14 October, 2025 05:52:01 PM


ശബരിമല സ്വർണക്കൊള്ള: അസി. എഞ്ചിനീയർ സുനിൽ കുമാറിന് സസ്പെൻഷൻ



തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കടുത്ത നടപടി തുടർന്ന് ദേവസ്വം ബോർഡ്. അസിസ്റ്റൻ്റ് എൻജിനീയരെ സസ്പെൻഡ് ചെയ്തു. ദേവസ്വം ബോർഡ് ചേർന്ന യോ​ഗത്തിലാണ് പ്രതിപ്പട്ടികയിലുള്ള കെ. സുനിൽകുമാറിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനമായത്. വിരമിച്ച ഉദ്യോഗസ്ഥർക്കെതിരായ നടപടി കോടതി ഉത്തരവിനനുസരിച്ച് എടുക്കാനും യോ​ഗത്തിൽ തീരുമാനമായിട്ടുണ്ട്.

സ്വർണം പൊതിഞ്ഞ ചെമ്പുതകിടുകളാണ് ദ്വാരപാലക ശില്പങ്ങളിൽ എന്ന് അറിയാമായിരുന്നിട്ടും വെറും ചെമ്പ് തകിടുകൾ എന്നെഴുതി തയ്യാറാക്കിയ മഹ്‌സറിൽ സാക്ഷിയായി ഒപ്പുവെച്ച് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൊടുത്തു വിടാൻ ഇടയാക്കി എന്നതാണ് സുനിൽ കുമാറിനെതിരായ പ്രധാന കണ്ടെത്തൽ. വിരമിച്ച ഉദ്യോഗസ്ഥർക്കെതിരായ നടപടി കോടതിയുടെ ഉത്തരവ് അനുസരിച്ച് സ്വീകരിക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്.

അതേസമയം കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ദേവസ്വം ആസ്ഥാനത്തെത്തി. ഔദ്യോഗിക അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് നീക്കം. സ്വർണപ്പാളിയിലെ രേഖകളിലാണ് പരിശോധന. ദേവസ്വം വിജിലൻസ് എസ് പി അടക്കമുള്ള ഉദ്യോഗസ്ഥരെയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരേയും അന്വേഷണ സംഘം കാണും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927