16 April, 2020 12:31:56 AM


ഷാർജയിൽ കടുത്ത നിയന്ത്രണം: തൊഴിലാളികൾക്ക് യാത്രാ വിലക്ക്; മാസ്ക് നിര്‍ബന്ധമാക്കി



ഷാർജ: ഷാർജയിൽ നിന്ന് മറ്റ് എമിറേറ്റുകളിലേക്കുള്ള തൊഴിലാളികളുടെ യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കുലര്‍ പുറത്തിറക്കി. കൊവിഡ് 19 വ്യാപനത്തിനെതിരായ ജാഗ്രാതാ നടപടികളുടെ ഭാഗമായാണ് നിയന്ത്രണം. എമിറേറ്റിന് പുറത്തേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. അതുപോലെ മറ്റ് എമിറേറ്റുകളില്‍ നിന്നുള്ള തൊഴിലാളികളെ ഷാർജയിലേക്ക് കൊണ്ടുവരുന്നതിനും വിലക്കേര്‍പ്പെടുത്തി. പുതിയ സര്‍ക്കുലര്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.


കഴിഞ്ഞ ദിവസം അബുദാബിയിലും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അബുദാബിക്ക് പുറത്തുനിന്നുള്ള തൊഴിലാളികളെ എമിറേറ്റിലേക്ക് കൊണ്ടുവരരുതെന്നും ഇപ്പോഴുള്ള തൊഴിലാളികളെ എമിറേറ്റിന് പുറത്തേക്ക് കൊണ്ടുപോകരുതെന്നുമായിരുന്നു നിര്‍ദേശം. ഇത് ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ തൊഴിലാളികളും മാസ്ക് നിർബന്ധമായും ധരിക്കണം. മറ്റൊരാളിൽ നിന്ന് രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

ചില സ്ഥാപനങ്ങൾക്ക് സർക്കുലറിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഷാർജ ഇക്കണോമിക് ഡെവലപ്മെന്റ് വിഭാഗം ചെയർമാൻ സുൽത്താൻ അബ്ദുള്ള ബിൻ ഹദ്ദ അൽ സുവൈദി അറിയിച്ചു. ശുചീകരണം, ഭക്ഷണോൽപാദനം, സുരക്ഷാ വിഭാഗം എന്നിവ ഉൾപ്പെടെയുള്ളവക്കാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ സാഹചര്യത്തിൽ വാഹനങ്ങളിൽ ആകെ യാത്ര ചെയ്യാവുന്നതിൽ പകുതിയോളം പേർ മാത്രമേ യാത്ര ചെയ്യാവൂവെന്നും നിർദേശമുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K