20 October, 2025 09:09:56 AM


വ്യോമസേനാ താവളത്തില്‍ മലയാളി സൈനികന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു



കോയമ്പത്തൂര്‍: സുലൂര്‍ വ്യോമസേനാ താവളത്തില്‍ സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മലയാളി ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ച നിലയില്‍. പാലക്കാട് യാക്കര കടുന്തുരുത്തി പള്ളിക്കണ്ടത്ത് വീട്ടില്‍ എസ് സാനു (47) ആണു മരിച്ചത്. ഡിഫന്‍സ് സെക്യൂരിറ്റി കോറില്‍ നായിക് ആയിരുന്നു.

ഞായറാഴ്ച രാവിലെയാണ് സംഭവം. രാവിലെ 6 മണിക്ക് വ്യോമസേനാ ക്യാംപസിലെ 13-ാം നമ്പര്‍ ടവര്‍ പോസ്റ്റിലായിരുന്നു ഡ്യൂട്ടി. പോസ്റ്റില്‍ കയറി 10 മിനിറ്റിനകം എകെ 103 റൈഫിള്‍ ഉപയോഗിച്ചു തലയിലേക്കു സ്വയം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വെടിശബ്ദത്തിനു പിന്നാലെ സാനു മുകളില്‍ നിന്നു താഴേക്കു തെറിച്ചുവീണു. താഴെയുണ്ടായിരുന്ന ജവാനാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. ഉടന്‍തന്നെ വൈദ്യപരിശോധന നടത്തി മരണം സ്ഥിരീകരിച്ചതോടെ ഇഎസ്‌ഐ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജോലിയില്‍ വളരെയേറെ സമ്മര്‍ദം ഉണ്ടായിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്.

രണ്ടാഴ്ച മുന്‍പ് അവധിയില്‍ വന്നിരുന്നപ്പോള്‍ മാനസിക സമ്മര്‍ദത്തിനു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും വിശ്രമവും മരുന്നും ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും മരുന്നു കൃത്യമായി കഴിച്ചിരുന്നില്ലെന്നും വീട്ടുകാര്‍ പറഞ്ഞെന്നു കേസ് അന്വേഷിക്കുന്ന സുലൂര്‍ പൊലീസ് പറഞ്ഞു. മാനസിക സമ്മര്‍ദം അധികമായതായി രണ്ടു ദിവസം മുന്‍പ് ഭാര്യയോട് വിഡിയോ കോളില്‍ പറഞ്ഞതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെടാനുള്ള നീക്കത്തിലാണ് കുടുംബം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944