27 December, 2025 10:19:14 AM
രാത്രിയുടെ മറവിൽ അല്ല ഒരാളെ സസ്പെൻഡ് ചെയ്യേണ്ടത്, ഡിസിസി പ്രസിഡന്റ് പക്വത കാണിച്ചില്ല- ലാലി ജെയിംസ്

തൃശൂർ: പണം വാങ്ങി മേയർ പദവി വിറ്റെന്ന ആരോപണമുന്നയിച്ചതിന് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതിൽ പ്രതികരിച്ച് ലാലി ജെയിംസ്. കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു കൊണ്ടായിരുന്നു ലാലിയുടെ പ്രതികരണം. രാത്രിയുടെ മറവിൽ അല്ല, ഒരാളെ സസ്പെൻഡ് ചെയ്യേണ്ടതെന്നും കാരണം കാണിക്കൽ നോട്ടീസ് നൽകാൻ പോലും നേതൃത്വം തയ്യാറായില്ലെന്നും ലാലി ജെയിംസ് പറഞ്ഞു.
പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്താലും ഇല്ലെങ്കില്‍ താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വ്യക്തിയായി മരിക്കുംവരെ തുടരുമെന്ന് തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസ്. മറ്റു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരോടൊപ്പം പ്രവര്‍ത്തിക്കും. എന്നാല്‍ അഴിമതി കണ്ടാല്‍ ശക്തമായി പ്രതികരിക്കുമെന്നും ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ സസ്‌പെന്‍ഡ് ചെയ്തത് മാധ്യമങ്ങളിലൂടെ അറിയേണ്ടി വന്നത് വിഷമകരമായ കാര്യമാണ്.
തനിക്കെതിരെ എടുത്ത നടപടിയിൽ ഡിസിസി പ്രസിഡൻ്റ് കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നു. പക്വതയോടെ കൈകാര്യം ചെയ്താൽ ആ വിഷയം പാർട്ടിയിൽ പ്രതിസന്ധി ആകില്ല. നേതൃത്വത്തിലുള്ളവർ എന്നെ വിളിക്കുക പോലും ചെയ്തിട്ടില്ല, ഡിസിസി ഓഫീസിലേക്ക് വിളിപ്പിക്കാനുള്ള മനസോ മനസാക്ഷിയോ അവർക്ക് ഉണ്ടായില്ലെന്നും ലാലി വിമർശിച്ചു. ആരോപണങ്ങളിൽ കഴമ്പ് ഉണ്ടോയെന്ന് അന്വേഷിക്കണം, കാരണം കാണിക്കൽ നോട്ടീസ് നൽകണം, ശരിയും തെറ്റും പരിശോധിച്ചതിന് ശേഷം നടപടിയെടുക്കണം, അങ്ങനെ അല്ലേ നടപടിക്രമം. അതാണ് സാമ്യാന മര്യാദയെന്നും ലാലി പറഞ്ഞു.
നേതാക്കൾക്ക് മാത്രമാണോ ആത്മാഭിമാനം ഉള്ളത്. പാർട്ടിയിൽ പ്രവർത്തിക്കുന്ന ഒരു ബൂത്ത് പ്രസിഡൻ്റിന് പോലും ആത്മാഭിമാനം ഉണ്ടാകുമെന്നും ലാലി പറഞ്ഞു. സസ്പെൻഡ് ചെയ്താലും താൻ കോൺഗ്രസുകാരെയായി തുടരുമെന്നും തന്നെ തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലാലി വ്യക്തമാക്കി. തിരിച്ചെടുത്തില്ലെങ്കിലും മരണംവരെ കോൺഗ്രസുകാരെയായി തുടരും. കോൺഗ്രസുകാരിയായി തുടരാൻ കോൺഗ്രസിൻ്റെ അംഗത്വം ആവശ്യമില്ല. സിപിഐഎമ്മിലേക്കോ ബിജെപിയിലേക്കോ ഇല്ലെന്നും അവർ വ്യക്തമാക്കി.
എഐസിസിയെയോ കെപിസിസിയെയോ സമീപിക്കില്ല. കാരണം രണ്ട് ഘടകങ്ങളും അവർക്കൊപ്പം ആണ്. അതുകൊണ്ടുതന്നെ സമീപിച്ചിട്ട് എന്ത് കാര്യമെന്നും ലാലി ചോദ്യമുന്നയിച്ചു. താൻ ഉയർത്തിയ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു. പണം നൽകി എന്നത് പലരും രണ്ടു ദിവസം മുൻപ് പറഞ്ഞതാണ്. പണം വാങ്ങി എന്നതിൻ്റെ തെളിവുകളൊന്നും കയ്യിൽ ഇല്ല. പറഞ്ഞുകേട്ട കാര്യം മാത്രമാണ്. പണം നൽകിയതിനാൽ മേയർ പദവി പ്രതീക്ഷിക്കേണ്ടതില്ല എന്ന് പലരും പറഞ്ഞു.







