16 April, 2020 12:43:30 AM


കോവിഡ് പ്രതിരോധം: ബാൽക്കണിയിൽ നിന്ന് ദേശീയഗാനം ആലപിക്കാൻ യുഎഈ നിർദേശം



ദുബായ്: കോവിഡ് 19 വൈറസ് വ്യാപനത്തിനെതിരെ പോരാടുന്നതിന്‍റെ ഭാഗമായി ദേശീയ ഗാനം ആലപിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരണമെന്ന് യുഎഇ. ജനങ്ങള്‍ക്കിടയില്‍ മനോവീര്യം വർധിപ്പിക്കുന്നതിന് 'ടുഗെദര്‍ വി ചാന്റ് ഫോര്‍ യുഎഇ' എന്ന പരിപാടിയ്ക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ് അധികൃതര്‍. ബുധനാഴ്ചയും വെള്ളിയാഴ്ചയും രാത്രി 9 മണിക്ക് യുഎഇ ദേശീയഗാനം എല്ലാവരും അവരവരുടെ ബാല്‍ക്കണിയില്‍ നിന്ന് ആലപിക്കണമെന്നാണ് നിര്‍ദേശം. യുഎഇയിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവർക്കും ഭരണാധികാരികൾക്കും അഭിനന്ദനം അർപ്പിക്കുകയാണ് ലക്ഷ്യം. ജനങ്ങളില്‍ സന്തോഷവും പ്രതീക്ഷയും പകരുന്നതിനായി എല്ലാവരും ദേശീയഗാനം ആലപിക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കണമെന്നും നിര്‍ദേശമുണ്ട്.


പ്രവാസികൾ അവരുടെ വീടുകളുടെ ബാൽക്കണിയിൽ നിന്നും ജനലുകളിൽ നിന്നും യുഎഇയുടെ ദേശീയഗാനം ആലപിക്കുന്നത് കേട്ടപ്പോൾ വികാരാധീനനായെന്നാണ് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞത്. "യുഎഇ ഞങ്ങളുടെ പൗരന്മാരെയും ഞങ്ങളുടെ മണ്ണിൽ താമസിക്കുന്നവരെയും കുറിച്ച് അഭിമാനിക്കുന്നു. അവർ (താമസക്കാർ) ഞങ്ങളുടെ വ്യക്തിത്വവുമായി ചേർന്നുനിൽക്കുന്നതിൽ അഭിമാനിക്കുന്നു. പ്രവാസികൾ യുഎഇയുടെ ദേശീയഗാനം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചൊല്ലുന്നത് കേട്ടപ്പോൾ ഞാൻ കണ്ണീർ വാർത്തു. ദേശീയ അണുനശീകരണ പദ്ധതി രാജ്യവ്യാപകമായി നടക്കുന്നുണ്ട്''- ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K