Share this News Now:
  • Google+
Like(s): 2.6K