27 December, 2025 02:25:37 PM


മറ്റത്തൂരില്‍ കോൺഗ്രസ് അംഗങ്ങൾ രാജിവെച്ചു; ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്രയെ ജയിപ്പിച്ചു



തൃശ്ശൂര്‍: തൃശൂര്‍ മറ്റത്തൂരില്‍ വന്‍ അട്ടിമറി. മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ആകെയുള്ള എട്ട് കോണ്‍ഗ്രസ് മെമ്പര്‍മാരും രാജിവെച്ച് ബിജെപിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കുകയും ഭരണത്തിലെത്തുകയും ചെയ്തു. സ്വത്രന്ത സ്ഥാനാര്‍ഥിയായി ജയിച്ച ടെസി ജോസ് കല്ലറയ്ക്കലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു.

കോണ്‍ഗ്രസില്‍ നിന്ന് ജയിച്ച 8 കോണ്‍ഗ്രസ് മെമ്പര്‍മാരുടെയും ബിജെപിയിലെ 4 അംഗങ്ങളില്‍ മൂന്ന് പേരുടെയും വോട്ട് ലഭിച്ച് 11 വോട്ട് നേടിയാണ് ജയിച്ചത്. ഒരു ബിജെപി അംഗത്തിന്റെ വോട്ട് അസാധുവായി. സ്വതന്ത്രനായി വിജയിച്ച കെആര്‍ ഔസേഫിന് പത്ത് എല്‍ഡിഎഫ് അംഗങ്ങള്‍ വോട്ട് ചെയ്തു. കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച സ്വതന്ത്ര അംഗത്തെ കൂട്ടുപിടിച്ച് ഭരണം ഉറപ്പാക്കാന്‍ എല്‍ഡിഎഫ് നീക്കം നടത്തുന്നതിനിടയിലാണ് എല്ലാവരെയും ഞെട്ടിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയുമായി സഖ്യമുണ്ടാക്കിയത്.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയോടും സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരോടും നേതൃത്വം കാണിച്ച നീതികേടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മിനിമോള്‍, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, പ്രിന്റോ പള്ളിപ്പറമ്പന്‍, സിജി രാജേഷ്, സിബി പൗലോസ്, നൂര്‍ജഹാന്‍ നവാസ് എന്നിവരാണ് രാജി സമര്‍പ്പിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956