05 October, 2019 12:50:25 PM


പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കായികമേളയ്ക്ക് അനുമതി കൊടുത്തിട്ടില്ലെന്ന് നഗരസഭ ചെയർപേഴ്സൺ



പാലാ: മുനിസിപ്പൽ സ്റ്റേഡിയത്തിൽ അതിക്രമിച്ചു കയറി കായികമേള നടത്തിയ കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാനും, പരിക്കേറ്റ വിദ്യാർത്ഥിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാനും പാലാ നഗരസഭാ യോഗം  തീരുമാനിച്ചു. പാലായില്‍ നടന്നുവരുന്ന ജൂനിയര്‍ അത് ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് മേലുകാവ് സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥി അഫീൽ ജോൺസണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തെ തുടര്‍ന്നാണ് നഗരസഭയുടെ നടപടി.


ഇതിനിടെ സംഭവത്തില്‍ പ്രതിഷേധവുമായി ഡിവൈ.എഫ്.ഐ. പ്രവർത്തകർ പാലാ കൗൺസിൽ യോഗം നടക്കുന്ന ഹാളിലേക്ക് ഇരച്ചു കയറിയിരുന്നു. രാവിലെ പത്തരയ്ക്ക് തുടങ്ങിയ നഗരസഭായോഗത്തിൽ പതിനൊന്നേമുക്കാലോടെ ഇരുപതോളം വരുന്ന ഡി വൈ എഫ് ഐ പ്രവർത്തകർ കൊടിയുമായി എത്തുകയായിരുന്നു. ഉത്തരവാദികൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ നഗരസഭാധികൃതർ കാണിക്കുന്ന അനാസ്ഥയും അലംഭാവവും  എത്രയും വേഗം അവസാനിപ്പിക്കണമെന്നും വിദ്യാർത്ഥിയുടെ കുടുംബത്തിന്  അർഹമായ നഷ്ട പരിഹാരം എത്രയും വേഗം  നൽകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 


ചെയർപേഴ്‌സണ്‍ അത്‌ലറ്റിക് അസോസിയേഷന് എല്ലാ അനുവാദവും പിൻവാതിലിലൂടെ നൽകുകയും ഇവിടെ വന്നു നാടകം കളിക്കുകയുമാണെന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. അവരുമായി മോശമല്ലാത്ത ബന്ധം ചെയര്‍പേഴ്സണുണ്ടെന്നു ഞങ്ങൾക്കറിയാമെന്നും അവർ പറയുന്നുണ്ടായിരുന്നു. എന്നാൽ അക്ഷോഭ്യയായി സമരക്കാരെ നേരിട്ട ചെയർപേഴ്‌സൺ ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ചു കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാമെന്ന് സമരക്കാരെ അറിയിച്ചു. തുടർന്ന് പോലീസ് സമരക്കാരെ നീക്കുന്നതിനിടയിൽ പോലീസുമായി വാക്കുതർക്കമുണ്ടായി. ഒടുവിൽ പോലീസിന്‍റെ അഭ്യർത്ഥനയെ തുടർന്ന് ഡി വൈ എഫ് ഐ പ്രവർത്തകർ പിരിഞ്ഞു പോവുകയാണുണ്ടായത്.


സമരക്കാർ ചെയർ പേഴ്‌സൺ ബിജി ജോജോക്കെതിരെ ഉന്നയിച്ച ആരോപണത്തെ ബെറ്റി ഷാജു ശക്തമായി അപലപിച്ചു. സംഘാടകരുടെ പിടിപ്പുകേടിന് ചെയർപേഴ്‌സണെതിരെ ആരോപണം ഉന്നയിച്ചത് ശരിയായ നടപടി അല്ലെന്നു ലീനാ സണ്ണിയും പറഞ്ഞു. ആരോപണങ്ങളിൽ കഴമ്പൊന്നുമില്ലെന്ന് എല്ലാവർക്കും അറിയാമല്ലോ മനുഷ്യന്‍റെ വാ മൂടിക്കെട്ടാൻ പറ്റുമോ എന്നായിരുന്നു ചെയർപേഴ്‌സൺ ബിജി ജോജോ ഇതേ കുറിച്ച് സഭയിൽ പ്രതികരിച്ചത്.


✍ സുനിൽ പാലാ



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K