23 December, 2025 01:24:46 PM
യുഡിഎഫ് വഴിയമ്പലമല്ല, അൻവര്‍ സംയമനം പാലിക്കണം- മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: പി.വി. അൻവറിനെ യുഡിഎഫിൽ അസോസിയേറ്റ് അംഗമായി ഉൾപ്പെടുത്തിയതിന് പിന്നാലെ മുന്നണിക്കുള്ളിൽ വാക്പോര് ശക്തമാകുന്നു. അൻവർ യുഡിഎഫിൽ വരുമ്പോൾ സംയമനം പാലിക്കണമെന്നും മുന്നണിയെ ഒരു 'വഴിയമ്പലമായി' കാണരുതെന്നും കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തുറന്നടിച്ചു. അവസരസേവകരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറരുതെന്നും അദ്ദേഹം കോഴിക്കോട്ട് വെച്ച് മുന്നറിയിപ്പ് നൽകി.
മുന്നണിയുടെ നയങ്ങളോടും നിലപാടുകളോടും നൂറു ശതമാനം യോജിച്ചു പോകുന്നവരെ മാത്രമേ കൂടെക്കൂട്ടാവൂ എന്ന നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. "പാർട്ടിയ്ക്ക് വിരുദ്ധമായി അൻവർ സംസാരിക്കാൻ പാടില്ല. ഐക്യജനാധിപത്യ മുന്നണിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്," മുല്ലപ്പള്ളി പറഞ്ഞു. അൻവറിനെ മുന്നണിയിൽ എടുത്തതിലുള്ള അതൃപ്തി മുല്ലപ്പള്ളിയുടെ വാക്കുകളിൽ വ്യക്തമായിരുന്നു.







