04 November, 2025 11:01:28 AM


മൂന്നാര്‍ കാണാനെത്തിയ മുംബൈ സ്വദേശിനിയെ ഭീഷണിപ്പെടുത്തി; രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍



ഇടുക്കി: മൂന്നാർ‌ സന്ദര്‍ശനത്തിനെത്തിയ മുംബൈ സ്വദേശിനിയായ വിനോദ സഞ്ചാരിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് ടാക്സി ഡ്രൈവര്‍മാര്‍ പിടിയിൽ. മൂന്നാര്‍ സ്വദേശികളായ വിനായകൻ, വിജയകുമാര്‍ എന്നിവരെയാണ് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീഡിയോയിൽ നിന്ന് ഇവരെ പോലീസ് തിരിച്ചറിയുകയായിരുന്നു. ഈ വീഡിയോ ആണ് പ്രതികളെ തിരിച്ചറിയുന്നതിൽ നിര്‍ണായകമായത്.

സ്വമേധയാ കേസെടുത്താണ് അന്വേഷണം നടത്തിവന്നിരുന്നത്. യുവതിയുടെ വീഡിയോയുടെ അടിസ്ഥാനത്തിലാണ് മൂന്നാർ പോലീസ് കേസെടുത്തത്. തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഒക്ടോബർ 30ന് മൂന്നാറിലെത്തിയ മുംബൈ സ്വദേശിനി ജാൻവിക്കാണ് ദുരനുഭവം ഉണ്ടായത്. ഇക്കാര്യം അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. യുവതിയിൽ നിന്ന് നേരിട്ട് വിവരങ്ങളെടുക്കാനും പോലീസ് ശ്രമം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ പ്രതികളെ പിടികൂടിയത്.

അതേസമയം, വിനോദ സഞ്ചാരിക്ക് ദുരനുഭവം ഉണ്ടായ സംഭവത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. മൂന്നാർ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ സാജു പൗലോസ്, ഗ്രേഡ് എസ് ഐ ജോർജ് കുര്യൻ എന്നിവർക്കെതിരെയാണ് നടപടി. കൃത്യവിലോപം കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലാ പോലീസ് മേധാവി നടപടിയെടുത്തത്.

മുംബൈ സ്വദേശിനിയെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയ സംഭവം വളരെ ദൗര്‍ഭാഗ്യകരമാണെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. വലിയ പ്രതീക്ഷയോടെയാണ് അവര്‍ മുബൈയിൽ നിന്ന് കേരളത്തിലെത്തിയത്. ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായ ടൂറിസം കേന്ദ്രമാണ് കേരളം. മൂന്നാറിൽ നടന്നത് നെഗറ്റീവ് സംഭവമാണ്. പോസിറ്റീവ് കാര്യങ്ങള്‍ കൂടി വാര്‍ത്തയാക്കണം. ഇത്തരം സംഭവങ്ങളിലൂടെ കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരരുത്. ഏറ്റവും സമധാനമുള്ള സംസ്ഥാനമാണ് കേരളം. അവിടെ വന്ന് ഇങ്ങനെയൊരു അനുഭവം ഇതര സംസ്ഥാനത്തുനിന്ന് വന്ന ടൂറിസ്റ്റിന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.‌



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933