04 January, 2026 07:41:15 PM


'ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുല്‍ ഈശ്വറിനെതിരെ പരാതിയുമായി അതിജീവിത



തിരുവനന്തപുരം: രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത. രാഹുല്‍ ഈശ്വര്‍ സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു. രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണസംഘം മേധാവി പൂങ്കുഴലിക്ക് നല്‍കിയ പരാതി സൈബര്‍ പൊലീസിന് കൈമാറി. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിനാണ് കൈമാറിയത്.

രാഹുല്‍ ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ യുവതിയെ വീഡിയോയിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുല്‍ ഈശ്വര്‍ റിമാന്‍ഡിലായിരുന്നു. 16 ദിവസത്തിന് ശേഷമായിരുന്നു ജാമ്യം ലഭിച്ചത്.

നവംബർ 30നാണ് ഐഡൻ്റിറ്റി വെളിപ്പെടുത്തിയതിന് അതിജീവിതയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം രാത്രിയോടെ രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഡിസംബര്‍ 11ന് രാഹുൽ ഈശ്വറിനെ വീണ്ടും റിമാന്‍ഡ് ചെയ്യുകയായിരുന്നു. പിന്നീട് ഡിസംബർ 15നാണ് രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചതിന് പിന്നാലെ രാഹുൽ ഈശ്വറിനെ മെന്‍സ് കമ്മീഷന്‍ അംഗങ്ങൾ മാലയിട്ട് സ്വീകരിച്ചിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946