22 October, 2025 01:16:13 PM


ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി; സന്നിധാനത്തെത്തി അയ്യനെ വണങ്ങി ദ്രൗപദി മുര്‍മു



പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയിലെത്തി അയ്യപ്പനെ തൊഴുതു. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറി സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ തന്ത്രി പൂര്‍ണകുംഭം നല്‍കിയാണ് സ്വീകരിച്ചത്. രാഷ്ട്രപതിക്കൊപ്പം അംഗരക്ഷകരും ഇരുമുടി കെട്ടേന്തിയാണ് മല കയറിയത്.

ഇന്ന് രാവിലെ പമ്പയിലെത്തിയ രാഷ്ട്രപതി 11.45നാണ് പതിനെട്ടാം പടി കയറിയത്. പ്രത്യേക വാഹനത്തില്‍ 15 മിനിറ്റ് കൊണ്ടാണ് രാഷ്ട്രപതി ശബരിമലയില്‍ എത്തിയത്. രാഷ്ട്രപതി അയ്യപ്പനെ തൊഴുന്ന സമയത്ത് രാഷ്ട്രപതിക്കൊപ്പം ദേവസ്വം മന്ത്രി വി എന്‍ വാസവനും ഉണ്ടായിരുന്നു. 

പമ്പയിലെത്തിയ രാഷ്ട്രപതി പമ്പാ സ്‌നാനത്തിന് ശേഷം പമ്പയില്‍ വച്ച് തന്നെയാണ് കെട്ടുനിറച്ചത്. തുടര്‍ന്ന് പമ്പാ ഗണപതിയെ തൊഴുത് വണങ്ങിയ ശേഷമാണ് സന്നിധാനത്തേയ്ക്ക് പുറപ്പെട്ടത്. ഉപദേവതകളെയും വാവരു സ്വാമി നടയിലും തൊഴുത ശേഷം വൈകീട്ട് വരെ സന്നിധാനത്ത് വിശ്രമിച്ച ശേഷമാണ് രാഷ്ട്രപതി മല ഇറങ്ങുക. 

രാഷ്ട്രപതി പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടില്‍ എത്തുമ്പോള്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് ആണ് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചത്. ദര്‍ശനത്തിനു ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിലാണു ഭക്ഷണവും വിശ്രമവും. 3 വരെ അവിടെ ഉണ്ടാകും. രാഷ്ട്രപതിക്ക് ദേവസ്വം ബോര്‍ഡിന്റെ ഉപഹാരമായി കുമ്പിളിന്റെ തടിയില്‍ കൊത്തിയെടുത്ത അയ്യപ്പ രൂപം സമ്മാനിക്കും. 

രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുമുറ്റം, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, രാഷ്ട്രപതി താമസിക്കുന്ന ദേവസ്വം ഗസ്റ്റ് ്ഹൗസ് എന്നിവ പ്രത്യേക സുരക്ഷാ സംഘത്തിന്റെ നിയന്ത്രണത്തിലാണ്. മലകയറും മുന്‍പ് രാഷ്ട്രപതിക്ക് പമ്പാ സ്‌നാനം നടത്താന്‍ ത്രിവേണിയില്‍ ജലസേചന വകുപ്പ് താല്‍ക്കാലിക സ്‌നാനഘട്ടം ഒരുക്കിയിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K