17 October, 2025 10:20:36 AM
ശബരിമല സ്വർണക്കവർച്ച: ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ആദ്യ അറസ്റ്റ്. സ്പോൺസർ വേഷം കെട്ടി ശബരിമലയിൽ നിന്ന് സ്വർണം കടത്തിയെന്ന് വിജിലൻസ് കണ്ടെത്തിയ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം പുലർച്ചെ രേഖപ്പെടുത്തി. രണ്ട് കേസുകളിലാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പളിയുടെയും, ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണക്കൊള്ളയിലാണ് അറസ്റ്റ്.
പുലർച്ചെ 2.30 നാണ് പ്രത്യേകസംഘം തിരുവനന്തപുരം ഓഫീസിലെത്തിച്ച് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. എസ്ഐടി അന്വേഷണം തുടങ്ങി ആറാം ദിവസമാണ് കേസിലെ നിർണായക നടപടി. പത്ത് മണിക്കൂറിലേറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്.
രണ്ട് കേസുകളിലെയും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. പ്രത്യേക സംഘത്തിന് നേതൃത്വം കൊടുക്കുന്ന എസ്പി ശശിധരന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുലർച്ചെ 3.40 ഓടെ ഉണ്ണികൃഷ്ണൻ പോറ്റി തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ റാന്നി കോടതിയിൽ പ്രതിയെ ഹാജരാക്കും. ഏഴ് മണിയോടെയാണ് പത്തനംതിട്ടയിലേക്ക് കൊണ്ടുപോവുക.
ശബരിമല ശിൽപ്പങ്ങളിലെ സ്വർണം ഉരുക്കി കൊള്ള നടത്തിയതിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരികയെന്ന വലിയ ഉത്തരവാദിത്തമാണ് പ്രത്യേക അന്വേഷണ സംഘത്തിനുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റിയും സ്മാർട്ട് ക്രിയേഷൻും നടത്തിയ ഇടപാടുകളിൽ ദേവസ്വം ബോർഡിലെ ആരൊക്കെ പങ്കാളികളായി എന്നാണ് ഇനി അറിയേണ്ടത്. 474 ഗ്രാം സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് തിരിച്ച് നൽകിയെന്ന് സ്മാർട്ട് ക്രിയേഷൻ നൽകിയ മൊഴി എങ്കിലും 11 ഗ്രാം സ്വർണം കൂടി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയ്യിൽ അധികമായി ഉണ്ടെന്നാണ് രേഖകൾ. കൊള്ള നടത്തിയ ഉണ്ണികൃഷ്ണൻ സ്വർണം പോറ്റി കൈമാറിയത് ബെംഗളൂരു സ്വദേശി കൽപേഷിനാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൽ കണ്ടെത്തൽ.