13 June, 2022 05:17:11 PM


കല്ലുവാതുക്കല്‍ മദ്യദുരന്തം: മണിച്ചനടക്കം 33 തടവുകാർക്ക് മോചനം; ഗവർണർ ഒപ്പുവച്ചു



തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാരുടെ ശിക്ഷ ഇളവുചെയ്യാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ ഒപ്പുവെച്ചു. 22 വര്‍ഷത്തിന് ശേഷമാണ് മണിച്ചന്‍ മോചിതനാകുന്നത്. തടവ് ശിക്ഷയില്‍ മാത്രമാണ് ഇളവ് നല്‍കിയതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. മണിച്ചന്‍ ജയില്‍ മോചിതനാകാന്‍ പിഴ കൂടി അടയ്‌ക്കേണ്ടിവരും.

33 പേരെ തെരെഞ്ഞെടുത്തതിന്റെ കാരണം തേടി ഗവര്‍ണര്‍ ഫയല്‍ തിരിച്ചയച്ചിരുന്നു.എന്നാല്‍ വിദഗ്ദ സമിതി വിശദമായി പരിശോധിച്ചാണ് 64 പേരില്‍ 33 പേരെ വിടാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. എല്ലാ ചട്ടങ്ങളും പാലിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തിയതുകൊണ്ടാണ് ഉദ്യോഗസ്ഥ സമിതി ശുപാര്‍ശ ചെയ്ത 64 പട്ടിക 33 ആയി ചുരുങ്ങിയതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.

2000 ഒക്ടോബര്‍ 21ന് ഉണ്ടായ മദ്യ ദുരന്തത്തില്‍ 31പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അഞ്ഞൂറിലധികം പേര്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടു. 20 വര്‍ഷമായി വിനോദ് കുമാറും കൊച്ചനിയും ജയിലിലാണ്. വിനോദ് കുമാറിന് ഇതിനിടെ 8 വര്‍ഷത്തെ ശിക്ഷാ ഇളവ് ലഭിച്ചു. മണികണ്ഠന് 9 വര്‍ഷവും. ജീവപര്യന്തം ശിക്ഷയില്‍ ഇളവു നല്‍കണമെന്ന വിനോദ് കുമാറിന്റെ അപേക്ഷ 9 തവണയും കൊച്ചനിയുടേത് 12 തവണയും ജയില്‍ ഉപദേശകസമിതി തള്ളിയിരുന്നു.

മണിച്ചന്‍ വീട്ടിലെ ഭൂഗര്‍ഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാന്‍ വിഷസ്പിരിറ്റ് കലര്‍ത്തിയതാണ് ദുരന്തകാരണം. മുഖ്യപ്രതിയായ താത്ത എന്നറിയപ്പെടുന്ന ഹൈറുന്നിസ ശിക്ഷ അനുഭവിക്കുന്നതിനിടെ 2009ല്‍ കരള്‍രോഗം ബാധിച്ച് മരിച്ചു. മണിച്ചന്റെ ഗോഡൗണില്‍നിന്നും എത്തിച്ച് ഹൈറുന്നിസയുടെ വീട്ടില്‍ വിതരണം ചെയ്ത മദ്യം കഴിച്ചവരാണ് മരണപ്പെട്ടത്.

വിനോദ് കുമാര്‍, കൊച്ചനി എന്ന് വിളിക്കുന്ന മണികണ്ഠന്‍ എന്നിവര്‍ക്ക് സംസ്ഥാന ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇളവു നല്‍കിയിരുന്നു. കേസിലെ പ്രതിയായ മണിച്ചന്റെ സഹോദരങ്ങളാണ് ഇരുവരും. ഇരുവരും ഇനി മദ്യവ്യാപാരത്തില്‍ ഏര്‍പ്പെടില്ലെന്ന ബോണ്ട് സമര്‍പ്പിക്കണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K