04 January, 2026 09:41:44 AM


തൃശ്ശൂർ റെയില്‍വേ സ്റ്റേഷനില്‍ വൻ അഗ്നിബാധ: 600 ഓളം ബൈക്കുകള്‍ കത്തിനശിച്ചു

പി എം മുകുന്ദൻ



തൃശ്ശൂർ: റെയില്‍വേ സ്റ്റേഷനില്‍ വൻ അഗ്നിബാധ. റെയില്‍വേ സ്റ്റേഷന്റെ പിൻഭാഗത്തെ പ്രവേശന കവാടത്തിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. 600 ഓളം ബൈക്കുകള്‍ കത്തിനശിച്ചെന്നാണ് പ്രാഥമിക വിവരം. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്.

രാവിലെ 6.45 ഓടെ റെയില്‍വേ സ്റ്റേഷനിലെ രണ്ടാമത്തെ ഗേറ്റിനടുത്തായാണ് തീപിടിച്ചത്. ആദ്യം രണ്ട് ബൈക്കുകള്‍ക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് വിവരങ്ങള്‍. ഇലക്‌ട്രിക് സ്കൂട്ടറിനാണ് ആദ്യം തീപിടിച്ചതെന്നും പറയപ്പെടുന്നു. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും അവിടെ നിർത്തിയിട്ടിരുന്ന ഇൻസ്പെക്ഷൻ വാഹനവും കത്തി നശിച്ചു.

തൃശൂർ, ഒല്ലൂർ തുടങ്ങിയ അഗ്നിരക്ഷാ സേന യൂണിറ്റുകള്‍ സംഭവസ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ബന്ധപ്പെട്ട് അപകടത്തെ കുറിച്ച്‌ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. തൃശ്ശൂർ റെയില്‍വേ സ്റ്റേഷനിലെ തീപിടുത്തം അതീവ ഗൗരവത്തോടെ കാണണമെന്നും കേന്ദ്രമന്ത്രി റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടു.

നിലവില്‍ തീ നിയന്ത്രണ വിധേയമാണെങ്കിലും പാർക്കിങ് ഷെഡ് പൂർണ്ണമായും കത്തി നശിച്ചു. തീ ആളിപ്പടർന്നതോടെ തകര ഷീറ്റ് മേഞ്ഞ ഷെഡ് പൂർണമായും അമർന്ന നിലയിലാണ്. തീ ആളിപ്പടർന്ന സമയത്ത് പാസഞ്ചർ ട്രെയിനുകള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്താതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K