30 December, 2025 09:29:58 AM


പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി കുതിരവട്ടത്ത് നിന്ന് ചാടിപ്പോയി



കോഴിക്കോട്: പെരിന്തൽമണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് ചാടിപ്പോയത്. മൂന്നാം വാർഡിൽ നിന്നാണ് രക്ഷപ്പെട്ടത്. ശുചിമുറിയുടെ ചുമർ തുരന്ന് പിന്നീട് ചുറ്റുമതിൽ ചാടി പുറത്ത് എത്തിയാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിയ്ക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

വിവാഹ അഭ്യർത്ഥന നിരസിച്ചതിന് ദൃശ്യ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി വിനീഷ് ജയിലിലായത്. കേസിൽ അറസ്റ്റിലായ വിനീഷ് കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്നു. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് കുതിരവട്ടം മാനസികാരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബർ 10നാണ് കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. ഇവിടെ നിന്നാണ് പ്രതി ശുചിമുറി വഴി പുറത്ത് ചാടി രക്ഷപ്പെട്ടത്. രണ്ട് വർഷം മുൻപും പ്രതി ഇതേ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 959