31 October, 2025 04:21:12 PM
കേസുകളുടെ അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുത്; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: കേസുകളുടെ അന്വേഷണ വിവരങ്ങളും പ്രതികളുടെ കുറ്റസമ്മത മൊഴികളും മാധ്യമങ്ങളുമായി പങ്കുവെക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ സർക്കുലർ പുറത്തിറക്കി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് സുപ്രധാന കേസുകളുടെ അന്വേഷണം തുടരുന്നതിനിടെ ഈ മാസം 29ന് ഡിജിപി ഈ ഉത്തരവിറക്കിയത്.
അന്വേഷണ പുരോഗതിയുടെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തരുത്. വാർത്താ സമ്മേളനം നടത്തി പ്രതികളുടെ കുറ്റസമ്മത മൊഴി വിവരങ്ങൾ ഉൾപ്പെടെ പുറത്തുവിടുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഈ നടപടി. ഇത്തരം നടപടികൾ കേസുകളുടെ വിചാരണയെ ബാധിക്കുമെന്നും, ഹൈക്കോടതിയുടെ നിരവധി ഉത്തരവുകൾ ലംഘിക്കുന്നതിന് തുല്യമാണെന്നും സർക്കുലറിൽ ഓർമിപ്പിക്കുന്നു.
കുറ്റസമ്മത മൊഴി കോടതിക്ക് മുന്നിൽ പ്രധാന തെളിവല്ല. എന്നിട്ടും, ഉദ്യോഗസ്ഥർ മൊഴികളുടെ അടിസ്ഥാനത്തിൽ പ്രതി കുറ്റവാളിയാണെന്ന് വിധിക്കുന്നത് പൊതുജനമധ്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഇതിനെത്തുടർന്ന്, വിചാരണയ്ക്കുശേഷം പ്രതിയെ വെറുതെവിട്ടാൽ കോടതിയും അന്വേഷണ ഏജൻസിയും പൊതുജനരോഷത്തിന് ഇരയാകാറുണ്ട്.
നിയന്ത്രണങ്ങൾ ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് സർക്കുലർ മുന്നറിയിപ്പ് നൽകുന്നു. ഏതെങ്കിലും പ്രത്യേക കേസ് ചൂണ്ടിക്കാട്ടിയല്ല ഈ സർക്കുലർ എങ്കിലും, ശബരിമല സ്വര്‍ണക്കൊള്ളയടക്കമുള്ള പ്രധാന കേസുകളിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് ഈ നിർദേശം വന്നിരിക്കുന്നത്.
 
                                

 
                                        



