21 March, 2022 05:48:47 PM


കെ റെയില്‍ കല്ല് കല്ലായി പുഴയില്‍ എറിഞ്ഞു; ചോറ്റാനിക്കരയിലും കൊല്ലത്തും ഉള്‍പ്പെടെ പ്രതിഷേധം



കോഴിക്കോട്: കെ റെയിൽ പ്രതിഷേധം കോഴിക്കോടും ചോറ്റാനിക്കരയിലും കൊല്ലത്തും കണ്ണൂരിലും ഉള്‍പ്പെടെ കേരളത്തിന്‍റെ വിവിധപ്രദേശങ്ങളില്‍ ശക്തമായി. കോഴിക്കോട് കല്ലായിയിൽ സർവേ തടഞ്ഞ പ്രതിഷേധക്കാര്‍ കെ-റെയില്‍ കല്ല് സമരക്കാർ പിഴുത് സമീപത്തൂടെ പോകുന്ന കല്ലായി പുഴയിലെറിഞ്ഞു. ചോറ്റാനിക്കരയിലും ശക്തമായ പ്രതിഷേധമുണ്ടായി. കോട്ടയത്തും മലപ്പുറത്തും സമരക്കാർ ഉറച്ച നിലപാടിൽ നിന്നു. കണ്ണൂരിലും കൊല്ലത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സമരവുമായി രംഗത്തുണ്ടായി.


ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറും സംഘവും സ്ഥലത്ത് പ്രതിഷേധിച്ചു. മന്ത്രി സജി ചെറിയാനെതിരെ ഡിസിസി അധ്യക്ഷൻ പൊട്ടിത്തെറിച്ചു. വങ്കത്തരമാണ് സജി ചെറിയാൻ പറയുന്നത്, പിണറായി വിജയനും സിപിഎമ്മുമാണ് തീവ്രവാദികൾ, സമരത്തിൽ നിന്ന് പിന്മാറില്ലെന്നും പ്രവീൺ കുമാർ വ്യക്തമാക്കി. ഇവിടെ റവന്യൂ ഭൂമിയിൽ സ്ഥാപിച്ചതുള്‍പ്പെടെ കെ റെയിൽ കല്ലുകൾ പിഴുത് സമരക്കാർ കല്ലായി പുഴയിൽ ഇട്ടു. കോൺഗ്രസ് - ബിജെപി പ്രവർത്തകർ ചേർന്നാണ് കല്ല് പറിച്ചത്. സർവേ നിർത്താൻ നിർദേശം ഇല്ലെന്ന്  റവന്യു ഉദ്യോഗസ്ഥർ അറിയിച്ചു. തഹസിൽദാരെ ഉള്‍പ്പെടെ റവന്യൂ ഉദ്യോഗസ്ഥരെ ഉപരോധിച്ച സമരക്കാർ സർവേ നിർത്തി പിരിഞ്ഞു പോകണം എന്ന് ആവശ്യപ്പെട്ടു. 


എറണാകുളത്ത് ചോറ്റാനിക്കരയിൽ പ്രതിഷേധത്തിൽ അനൂപ് ജേക്കബ് എംഎൽഎയും ചേർന്നു. കോൺഗ്രസ് പ്രവർത്തകർ കല്ല് പിഴുതെറിഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് കല്ല് പിഴുതെറിഞ്ഞത്. ഇവിടെ നെൽപ്പാടത്ത് സ്ഥാപിച്ച കല്ലുകൾ നീക്കി. കല്ല് കൊണ്ടുവന്ന വാഹനം സമരക്കാർ നീക്കി. 


തിരുവനന്തപുരം ജില്ലയിൽ കെ റയിലിനായി ഇട്ടിരിക്കുന്ന എല്ലാ കല്ലുകളും പുഴുതുകളയുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് പറഞ്ഞു. കെ റെയിൽ കല്ലുകൾ ക്ലിഫ് ഹൗസിൽ കൊണ്ടിടുമെന്നും ഈ സമരം ചെയ്യുന്ന വനിതാ പ്രവർത്തകരെ തടയാനോ ഉപദ്രവിക്കാനോ പൊലീസ് ശ്രമിച്ചാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.


കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. അതിരുകല്ലുമായിട്ടായിരുന്നു മാർച്ച്. കല്ല് സ്ഥാപിക്കാൻ കളക്ട്രേറ്റിലേക്ക് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. തുടർന്ന് പോലീസുമായി നേരിയ തോതിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻറ് അരുൺ രാജ് ഉദ്ഘാടനം ചെയ്തു.


കണ്ണൂർ കളക്ട്രേറ്റിൽ കെ റെയിൽ കല്ലിടാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. കളക്ട്രേറ്റിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുറ്റി സ്ഥാപിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് ഉൾപെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പെരിമ്പായിക്കാട് കുഴിയാലപ്പടിയിൽ കെ റെയിൽ കല്ല് കൊണ്ടുവന്ന വാഹനത്തെ സമരപ്പന്തലാക്കി പ്രവർത്തകർ സമരം ചെയ്തു. വാഹനം മാറ്റാൻ അനുവദിക്കില്ലെന്ന് സമരസമിതി പ്രവർത്തകർ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K