30 June, 2021 05:44:28 PM


ഹരിത വഴിയില്‍ അനുപമ മുന്നോട്ട്; മുണ്ടക്കയത്ത് 64 വാര്‍ഡുകളില്‍ പച്ചത്തുരുത്തുകള്‍



കോട്ടയം: ജില്ലാ പഞ്ചായത്ത് അംഗമെന്ന നിലയിലും ഹരിത വഴിയില്‍തന്നെയാണ് അനുപമയുടെ യാത്ര. ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണായി മൂന്നു വര്‍ഷം പ്രവര്‍ത്തിച്ചതിന്‍റെ അനുഭവ സമ്പത്തുമായി ജനപ്രതിനിധിയായ പി.ആര്‍ അനുപമയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിലെ 64 ഗ്രാമപഞ്ചായത്തു വാര്‍ഡുകളിലും പച്ചത്തുരുത്തുകള്‍ ഒരുങ്ങുകയാണ്.


പൂഞ്ഞാര്‍ തെക്കേക്കര, പാറത്തോട്, കൂട്ടിക്കല്‍, മുണ്ടക്കയം, കോരുത്തോട്, തീക്കോയി, പൂഞ്ഞാര്‍ ഗ്രാമ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും മുപ്പതോളം ഇനം വൃക്ഷങ്ങളുടെ തൈകൾ നട്ടു വളർത്താന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക് ഇന്ന്(ജൂലൈ 1) തുടക്കം കുറിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. 


ഇന്നു രാവിലെ 10.30ന്   തദ്ദേശ സ്വയം ഭരണ, ഗ്രാമവികസന വകുപ്പ്  മന്ത്രി എം.വി ഗോവിന്ദന്‍  ഓൺലൈനില്‍ ഉദ്ഘാടനം നിർവ്വഹിക്കും.  അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍  എം.എല്‍.എ മുണ്ടക്കയം ദേവയാനം ശ്മശാനത്തില്‍ തൈ നട്ട് പദ്ധതിക്ക് തുടക്കം കുറിക്കും.


ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല ജിമ്മി അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു സെബാസ്റ്റ്യന്‍, ഹരിതകേരളം മിഷന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ എസ്. ഇന്ദു, ഹരിതകേരളം മിഷന്‍ കൺസൾട്ടൻ്റുമാരായ ടി. പി. സുധാകരന്‍, യു.എസ്. സഞ്ജീവ്, സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്‍റ് കണ്‍സര്‍വേറ്റര്‍ ഡോ. ജി. പ്രസാദ്, ദാരിദ്ര ലഘൂകരണ നിവാരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍  പി. എസ്. ഷിനോ,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, അസിസ്റ്റന്‍റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ജി. അനീസ്, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേശ് എന്നിവര്‍ സംസാരിക്കും. 


ജില്ലാ പഞ്ചായത്തംഗം  പി. ആര്‍. അനുപമ സ്വാഗതവും മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്‍റ് രേഖ ദാസ് നന്ദിയും പറയും. ജനപ്രതിനിധികളുടെയും തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹിക വനവല്‍ക്കരണ വിഭാഗം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, ഹരിതകേരളം മിഷന്‍, സന്നദ്ധ സംഘടനകൾ , യുവജന സംഘടനകൾ എന്നിവയുടെയും സഹകരണത്തോടെയാണ്  പദ്ധതി നടപ്പാക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K