20 April, 2020 11:05:05 AM


ലോക്ക് ഡൗൺ ലംഘിച്ച് മതപണ്ഡിതന്റെ സംസ്കാര ചടങ്ങില്‍ ഒരു ലക്ഷത്തോളം പേർ



ധാക്ക: ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് ബംഗ്ലാദേശിൽ ഇസ്ലാമിസ്റ്റ് പാർട്ടിയിലെ മുതിർന്ന നേതാവും മതപണ്ഡിതനുമായ മൗലാന സുബൈർ അഹമ്മദ് അന്‍സാരിയുടെ സംസ്കാര ചടങ്ങുകൾക്ക് ആളുകൾ ഒത്തു കൂടിയത് ആശങ്ക ഉയർത്തുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ബ്രഹ്മൻബാരിയ ജില്ലയിലായിരുന്നു സംഭവം. ഒരു ലക്ഷത്തോളം ആളുകളാണ് ഒത്തു കൂടിയത്. 


കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളുള്ള രാജ്യത്ത് പ്രാര്‍ഥനയ്ക്കായി അഞ്ചിൽ കൂടുതൽ ആളുകള്‍ ഒത്തു ചേരുന്നതിന് പോലും വിലക്കുണ്ട്. എന്നാൽ എല്ലാ നിയന്ത്രണങ്ങളും മറികടന്നാണ് സംസ്കാര ചടങ്ങിൽ ഇത്രയധികം ആളുകൾ പങ്കെടുത്തത്. അടുത്ത പ്രദേശങ്ങളില്‍ നിന്നു പോലും കാൽനടയായി എത്തി പതിനായിരക്കണക്കിന് ആളുകൾ മൗലാനയുടെ അന്തിമ ചടങ്ങിൽ പങ്കെടുത്തുവെന്നാണ് ഇസ്ലാമിസ്റ്റ് പാർട്ടി ജോയിന്‍റ് സെക്രട്ടറി ജനറൽ മുഹമ്മദ് മംനുൽ ഹഖ് പറഞ്ഞത്.

ഇത്രയധികം ആളുകൾ ചടങ്ങിൽ പങ്കെടുത്തുവെന്ന കാര്യം പൊലീസും പ്രധാനമന്ത്രിയുടെ സ്പെഷ്യൽ അസിസ്റ്റന്‍റ് ഷാ അലി ഫര്‍ഹദും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്രയും ആളുകള്‍ ഒരുമിച്ചെത്തിയതിനാൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിനും കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. കോവിഡ് വ്യാപന ഭീതിയിലുള്ള രാജ്യത്ത് ഈ ചടങ്ങ് മൂലം രോഗം വീണ്ടും വ്യാപിക്കുമോയെന്ന ഭയത്തിലാണ് ഭരണാധികാരികൾ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K