28 February, 2019 05:51:25 PM
വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ പരാജയപ്പെടുന്നു - ജി.സുധാകരന്‍

ഏറ്റുമാനൂര്‍: സര്‍ക്കാരിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ സഹകരിക്കുന്നില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ജനാധിപത്യരീതിയിലുള്ള പത്രപ്രവര്‍ത്തനമല്ല ഇന്നത്തേത്. കുറ്റങ്ങളും കുറവുകളും മാത്രം ചൂണ്ടികാട്ടി അപമാനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. അവിശ്വസനീയമായ രീതിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ നടക്കുമ്പോഴും അത് കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നില്ലെന്നും മന്ത്രി പരിഭവപ്പെട്ടു.
നവീകരണം പൂര്‍ത്തിയായ എം.സി.റോഡിന്‍റെ ചെങ്ങന്നൂര്‍ മുതല്‍ മൂവാറ്റുപുഴ വരെയുള്ള ഭാഗം നാടിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. 2004ന് ശേഷം ആദ്യമായാണ് കെ.എസ്.ടി.പി ഏറ്റെടുത്ത ജോലികള്‍ കൃത്യമായി പൂര്‍ത്തിയാക്കുന്നതെന്ന് മന്ത്രി ചൂണ്ടികാട്ടി. സംസ്ഥാനത്ത് ആറ് റോഡുകളാണ് കെ.എസ്.ടി.പി ഉന്നത നിലവാരത്തില്‍ പൂര്‍ത്തിയാക്കിയത്. മന്ത്രിതലം മുതല്‍ ഉദ്യോഗസ്ഥതലം വരെ പൊതുമരാമത്ത് വകുപ്പില്‍ നിലനിന്നിരുന്ന അഴിമതി പാടേ തുടച്ചുമാറ്റാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സുധാകരന്‍ ചൂണ്ടികാട്ടി.
രാഷ്ട്രീയ താല്‍പര്യമോ അഴിമതിയോ ഇല്ലാതെ വ്യക്തമായ തയ്യാറെടുപ്പുകള്‍ നടത്തി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെകാലം പ്രയോജനം ചെയ്യുമെന്നും ഇത്തരത്തിലുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ വ്യക്തമായ തയ്യാറെടുപ്പുകളും നിര്‍മ്മാണത്തിലെ സൗന്ദര്യവല്‍ക്കരണവും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരുമുണ്ടായിരിക്കണം. കാര്യക്ഷമതയുള്ള കോണ്‍ട്രാക്ടര്‍മാരെ കണ്ടെത്തി സെമിനാറുകളും മറ്റും സംഘടിപ്പിച്ച് അക്കാദമിക്ക് രീതിയില്‍ അവരെ ഉയര്‍ത്തിയെടുക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത് കണ്ടെത്തുന്ന പ്രശ്‌നങ്ങള്‍ അപ്പോള്‍ തന്നെ ചൂണ്ടികാട്ടിയാല്‍ പരിഹരിച്ച് മുന്നോട്ടുപോകാനാവും. പണികള്‍ പൂര്‍ത്തിയായ ശേഷം പറയുന്ന പരാതികള്‍ പരിഹരിക്കുമ്പോള്‍ പൂര്‍ണ്ണ ഫലപ്രാപ്തിയിലെത്തിയെന്നുവരില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ മാധ്യമങ്ങളും ജനങ്ങളും ഒന്നുപോലെ ബോധവാന്മാരാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കോട്ടയം, വൈക്കം കോടതികള്‍ക്കായി പൊതുമരാമത്ത് വകുപ്പ് പണിത കെട്ടിടങ്ങള്‍ തങ്ങളെ അറിയിക്കാതെ ബാര്‍ അസോസിയേഷന്‍ ഏറ്റെടുത്ത് ഉദ്ഘാടനം ചെയ്തതിനെ മന്ത്രി വിമര്‍ശിച്ചു. പണിപൂര്‍ത്തിയായ കെട്ടിടം തങ്ങള്‍ വിട്ടുകൊടുക്കുന്നതിന് മുമ്പ് ഉദ്ഘാടനം ചെയ്തതു കൊണ്ട് ബാര്‍ അസോസിയേഷന് എന്ത് നേട്ടമുണ്ടായെന്നും മന്ത്രി ചോദിച്ചു.
അഡ്വ.കെ.സുരേഷ്‌കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ മോന്‍സ് ജോസഫ്, എല്‍ദോ എബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, നഗരസഭാ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍, കെ.എന്‍.വേണുഗോപാല്‍, കെ.എസ്.ടി.പി ചീഫ് എഞ്ചിനീയര്‍ ഡാര്‍ലിന്‍ സി ഡിക്രൂസ്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രാകേഷ് സി, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പൗലോ സോണസ് എന്നിവര്‍ പ്രസംഗിച്ചു.
ആറു പാലങ്ങള്‍ ഉള്‍പ്പെടെ 87 കി.മി ദൂരം 293.58 കോടി മുടക്കി ബിഎം ബിസി നിലവാരത്തിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പാലങ്ങളെല്ലാം 7.5 മീറ്റര്‍ ക്യാരിയേജ് വെയും 1.5 മീറ്റര്‍ വീതിയില്‍ ഇരു വശങ്ങളിലും ഫുട്പാത്തോടും കൂടിയാണ് റോഡ് നിര്‍മ്മിച്ചിരിയ്ക്കുന്നത്. ജംഗ്ഷനുകള്‍ ആധുനിക സിഗ്‌നല്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പട്ടിത്താനം റൗണ്ടാന സൗന്ദര്യവല്‍ക്കരിക്കണമെന്ന് മന്ത്രി

ഏറ്റുമാനൂര്‍ എം.സി.റോഡില്‍ പട്ടിത്താനം ജംഗ്ഷനില്‍ നിര്‍മ്മിച്ചിരിക്കുന്ന റൗണ്ടാന സൗന്ദര്യവല്‍ക്കരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുതിയ കാലം, പുതിയ നിര്‍മ്മാണം എന്ന സര്‍ക്കാരിന്‍റെ കാഴ്ചപാടിനനുസരിച്ചുള്ള വികസനം എല്ലാ മേഖലയിലും ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടികാട്ടി. എം.സി.റോഡിന്‍റെ ചെങ്ങന്നൂര്‍ മുതല്‍ മൂവാറ്റുപുഴ വരെ നവീകരിച്ച ഭാഗത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞ ശേഷം പട്ടിത്താനം ജംഗ്ഷനിലേക്കിറങ്ങി നടത്തിയ പരിശോധനയ്ക്കു ശേഷമായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം.
പട്ടിത്താനത്തെ റൗണ്ടാന വെറുതെ കിടന്നാല്‍ അവിടം സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ വരെ നടക്കാന്‍ സാധ്യതയുണ്ട്. പുല്‍തകിടുകളും ചെടികളും നട്ടുപുടുപ്പിച്ച് ചെറുപൂന്തോട്ടമാക്കി മാറ്റി സ്റ്റീല്‍ വേലിസ്ഥാപിക്കണമെന്നും ഗേറ്റ് വെയ്ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കെ.എസ്.ടി.പിയുടെ ചെലവില്‍ തന്നെ പുന്തോട്ടം നിര്‍മ്മിച്ച് പരിപാലനത്തിനായി നഗരസഭയെ ചുമതലപ്പെടുത്താനാണ് ആലോചിക്കുന്നതെന്ന് ചീഫ് എഞ്ചിനീയര്‍ ഡാര്‍ലിന്‍ സി ഡിക്രൂസ്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രാകേഷ് സി എന്നിവര്‍ പറഞ്ഞു.