08 April, 2020 12:43:27 PM


സ്പെയിനിൽ കാർ പാർക്കിംഗ് ഏരിയകൾ ശവപ്പെട്ടികളാൽ നിറഞ്ഞു; മരണം 14,000 കവിഞ്ഞു



മാഡ്രിഡ്: കോവിഡ് മരണനിരക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നായ സ്പെയിനിൽ കാർ പാർക്കിംഗ് ഏരിയകൾ ശവപ്പെട്ടികളാൽ നിറഞ്ഞു.  ഇതുവരെ 14,045 പേരാണ് സ്പെയിനിൽ രോഗം ബാധിച്ച് മരിച്ചത്. സമ്പൂര്‍ണ ലോക്ഡൗണിലാണ് രാജ്യം. അത്യാവശ്യസര്‍വീസുകളല്ലാതെ മറ്റൊന്നും പ്രവര്‍ത്തിക്കുന്നില്ല. ഇപ്പോഴത്തെ ദുരന്തസാഹചര്യത്തില്‍ ശവപ്പെട്ടികളാണ് അവശ്യ വസ്തുക്കളിലൊന്ന്. ശവപ്പെട്ടികള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ മാത്രമാണ് തടസമില്ലാതെ നിര്‍ബാധം പ്രവര്‍ത്തിക്കുന്നത്.


മരുന്ന് നിര്‍മാണത്തിനും ഊര്‍ജോല്‍പാദനത്തിലും മുന്‍പന്തിയിലുള്ള രാജ്യമാണ് സ്പെയിന്‍. എന്നാൽ മറ്റെല്ലാ ഫാക്ടറികളും ലോക്ഡൗണിലായിട്ടും ശവപ്പെട്ടികള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ ഉല്‍പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കുകയാണ്. ദിവസേന ഉണ്ടായിരുന്ന ഉല്‍പാദനത്തേക്കാള്‍ എട്ടും പത്തും മടങ്ങ് വർധനയാണ് ഇപ്പോഴുള്ളത്. മരണനിരക്കില്‍ നേരിയ കുറവുവരുന്നുണ്ടെങ്കിലും ആശ്വാസതീരമണയാന്‍ സ്പെയിന്‍ ഇനിയുമേറെ പ്രയത്നിക്കണം. ഒന്നരലക്ഷത്തോളം പേർക്കാണ് സ്പെയിനിൽ രോഗം സ്ഥിരീകരിച്ചത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K