25 October, 2019 04:55:27 AM


ചാമ്പ്യന്‍സ്‌ ലീഗ്‌: മുന്‍ ചാമ്പ്യന്‍മാരായ ബാഴ്‌സയ്‌ക്കും ലിവര്‍പൂളിനും ജയം; റെക്കോഡുമായി മെസി




പ്രാഗ്‌: ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ ഗ്രൂപ്പ്‌ മത്സരങ്ങളില്‍ മുന്‍ ചാമ്പ്യന്‍മാര്‍ക്കു മിന്നും ജയം. കരുത്തരായ ബാഴ്‌സലോണ 2-1 നു സ്ലാവിയ പ്രാഹയെയും ലിവര്‍പൂള്‍ 4-1 യെങ്കിനെയും ഇന്റര്‍ മിലാന്‍ 2-0 ത്തിനു ബോറുസിയ ഡോര്‍ട്ട്‌മുണ്ടിനെയും തോല്‍പ്പിച്ചു. മറ്റു മത്സരങ്ങളില്‍ നാപ്പോളി 3-2 നു സാല്‍സ്‌ബര്‍ഗിനെയും ബെനഫിക 2-1 ന്‌ ഒളിമ്പിക്‌ ലിയോണിനെയും തോല്‍പ്പിച്ചു.


ലിലിയും വലന്‍സിയയും തമ്മില്‍ നടന്ന മത്സരം 1-1 നു സമനിലയായി. സ്ലാവിയ പ്രാഹയുടെ സിനോബോ സ്‌റ്റേഡിയത്തില്‍ നടന്ന എഫ്‌ ഗ്രൂപ്പ്‌ മത്സരത്തില്‍ 2-1 നാണു ബാഴ്‌സ ജയിച്ചത്‌. കളിയുടെ 57-ാം മിനിറ്റില്‍ പീറ്റര്‍ ഒലായിന്‍കയുടെ സെല്‍ഫ്‌ ഗോളാണു ബാഴ്‌സയെ ജയത്തിലെത്തിച്ചത്‌. കളിയുടെ മൂന്നാം മിനിറ്റില്‍ ലയണല്‍ മെസിയിലൂടെ ബാഴ്‌സ മുന്നിലെത്തിയിരുന്നു. ചാമ്പ്യന്‍സ്‌ ലീഗില്‍ തുടര്‍ച്ചയായി 15 സീസണുകളില്‍ ഗോളടിക്കുന്ന ആദ്യ താരമെന്ന റെക്കോഡ്‌ അതോടെ മെസി സ്വന്തമാക്കി. ലീഡില്‍ കടിച്ചു തൂങ്ങിയതോടെ കളി മറന്ന ഏണസ്‌റ്റോ വാല്‍വര്‍ദെയുടെ ശിക്ഷ്യന്‍മാര്‍ 50-ാം മിനിറ്റില്‍ സമനില വഴങ്ങി. ബാഴ്‌സ പ്രതിരോധത്തെ കാഴ്‌ചക്കാരാക്കി യാന്‍ ബോറിലാണു ഗോളടിച്ചത്‌. ഏഴ്‌ മിനിറ്റുകള്‍ക്കു ശേഷം സെല്‍ഫ്‌ ഗോള്‍ വീണു.


ലയണല്‍ മെസിയുടെ ഫ്രീകിക്ക്‌ ഗോളാക്കാനുള്ള ലൂയിസ്‌ സുവാരസിന്റെ ശ്രമം തടയുന്നതിനിടെ ഒലായിന്‍ക സ്വന്തം പോസ്‌റ്റിലേക്കു പന്തടിച്ചു. ചാമ്പ്യന്‍സ്‌ ലീഗ്‌ സീസണില്‍ ബാഴ്‌സ നേടുന്ന ആദ്യ എവേ ജയമാണിത്‌. ജയത്തോടെ ഏഴ്‌ പോയിന്റ്‌ നേടിയ ബാഴ്‌സ ഏഴ്‌ പോയന്റുമായി ഒന്നാമതാണ്‌. ബോറുസിയ ഡോര്‍ട്ട്‌മുണ്ടിനെ തോല്‍പ്പിച്ച ഇന്റര്‍മിലാന്‍ നാല്‌ പോയിന്റുമായി രണ്ടാമതുണ്ട്‌. ലൗറ്റാറോ മാര്‍ട്ടിനസും അന്റോണിയോ കാന്‍ഡ്രീവയുമാണു ഗോളടിച്ചത്‌. ഇ ഗ്രൂപ്പ്‌ മത്സരത്തില്‍ അലക്‌സ് ഓക്‌സ്ലെഡ്‌ ചേമ്പര്‍ലെയ്‌ന്‍ നേടിയ ഇരട്ട ഗോളുകളും സാദിയോ മാനെ, മുഹമ്മദ്‌ സല എന്നിവരുടെ ഓരോ ഗോളുകളുമാണു യെങ്കിനെതിരേ ലിവര്‍പൂളിനെ ജയിപ്പിച്ചത്‌. 


സാല്‍സ്‌ബര്‍ഗിനെ തോല്‍പ്പിച്ച നാപ്പോളി ഏഴ്‌ പോയിന്റുമായി ഒന്നാമതാണ്‌. ഒരു പോയിന്റിനു പിന്നിലായ ലിവര്‍പൂള്‍ രണ്ടാമതാണ്‌. ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളില്‍ റയല്‍ മഡ്രിഡ്‌, മാഞ്ചസ്‌റ്റര്‍ സിറ്റി, ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍, പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌ന്‍, അത്‌ലറ്റിക്കോ മാഡ്രിഡ്‌ എന്നിവര്‍ കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ ജയിച്ചു. തുര്‍ക്കിയില്‍നിന്നുള്ള ഗളേസത്‌റെയെ എതിരില്ലാത്ത ഒരു ഗോളിനാണ്‌ റയാല്‍ തോല്‍പ്പിച്ചത്‌. ടോണി ക്രൂസാണ്‌ ഗോളടിച്ചത്‌. തോറ്റാല്‍ കോച്ച്‌ സിനദില്‍ സിദാനെ നീക്കിയേക്കുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മയോര്‍ക്കയ്‌ക്കെതിരേ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്റെ ഞെട്ടലിലാണ്‌ റയാല്‍ അഗ്നിപരീക്ഷയ്‌ക്ക് ഇറങ്ങിയത്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K