19 February, 2022 12:17:21 PM


സ്വപ്ന സുരേഷിന്‍റെ നിയമനം റദ്ദാക്കും; ജോലി നല്‍കിയത് നിയമവിരുദ്ധമായി - ചെയർമാൻ



തൊടുപുഴ: പുതിയ ജോലിയില്‍ പ്രവേശിച്ചതിനു പിന്നാലെ സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ നിയമനം റദ്ദാക്കാന്‍ തീരുമാനം. ബി.ജെ.പി. നേതാവ് നേതൃത്വം നല്‍കുന്ന ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി (എച്ച്.ആര്‍.ഡി.എസ്) എന്ന എന്‍.ജി.ഒയിലാണ് സ്വപ്ന സുരേഷിന് നിയമനം ലഭിച്ചത്.

എച്ച്.ആര്‍.ഡി.എസിന്റെ തൊടുപുഴ ഓഫീസില്‍ എത്തി സ്വപ്ന ജോലിയില്‍ പ്രവേശിച്ചിരുന്നു. സ്വപ്നയ്ക്ക് ജോലി നല്‍കിയത് നിയമ വിരുദ്ധമാണെന്നും തനിക്കോ ബോര്‍ഡിനോ ഇതില്‍ പങ്കില്ലെന്നും എച്ച്.ആര്‍.ഡി.എസിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ചെയര്‍മാനും ബിജെപി നേതാവുമായ എസ്. കൃഷ്ണകുമാര്‍ പറഞ്ഞു.

സ്വപ്നയുടെ നിയമനം റദ്ദാക്കുകയാണെന്നും ശമ്പളം നല്‍കിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചു പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. എച്ച്.ആര്‍.ഡി.എസ്. സെക്രട്ടറി അജി കൃഷ്ണനാണ് നിയമനത്തിനു പിന്നിലെന്നും അവരുടെ നിയമനത്തിന് ബോര്‍ഡിന്റെയോ ചെയര്‍മാന്റെയോ അംഗീകാരം ലഭിച്ചിട്ടില്ലെന്നും കൃഷ്ണകുമാര്‍ പറയുന്നു.

അജികൃഷ്ണനെതിരായി കേരള രജിസ്ട്രാര്‍ ഓഫ് സൊസൈറ്റീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ പകര്‍പ്പ് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, പോലീസ് മേധാവി, പാലക്കാട് കളക്ടര്‍ എന്നിവര്‍ക്ക് അയച്ചിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K