03 November, 2025 10:26:40 AM
ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ. വാസുവിൻ്റെ മൊഴി രേഖപ്പെടുത്തി. 2019ലെ ദേവസ്വം കമ്മീഷണറും പിന്നീട് ദേവസ്വം പ്രസിഡൻ്റുമായിരുന്നു എൻ. വാസു. എസ്പി ശശിധരൻ കഴിഞ്ഞദവസം വാസുവിൻ്റെ മൊഴി എടുത്തുവെന്നാണ് വിവരം. 2019ൽ സ്വർണപ്പാളികൾ ചെമ്പുപാളികളാണെന്ന് പറഞ്ഞ ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസറുടെ ശുപാർശയിൽ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്നതടക്കമുള്ള ചോദ്യങ്ങളാണ് എസ്ഐടി ചോദിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൊടുത്തു വിടുന്നതിൽ ദേവസ്വം ബോർഡ് എന്ത് തീരുമാനം എടുത്ത് എന്നതടക്കമുള്ള കാര്യങ്ങൾ ചോദിച്ചുവെന്നും വിവരമുണ്ട്.
അതേസമയം, കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിലായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ചെമ്പുപാളികൾ കൊടുത്തുവിടണമെന്ന് ദേവസ്വം ബോർഡിന് ശുപാർശ ചെയ്തത് സുധീഷ് കുമാർ ആയിരുന്നു. പാളികൾ കൊടുത്തു വിടുമ്പോൾ തയ്യാറാക്കിയ മഹസറിലും അന്വേഷണ സംഘം ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു. സുധീഷ് കുമാർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം കൈവശപ്പെടുത്താൻ അവസരമൊരുക്കി കൊടുത്തുവെന്ന് റിമാൻഡ് റിപ്പോർട്ടിലും പറയുന്നുണ്ട്.
ശബരിമലയില്‍ സ്വര്‍ണപ്പാളി കടത്തിക്കൊണ്ടുപോയ സംഭവം നടക്കുമ്പോള്‍ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു നേരത്തെ അറസ്റ്റിലായ സുധീഷ് കുമാര്‍. പിന്നീട് എന്‍ വാസു പ്രസിഡന്റായപ്പോള്‍ അദ്ദേഹത്തിന്റെ പിഎ ചുമതലയിലേക്കും സുധീഷ് എത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഗൂഢാലോചന സംബന്ധിച്ച എന്‍ വാസുവിലേക്കും എത്തിയിരിക്കുന്നത്.






