26 April, 2020 12:12:04 PM


പ്രവാസികളുടെ മൃതദേഹങ്ങൾ ഇന്ത്യ മടക്കി അയച്ചു; ഞെട്ടല്‍ രേഖപ്പെടുത്തി യുഎഇയിലെ ഇന്ത്യൻ അംബാസഡർ



അബുദാബി: ഇന്ത്യയിലേക്കയച്ച പ്രവാസികളുടെ മൃതദേഹങ്ങൾ മടക്കി അയച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കുമാർ. ഇരുപത്തിമൂന്നുകാരനായ യുവാവിന്റെ ഉൾപ്പെടെ മൂന്ന് മൃതദേഹങ്ങളാണ് വിമാനത്തിൽ നിന്ന് ഇറക്കുക പോലും ചെയ്യാതെ അധികൃതര്‍ മടക്കി അയച്ചതെന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.


കമലേഷ് ഭട്ട് (23), സഞ്ജീവ് കുമാർ, ജഗ്സിർ സിംഗ് എന്നിവരുടെ മൃതദേഹങ്ങളാണ് ദില്ലി എയര്‍പോർട്ടിൽ നിന്ന് അബുദാബിയിലേക്ക് മടക്കി അയച്ചത്. ഇതിൽ കമലേഷ് ഭട്ട് ഇക്കഴിഞ്ഞ ഏപ്രിൽ 17നാണ് ഹൃദയാഘാതം മൂലം മരിച്ചത്. മറ്റു രണ്ടു പേരുടെയും മരണം സംഭവിച്ചത് ഏപ്രിൽ 13നും. എത്തിഹാദ് എയർവേയ്സിന്റെ വിമാനത്തിലാണ് ഭട്ടിന്റെ മൃതദേഹം എത്തിച്ചത്. ബന്ധുക്കൾ ശരീരം ഏറ്റുവാങ്ങാനെത്തുകയും ചെയ്തിരുന്നു. കോവിഡ് ബാധിത മരണം അല്ലാതിരുന്നിട്ട് കൂടി ഇവരുടെ മൃതദേഹങ്ങൾ മടക്കി അയച്ച നടപടിയിൽ ഞെട്ടൽ അറിയിച്ചു കൊണ്ടായിരുന്നു ഇന്ത്യൻ അംബാസഡറുടെ പ്രതികരണം.

'ശരിക്കും ഞെട്ടലുണ്ടാക്കിയ സംഭവമാണ് നടന്നത്.. കൊറോണ വൈറസ് കാരണമുള്ള നിയന്ത്രണങ്ങൾ മൂലമാണോ മൃതദേഹങ്ങൾ മടക്കി അയച്ചതെന്ന് അറിയില്ല.. പക്ഷെ കോവിഡ് 19 ബാധിച്ച് മരിച്ച ആരുടെയും മൃതദേഹങ്ങൾ ഇവിടെ നിന്നും നാട്ടിലേക്ക് അയക്കില്ലെന്നത് തീർച്ചയായ കാര്യമാണ്.. എയർപോർട്ടിലെ പുതിയ ചില ചട്ടങ്ങൾ കാരണമാണ് മൃതദേഹങ്ങൾ മടക്കി അയച്ചതെന്നാണ് മനസിലാക്കാൻ കഴിയുന്നത്. എന്തായാലും പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്' എന്നായിരുന്നു യുഎഇയിലെ ഇന്ത്യൻ അംബാസഡറുടെ പ്രതികരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K