01 November, 2025 03:06:23 PM


ആശാ സമരവേദിയിൽ വി ഡി സതീശന്‍ എത്തുന്നതിന് മുമ്പ് വേദിവിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍



തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എത്തുന്നതിന് മുന്‍പ് സെക്രട്ടേറിയറ്റിന് മുന്നിലെ ആശാപ്രവര്‍ത്തകരുടെ സമര വേദിയില്‍ നിന്ന് മടങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. രാപകല്‍ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് സംഘടിപ്പിച്ച സമര പ്രതിജ്ഞാറാലിയുടെ ഉദ്ഘാടകന്‍ പ്രതിപക്ഷ നേതാവ് ആയിരുന്നു. രാവിലെ സമരപന്തലിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ വി ഡി സതീശന്‍ എത്തുന്നതിന് തൊട്ടുമുമ്പ് വേദി വിടുകയും ശേഷം അദ്ദേഹം വേദിവിട്ട ശേഷം മടങ്ങിയെത്തുകയുമായിരുന്നു.

തന്നെ സംബന്ധിച്ച് ആശാവര്‍ക്കര്‍മാരുടെ സമരം വൈകാരികതയുള്ള വിഷയമാണെന്നും എംഎല്‍എ എന്ന നിലയില്‍ നിയമസഭയില്‍ ആദ്യമായി അവതരിപ്പിച്ച അടിയന്തര പ്രമേയം ആശാവര്‍ക്കര്‍മാര്‍ക്ക് വേണ്ടിയുള്ളതായിരുന്നു എന്നുമായിരുന്നു മാധ്യമങ്ങളെകണ്ട രാഹുൽ പറഞ്ഞത്. ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ വിലപോലും വേതനമായി ആശമാര്‍ക്ക് ലഭിക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. ഈ പ്രതികരണത്തിന് ശേഷം രാഹുല്‍ സ്ഥലത്ത് നിന്ന് മടങ്ങി. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് വേദിയിലേക്ക് എത്തിയത്.

അതേസമയം 265 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ ആശമാര്‍ നടത്തി വന്നിരുന്ന രാപകല്‍ സമരമാണ് ഇന്ന് അവസാനിപ്പിച്ചത്. മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ രണ്ടെണ്ണം ഒഴികെ എല്ലാം സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തിലാണ് പിന്മാറ്റം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 958