28 November, 2021 04:00:49 PM


'സമം' വനിതാ ചിത്രകലാക്യാമ്പ് 30ന് സമാപിക്കും; വനിതാരത്നങ്ങൾക്ക് ആദരം
കോട്ടയം: സ്ത്രീ സമത്വ ആശയപ്രചാരണത്തിനായി സംഘടിപ്പിക്കുന്ന സമം പരിപാടിയുടെ ഭാഗമായി ലളിതകലാ അക്കാദമി കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടത്തുന്ന വനിതാ ചിത്രകലാ ക്യാമ്പ് നവംബർ 30ന് സമാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന സമാപന സമ്മേളനത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ആദരിക്കും. ഗായിക വൈക്കം വിജയലക്ഷ്മി, നടിയും സഹസംവിധായകയും വസ്ത്രാലങ്കാരത്തിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേത്രിയുമായ സബിത ജയരാജ്, തബല വാദക രത്നശ്രീ അയ്യർ, 104 -ാം വയസിൽ സാക്ഷരത മികവുത്സവത്തിൽ വിജയിച്ച അക്ഷരമുത്തശി കുട്ടിയമ്മ കോന്തി, നർത്തകി ഭവാനി ചെല്ലപ്പൻ, ദേശീയ ദിന്നശേഷി പുരസ്കാര ജേത്രി രശ്മി മോഹൻ എന്നിവരെയാണ് ആദരിക്കുക.

സമാപന സമ്മേളനം നടി മിയ ജോർജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മലാ ജിമ്മി അധ്യക്ഷയാകും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ കളക്ടർ പി.കെ. ജയശ്രീ, ജില്ല പൊലീസ് മേധാവി ഡി. ശിൽപ, ലളിതകല അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, നിർവാഹക സമിതിയംഗം ബാലമുരളീകൃഷ്ണൻ, സെക്രട്ടറി പി.വി. ബാലൻ എന്നിവർ പങ്കെടുക്കും. വിദ്യാർഥിനികൾക്കായി സംഘടിപ്പിച്ച ത്രിദിന ചിത്രകലാ പഠനകളരിയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്യും.

നിറങ്ങളിലാറാടി വിദ്യാർഥിനികൾ;
ചിത്രകലാ കളരി സമാപിച്ചു

സമം പരിപാടിയുടെ ഭാഗമായി ലളിതകലാ അക്കാദമി വിദ്യാർഥിനികൾക്കായി നടത്തിയ ത്രിദിന ചിത്രകലാ പഠന കളരി സമാപിച്ചു. ചിത്രം വരയ്ക്കാനും ചായക്കൂട്ടുകളൊരുക്കാനും വിദഗ്ധരായ വനിത ചിത്രകലാകൃത്തുക്കളിൽനിന്ന് പരിശീലനം നേടാനായത് സന്തോഷകരമാണെന്ന് എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി അഞ്ജന റെജി പറഞ്ഞു. മൂന്നുദിവസം കൊണ്ട് വൈവിധ്യമാർന്ന ക്ലാസുകൾ ലഭിച്ചതായി ആൻ എൽസ തോമസ് പറയുന്നു. നിറങ്ങളും അവ ഉപയോഗിക്കേണ്ട രീതികളുമൊക്കെ കണ്ടും കേട്ടും പഠിച്ചപ്പോൾ ഇനി സ്വന്തം ചിത്രങ്ങൾ കൂടുതൽ മനോഹരമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് സി.എ. നിരഞ്ജന. 

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ നിന്നുള്ള 40 വിദ്യാർഥിനികളാണ് പഠന കളരിയിൽ പങ്കെടുത്തത്. വിദ്യാർഥികൾക്കാവശ്യമായ പെൻസിൽ, പേപ്പർ, വാട്ടർ കളർ എന്നിവ അക്കാദമിയാണ് നൽകിയത്. കുട്ടികളുടെ ഉള്ളിലുള്ള കലയെ പുറത്തെടുക്കുന്ന രീതിയിലുള്ള പരിശീലന രീതിയാണ് അവലംബിച്ചതെന്ന് പാലക്കാട് കാപ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ചിത്രകലാ അധ്യാപിക എൻ.എം. വാണി പറഞ്ഞു. മുതിർന്ന വനിത കലാകൃത്തുക്കൾ പങ്കുവച്ച അനുഭവങ്ങൾ കേൾക്കാനും വിദ്യാർഥിനികൾക്ക് അവസരം ലഭിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K