30 October, 2021 06:42:18 PM


ബിറ്റ്‌കോയിൻ: കര്‍ണാടക രാഷ്ട്രീയത്തിലെ നിരവധി വമ്പന്മാരെ പിഴുതെറിഞ്ഞേക്കുംബംഗളൂരു: 'ബിറ്റ്‌കോയിന്‍ അഴിമതി'യുടെ കൊടുങ്കാറ്റ് കര്‍ണാടക രാഷ്ട്രീയത്തിലെ നിരവധി വമ്പന്മാരെ പിഴുതെറിഞ്ഞേക്കും. പോലീസ് അറസ്റ്റ് ചെയ്ത അന്താരാഷ്ട്ര ഹാക്കറില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ചില വലിയ രാഷ്ട്രീയ നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് ആയിരം കോടികള്‍ക്ക് മേല്‍ വിലമതിക്കുന്ന ബിറ്റ്കോയിനുകള്‍ കൈമാറ്റം ചെയ്തുവെന്നാണ് പിടിയിലായ ഹാക്കര്‍ നല്‍കുന്ന വിവരം.

2018 ന്റെ തുടക്കത്തില്‍ ബെംഗളൂരുവിലെ ഹൈ എന്‍ഡ് പബ്ബില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് 20 വയസുള്ള ശ്രീകൃഷ്ണ എന്നൊരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എ എന്‍.എ ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാടാണ് ഈ കേസിലെ മുഖ്യപ്രതി. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി പോലീസുകാരെ വട്ടംകറക്കിക്കൊണ്ടിരിക്കുകയായിരുന്നു ഹാക്കര്‍ ശ്രീകൃഷ്ണ.

പോലീസ് പറയുന്നതനുസരിച്ച്, ഹാക്കര്‍ തന്റെ ''ബിസിനസിനെ'' കുറിച്ച് വെളിപ്പെടുത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. രണ്ട് ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചുകള്‍ ഹാക്ക് ചെയ്ത് 2000 കോടി രൂപ വിലമതിക്കുന്ന 5000 ബിറ്റ്കോയിനുകള്‍ മോഷ്ടിച്ചതായി ശ്രീകൃഷ്ണ അവകാശപ്പെടുന്നു. നിരവധി സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യുകയും നൂറു കോടിയോളം വരുന്ന ടെന്‍ഡറുകളില്‍ കൃത്രിമം നടത്തുകയും ചെയ്തിട്ടുണ്ടെന്നും അയാള്‍ പോലീസിനോട് വെളിപ്പെടുത്തി. ഇയാളുടെ സൈബര്‍ തട്ടിപ്പുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം നടത്തിവരികയാണ്.

ഭരണകക്ഷിയായ ബിജെപിയില്‍ നിന്നുള്ള ചില ഉന്നത രാഷ്ട്രീയ നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് ഈ ബിറ്റ്‌കോയിനുകള്‍ കൈമാറാന്‍ ശ്രീകൃഷ്ണ നിര്‍ബന്ധിതനായി എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതുസംബന്ധിച്ച ചില പോലീസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണത്തിലുണ്ട്.

ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കണമെന്നും ദുരൂഹമായ ഈ ഇടപാടുകളെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. ''സര്‍ക്കാരിലെ ചില ഉന്നതര്‍ ബിറ്റ്‌കോയിനുകള്‍ കൈവശം വച്ചിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. അവ എങ്ങനെ ലഭിച്ചു? ഞാന്‍ ഉത്തരം ആവശ്യപ്പെടുന്നു. ഈ വന്‍ കുംഭകോണത്തെക്കുറിച്ച് ബിജെപി വ്യക്തത വരുത്തണം.'', മാധ്യമങ്ങളോട് സംസാരിക്കവെ സിദ്ധരാമയ്യ പറഞ്ഞു. ഈ വിഷയത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് കടുത്ത ആക്രമണമാണ്അഴിച്ചുവിട്ടിരിക്കുന്നത്.

ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും ബിജെപിയില്‍ നിന്ന് ആരും ബിറ്റ്‌കോയിന്‍ അഴിമതിയിൽ ഉള്‍പ്പെട്ടിട്ടില്ലെന്നുമാണ് വിഷയത്തില്‍ ആടിയുലഞ്ഞ കര്‍ണാടക സര്‍ക്കാര്‍ പ്രതികരിക്കുന്നത്. ''ഞങ്ങള്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ്. അഴിമതി സംസ്ഥാന പോലീസ് മാത്രമല്ല, ഐടി, ഇഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികളും അന്വേഷിക്കുന്നുണ്ട്. അന്വേഷണം കഴിയുമ്പോള്‍ സത്യം പുറത്തുവരും.'' ഉന്നത വിദ്യാഭ്യാസ - ഐടി - ബിടി മന്ത്രി ഡോ. സിഎന്‍ അശ്വത്‌നാരായണന്‍ പറഞ്ഞു,

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും ഇതേ നിലപാട് ആവർത്തിക്കുന്നു. യു എസ് ആസ്ഥാനമായുള്ള കമ്പനികളെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ശ്രീകൃഷ്ണയെ ചോദ്യം ചെയ്യാന്‍ അമേരിക്കയുടെ എഫ്ബിഐ ബെംഗളൂരുവിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര തള്ളിക്കളഞ്ഞു. എന്നാല്‍, പാര്‍ട്ടി വമ്പന്മാരെ രക്ഷിക്കാനായി ബിജെപി, കോണ്‍ഗ്രസിനെ ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

വിഷയത്തെക്കുറിച്ച് നേരിട്ട് അറിയാവുന്ന ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ബിറ്റ്‌കോയിന്‍ അഴിമതിയെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുന്നു. ഇത് ശ്രീകൃഷ്ണന്റെ അവകാശവാദങ്ങളാണെന്നും, അത് സംബന്ധിച്ച തെളിവുകള്‍ നല്‍കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്നും ആ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2018 ന്റെ തുടക്കത്തില്‍ ബെംഗളൂരു നഗരത്തിലെ ഹൈ എന്‍ഡ് പബ്ബില്‍ വെച്ച് വിദ്വത് എന്ന യുവാവിനെ മുഹമ്മദ് നാലപ്പാട് ആക്രമിച്ചിരുന്നു. അതിനുശേഷം രണ്ട് മാസത്തോളം ജയിലിലായിരുന്ന മുഹമ്മദ് നാലപ്പാട്, ജാമ്യത്തില്‍ പുറത്തിറങ്ങി. വിദ്വതിനെ ആക്രമിക്കുന്ന രാത്രിയില്‍ നാലപ്പാടിനൊപ്പം ശ്രീകൃഷ്ണയുമുണ്ടായിരുന്നു. സംഭവത്തിന് ശേഷം ബെംഗളൂരുവില്‍ നിന്ന് രക്ഷപ്പെട്ട ശ്രീകൃഷ്ണ കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി പോലീസിനെ വെട്ടിച്ച് നടക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K