09 April, 2020 09:16:46 AM


വൈറസിനെ രാഷ്​ട്രീയവല്‍ക്കരിക്കുന്നത്​ നിര്‍ത്തു; ട്രംപിനോട്​ ലോകാരോഗ്യസംഘടന




ജനീവ: അമേരിക്കന്‍​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപി​ന്‍റെ വിമര്‍ശനങ്ങള്‍ക്ക്​ മറുപടിയുമായി ലോകാരോഗ്യസംഘടന. വൈറസിനെ രാഷ്​ട്രീവല്‍ക്കരിക്കരുതെന്ന്​ ലോകാരോഗ്യസംഘടന ഡയറക്​ടര്‍ ജനറല്‍ ടെഡ്രോസ്​ അദാനം ഗീബ്രിസുയസ്​ പറഞ്ഞു. ജനങ്ങളെ രക്ഷിക്കുക എന്നതിനാവണം രാഷ്​ട്രീയ പാര്‍ട്ടികള്‍ പ്രഥമ പരിഗണന നല്‍കേണ്ടത്​. വൈറസിനെ രാഷ്​ട്രീയവല്‍ക്കരിക്കരുത്​. ഈ സമയത്ത്​ രാഷ്ട്രീയം പറയുന്നത്​ തീ കൊണ്ട്​ കളിക്കുന്നതിന്​ തുല്യമാണെന്നും​ ടെഡ്രോസ്​ വ്യക്​തമാക്കി.


ലോകാരോഗ്യസംഘടനക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡോണള്‍ഡ്​ ട്രംപ്​ രംഗത്തെത്തിയിരുന്നു. സംഘടനയ്ക്ക് ചൈനാ പക്ഷപാതമുണ്ടെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അമേരിക്കയുടെ പരാതികള്‍ കേട്ടില്ലെന്നുമായിരുന്നു ആരോപണം. ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കേണ്ട പണം നിര്‍ത്തിവയ്ക്കുമെന്നും ട്രംപ് ഭീഷണി ഉയര്‍ത്തിയിരുന്നു. ഡബ്ല്യുഎച്ച്‌ഒയിലേക്ക് ഏറ്റവും കൂടുതല്‍ തുക നല്‍കുന്ന രാജ്യമാണ് അമേരിക്ക. 5.8 കോടി ഡോളറാണ് അമേരിക്ക നല്‍കുന്നത്. ചില സമയങ്ങളില്‍ ഈ തുകയില്‍ കൂടുതല്‍ നല്‍കാറുണ്ടെന്നും ട്രംപ് പറഞ്ഞു.


ഡബ്ല്യുഎച്ച്‌ഒയുടെ കോവിഡ് ഫണ്ട് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നറിയാന്‍ സെനറ്റംഗവും വിദേശകാര്യ സമിതി അധ്യക്ഷനുമായ ജിം റിഷ്ച്ച്‌ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മഹാമാരിയുടെ പേരില്‍ ചൈനയ്ക്ക് ഡബ്ല്യുഎച്ച്‌ഒ അധ്യക്ഷന്‍ നിലപാടെടുക്കണം എന്നാണ് യുഎസ് ആവശ്യം. അമേരിക്കയിലെ ഇരുപാര്‍ടികളും ടെഡ്രോസിന്റെ രാജി ആവശ്യപ്പെടുന്നുണ്ട്. രാജി വയ്ക്കുന്നില്ലെങ്കില്‍ ഫണ്ട് നല്‍കേണ്ട എന്ന നിലപാടിലാണിവര്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K