17 February, 2019 11:18:54 AM
പുല്‍വാമ ആക്രമണം: വിദ്യാര്‍ത്ഥിക്കെതിരെ രാജ്യദ്രോഹ കുറ്റം; 4 വിദ്യാര്‍ത്ഥിനികള്‍ക്ക് സസ്പെന്‍ഷന്‍

കാസര്‍ഗോഡ്: 40 ജവാന്മാര്‍ വീരമൃത്യു വരിച്ച പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്ക് കുറിപ്പെഴുതിയ കാസര്‍ഗോഡ് പെരിയയില്‍ സ്ഥിതിചെയ്യുന്ന കേരള കേന്ദ്രസര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി അവള രാമുവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ബേക്കല്‍ പൊലീസ് കേസെടുത്തു. ജവാന്മാരുടെ മരണത്തെ ഇകഴ്‌ത്തി കുറിപ്പെഴുതിയതിനാണ് കേസെടുത്തത്. സര്‍വ്വകലാശാലയില്‍ രണ്ടാം വര്‍ഷ എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിദ്യാര്‍ത്ഥിയായ അവള രാം, ആന്ധ്രപ്രദേശ് സ്വദേശിയാണ്. അതേസമയം അവള രാമിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഇതിനിടെ ഭീകരാക്രമണത്തിന് പിന്നിലെ ദേശവിരുദ്ധ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച നാല് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനികളെ ജയ്പൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് സസ്പെന്‍ഡു ചെയ്തു. തൊട്ടുപിന്നാലെ സര്‍വകലാശാല അധികൃതര്‍ നല്‍കിയ പരാതിയില്‍ നാല് പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എന്‍.ഐ.എം.എസ്) ലെ കശ്മീരില്‍ നിന്നുള്ള രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെയാണ് ജയ്പൂരില്‍ പൊലീസ് നടപടി സ്വീകരിച്ചതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
രാജ്യത്തെ നടുക്കിയ സംഭവത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന തരത്തില്‍ ഇവര്‍ വാട്സ്‌ആപ്പില്‍ പോസ്റ്റുചെയ്ത ചിത്രമാണ് നടപടിക്ക് ഇടയാക്കിയത്. പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെണ് സര്‍വകലാശാലയുടെ നടപടി. ദേശവിരുദ്ധ സന്ദേശം സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച സാഹചര്യത്തിലാണ് നടപടി സ്വീകരിക്കുന്നതെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ സര്‍വകലാശാല വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഇത്തരം പെരുമാറ്റങ്ങള്‍ സര്‍വകലാശാലയ്ക്ക് അംഗീകരിക്കാനാവില്ല. ശക്തമായി അപലപിക്കുന്നു.
ഇത്തരം നീക്കങ്ങള്‍ അതീവ ഗൗരവമായി കാണേണ്ടിവരുമെന്നും സര്‍വകലാശാല വ്യക്തമാക്കിയിട്ടുണ്ട്. സസ്പെന്‍ഷന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ഐ.ടി ആക്‌ട് അടക്കമുള്ളവ ചുമത്തിയാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാവും കേസ് അന്വേഷണമെന്ന് റൂറല്‍ എസ്‌പി ഹരീന്ദ്രകുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ദേശവിരുദ്ധ ട്വീറ്റിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയെ അലിഗഡ് സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തിരുന്നു.