22 February, 2019 10:58:58 AM
ഹര്‍ത്താല്‍ നടത്തി വെട്ടിലായി; ഡീന്‍ കുര്യാക്കോസില്‍ നിന്നും നഷ്ടം ഈടാക്കാന്‍ കോടതി നിര്‍ദേശം

കൊച്ചി: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ മുഴുവന്‍ നഷ്ടങ്ങള്‍ക്കും തുല്യമായ തുക യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കാസര്‍ഗോഡ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് യുഡിഎഫാണ് ആണ് എന്ന കാര്യം പരിഗണിച്ച് ജില്ലയിലെ നാശനഷ്ടങ്ങളുടെ ചിലവ് കാസര്‍ഗോഡ് യുഡിഎഫ് ചെയര്‍മാന്‍ എം.സി.കമറൂദീന്‍, കണ്‍വീനര്‍ ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നും ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാവുന്ന ഹര്‍ത്താലുകള്‍ ജനജീവിതം ദുസഹമാക്കുന്നത് പരിഗണിച്ച് ഹര്‍ത്താല്‍ നടത്തുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ നേരത്തെ കേരള ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം ഹര്‍ത്താല്‍ നടത്തണമെങ്കില്‍ മിനിമം ഏഴ് ദിവസം മുന്‍പ് ഇക്കാര്യം പ്രഖ്യാപിക്കുകയും നോട്ടീസ് നല്‍കുകയും വേണം. എന്നാല്‍ കാസര്‍കോട് പെരിയയില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അര്‍ധരാത്രി ഒരു മണിയോടെയാണ് ഫേസ്ബുക്കിലൂടെ ഹര്‍ത്താല്‍ നടത്തുന്ന കാര്യം ഡീന്‍ കുര്യാക്കോസ് പ്രഖ്യാപിച്ചത്. ഇതിനെതിരെ ലഭിച്ച പരാതിയിലാണ് കേരള ഹൈക്കോടതി കര്‍ശന നടപടി സ്വീകരിച്ചത്.